Saturday, April 8, 2023

എലത്തൂരിന്റെ സ്വന്തം കോഴികഞ്ഞി

 

കോഴികഞ്ഞി പേരു പോലെത്തനെ ആശ്ചര്യകരമാണ് അതിന്റെ സ്വാദും. ഞാൻ പറഞ്ഞു വരുന്നത് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗ്രാമത്തിന്റെ സ്വന്തം കോഴികഞ്ഞിയെ പറ്റിയാണ്.  ബർമ്മയിൽ നിന്നും കേരളത്തിൽ എത്തിയ രുചിക്കൂട്ടാണ് കോഴി കഞ്ഞി അതിനാൽ ഇവിടുത്തുകാർ ഇതിനെ ബർമ്മാ കഞ്ഞി എന്നും വിളിക്കും. 

( ബർമ്മ നമ്മുടെ നാടിനു നൽകിയ സുകൃതമാണ് യു.എ ഖാദറിന്റെ എഴുത്തും പിന്നെ ഈ കോഴി കഞ്ഞിയും രണ്ടും കഴിച്ചു തുടങ്ങിയാൽ ഒട്ടും മടുപ്പ് അനുഭവപ്പെടില്ല😊) 

അരി, ഉലുവ, കോഴി, സവാള, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ജീരകം, പരിപ്പ്, തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന കൂട്ടുകൾ. പനി കാലത്തു പോലും കഞ്ഞി കഴിക്കാത്ത ഞാൻ കഴിഞ്ഞ ദിവസം കോഴി കഞ്ഞി വാങ്ങാൻ എലത്തൂരിലെത്തി. ആളുകൾ കഞ്ഞി വാങ്ങാനുള്ള ഒരുക്കത്തിലാണ്. കഞ്ഞിപാത്രവുമായി വരിയിൽ നിന്നു നല്ല ചൂടുള്ള കഞ്ഞി വാങ്ങി. ഔഷധ ഗുണമുള്ള ഈ കഞ്ഞി എത്ര കുടിച്ചാലും മതിവരില്ല എന്നത് തന്നെയാണ് ഈ കോഴി കഞ്ഞിയെ മറ്റുള്ള കഞ്ഞിയിൽ നിന്നും വ്യത്യസ്തമാക്കുന്നതും. 


 റംസാനിലെ നോമ്പ് കാലത്ത് എല്ലാ ദിവസവും വൈകീട്ട് അസർ നമസ്കാരത്തിന് ശേഷം എലത്തൂർ പള്ളിയിൽ വെച്ച് കോഴി കഞ്ഞി വിതരണമുണ്ട്. .

58 വർഷം മുമ്പ് ബർമയിലെ ജോലി അവസാനിപ്പിച്ച് എലത്തൂരിലെത്തിയ അച്ചാമ്പറമ്പത്ത് എ.പി.മുഹമ്മദ് ഹാജി തുടങ്ങിയ സൗജന്യ കോഴിക്കഞ്ഞി വിതരണം മക്കളിലൂടെ തുടരുകയാണ്. 

ഓരോ നാടിനും ഓരോ സുകൃതമുണ്ട് എലത്തൂരുകാരുടെ സുകൃതമാണ് കോഴിക്കഞ്ഞി. 

ഒരു അറുപത് വർഷം മുൻപാണെങ്കിൽ കോഴികഞ്ഞി കുടിക്കാൻ ബർമ്മ വരെ പോകേണ്ടി വന്നേനേ...

യു.എ ഖാദർ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഓർമ്മയിലെ  പഗോഡ വായിക്കാനും  കോഴി കഞ്ഞി ഒരിക്കലെങ്കിലും കഴിക്കാനും മറക്കല്ലേ...

✍️ ഫൈസൽ പൊയിൽക്കാവ്

Thursday, April 6, 2023

മരുഭൂമിയുടെ ആത്മകഥ

കാട് കടൽ മരുഭൂമി ഇതെല്ലാം പ്രകൃതിയിലെ അത്ഭുതങ്ങളാണ്.  മനുഷ്യന് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത എത്രയോ സമസ്യകൾ അവിടങ്ങളിൽ ഇനിയുമുണ്ട് ...

ആമസോൺ വനാന്തരങ്ങൾ, ബർമുഡ ട്രയാംഗിൾ , ഏറ്റവും ചൂട് അനുഭവപ്പെടുന്ന സഹാറ മരുഭൂമി 

( എല്ലാ മരുഭൂമിയും ചൂടല്ല . പക്ഷെ ഞാനടക്കമുള്ളവരുടെ പൊതുബോധം മരുഭൂമിയെല്ലാം ചൂട് ആണെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി തണുത്തുറഞ്ഞ അന്റാർട്ടിക്ക് മരുഭൂമിയാണെന്ന് എത്ര പേർക്ക് അറിയാം ) 

മരുഭൂമിയെ കുറിച്ച് മുസഫർ അഹമ്മദ് എഴുതിയ ' മരുഭൂമിയുടെ ആത്മകഥ ' എന്ന പുസ്തകം വായിച്ചില്ലെങ്കിൽ വായിക്കണം അപ്പോഴറിയാം മരുഭൂമി എന്താണെന്ന് .

" നിലാവ് വീണുകിടക്കുന്ന കള്ളിമുള്‍ച്ചെടിക്കൂട്ടത്തില്‍ നിന്ന്‍ അല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്‍ പോയി നിന്നു, പൊടുന്നനെ കള്ളിമുള്‍ച്ചെടികള്‍ ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്‍ നിവര്‍ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്‍ ചെടികളുടെ രോമങ്ങള്‍ ആണെന്ന പാഠം ആ രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും  ഉണ്ടാവണം.

മരുഭൂമിയുടെ ആത്മകഥ. മികച്ച യാത്രാവിവരണത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്.സൗദി അറേബ്യയിലെ മരുഭൂമികളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. എട്ട് വർഷങ്ങളിലായാണ് ഈ യാത്രകൾ നടത്തപ്പെട്ടിരിക്കുന്നത്.

ഈ വേനലവധി കാലത്ത് നമ്മുടെ കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് വി. മുസഫർ അഹമ്മദിന്റെ *മരുഭൂമിയുടെ ആത്മകഥ*


✍️ ഫൈസൽ പൊയിൽക്കാവ്




Saturday, April 1, 2023

ഏപ്രിൽ 1 ലോക വിഡ്ഢി ദിനം മാത്രമല്ല വാംഗാരി മാതായ് ജനിച്ച ദിനം കൂടിയാണെന്ന് നമ്മുടെ മക്കൾ അറിയണം .


 വാംഗാരി മാതായ്: പ്രകൃതിയുടെ കാവൽ മാലഖ'കറുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആ ഫ്രിക്കയെ പച്ചകുപ്പായം അണിയിച്ച ധീരവനിതയാണ് 'വാംഗാരി മാതായ്

1940 എപ്രിൽ 1-ന് കെനിയയിൽ ജനിച്ച ഈ നീഗ്രേ പെൺകുട്ടി നാടിന്റെ വിശപ്പകറ്റി' പ്രകൃതിസംരക്ഷത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കിയപ്പോൾ ചരിത്രത്തിൽ എഴുതപ്പെടാൻപേ കുന്ന പേരാക്കും തന്റെ എന്ന് അറിഞ്ഞില്ലാ 'സമാധനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയും പരിസ്ഥിതി പ്രവർത്തകയും ആണ് വാംഗാരി മാതായി

--------- ഗ്രീൻ ബെൽറ്റ് മുവ്മെന്റ്

- - - - ' സ്ത്രികൾ അടിച്ചമർത്തപ്പെട്ട കാലത്ത് തന്റെ നാട്ടിലെ സ്ത്രികളുടെ ദയനീയ സ്ഥിതി മാറ്റിയെടുക്കുന്നതിന് സാമ്പത്തിക സുരക്ഷയാണ് ആവശ്യമെന്ന് അവർ തിരിച്ചറിഞ്ഞു: അതിനായ് 1977-ൽ ഗ്രീൻ ബെൽറ്റ് മുവ്മെന്റ് എന്ന പദ്ധതിക്ക് അവർ രൂപം നല്കി,- കെനിയൻ സ്ത്രികളെ അതിൽ അണി ചോർക്കുകയും പദ്ധതി പ്രകരം പോളിത്തീൻ കൂടുകളിൽ വിത്തുകൾ പാകി മുളപ്പിച്ച് നാട്ടിലാകെ വിൽപന നടത്തുകയും തൈകൾ വളർന്ന് പുതിയൊരു വന സംസകാരം തീർക്കുകയും ചെയ്തു. വരും വർഷങ്ങളിൽ

ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വീട്ടിനും ചുറ്റും നമുക്കും ഒരു ഗ്രീൻ ബെൽറ്റ് തീർക്കാം...            ✍️ ഫൈസൽ പൊയിൽക്കാവ്. 



Courtesy: FB post 



Tuesday, March 28, 2023

ഇവനാണ് ആനറാഞ്ചി


കാണാൻ ചെറിയ ഈ പക്ഷിക്ക് ആരാണ് ഈ പേരിട്ടതെന്നറിയില്ല. രാവിലെ നടക്കാനിറങ്ങുമ്പോൾ ഇലക്ട്രിക് കമ്പികളിൽ ഇരുന്ന് ഉറക്കെ കരയുന്നത് കേൾക്കാം..  ഈ പക്ഷിയെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ഗൂഗിൾ ചെയ്തു.

ബ്ലാക്ക് ഡ്രോഗോ ( Black Drongo ) എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം . ഇതിന്റെ ഇംഗ്ലീഷ് പേരിൽ എവിടെയും ആന എന്നർത്ഥം വരുന്ന എലിഫെന്റിനെ കണ്ടില്ല...


  കൂടുതൽ അറിയാനുള്ള ജിഞ്ജാസ  കാരണം ഗൂഗിളിൽ ഒന്നു കൂടി തിരഞ്ഞു 

വലുപ്പത്തിൽ തന്നെക്കാൾ വലിയ പക്ഷികളെ തുരത്തിയോടിക്കാൻ കഴിവുണ്ടെന്നതാകാം ആനറാഞ്ചി എന്ന വിളിപ്പേരിന്റെ പുറകിൽ . പ്രകൃതിയിലെഒന്നാന്തരം മിമിക്രി ആർട്ടിസ്റ്റാണ് ഈ പക്ഷി.  മറ്റു പക്ഷികളെ അനുകരിക്കാൻ ഇവയ്ക്കുള്ള കഴിവ് അപാരമാണ്.

കാക്ക തമ്പുരാട്ടി , ഇരട്ടവാലൻ എന്നീ പേരുകളുമുണ്ട് ഈ പക്ഷിക്ക് .

നമ്മുടെ നാട്ടിൽ രാവിലെയും വൈകിട്ടും യഥേഷ്ടം ഈ പക്ഷിയെ കാണാറുണ്ട്.  യാന്ത്രികമായി ജീവിതം ജീവിച്ചു തീർക്കുമ്പോൾ  പ്രകൃതി നമുക്ക് വേണ്ടി ഒരുക്കിയ കാഴ്ചകൾ കാണാൻ മറക്കല്ലേ.  ഈ ഭൂമിയിൽ നമുക്ക് ഒരു ജീവിതമേയുള്ളു എന്ന തിരിച്ചറിവുണ്ടാകുക.


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, March 23, 2023

ചൂടുവെള്ളത്തിൽ വീണ തവളക്ക് എന്ത് സംഭവിക്കും?

 







ഒരു തവളയെ ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെള്ളം ചൂടാക്കാൻ തുടങ്ങുക. ജലത്തിന്റെ ഊഷ്മാവ് ഉയരാൻ തുടങ്ങുമ്പോൾ, തവള അതിന്റെ ശരീര താപനില അതിനനുസരിച്ച് ക്രമീകരിക്കുന്നു. ജലത്തിന്റെ വർദ്ധിച്ചുവരുന്ന താപനിലയ്‌ക്കൊപ്പം തവള അതിന്റെ ശരീര താപനില ക്രമീകരിക്കുന്നു. വെള്ളം തിളച്ചുമറിയുന്ന ഘട്ടത്തിൽ എത്തുമ്പോൾ, തവളയ്ക്ക് ഇനി ക്രമീകരിക്കാൻ കഴിയില്ല. ഈ സമയത്ത് തവള പുറത്തേക്ക് ചാടാൻ തീരുമാനിക്കുന്നു. തവള ചാടാൻ ശ്രമിക്കുന്നു, പക്ഷേ അതിന് അതിന് കഴിയുന്നില്ല, കാരണം ഉയരുന്ന ജലത്തിന്റെ താപനിലയുമായി പൊരുത്തപ്പെടുന്നതിൽ അതിന്റെ എല്ലാ ശക്തിയും നഷ്ടപ്പെട്ടു. അധികം താമസിയാതെ തവള മരിക്കുന്നു.എന്താണ് തവളയെ കൊന്നത്?
ആലോചിച്ചു നോക്കൂ! നമ്മളിൽ പലരും ചുട്ടുതിളക്കുന്ന വെള്ളം എന്ന് പറയുമെന്ന് എനിക്കറിയാം. എന്നാൽ തവളയെ കൊന്നത് എപ്പോൾ പുറത്തു ചാടണമെന്ന് തീരുമാനിക്കാനുള്ള സ്വന്തം കഴിവില്ലായ്മയാണ്. നാമെല്ലാവരും ആളുകളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടേണ്ടതുണ്ട്, എന്നാൽ എപ്പോൾ ക്രമീകരിക്കണം & എപ്പോൾ മുന്നോട്ട് പോകണം എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. സാഹചര്യത്തെ അഭിമുഖീകരിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയങ്ങളുണ്ട്. ശാരീരികമായോ, വൈകാരികമായോ, സാമ്പത്തികമായോ, ആത്മീയമായോ, മാനസികമായോ നമ്മളെ ചൂഷണം ചെയ്യാൻ ആളുകളെ അനുവദിച്ചാൽ അവർ അത് തുടരും. എപ്പോൾ ചാടണമെന്ന് നമുക്ക് തീരുമാനിക്കാം! ശക്തിയുള്ളപ്പോൾ നമുക്ക് ചാടാം.






Wednesday, March 22, 2023

നബയ്ത്തു യൗമഗദിന്‍



വീണ്ടും ഒരു റമദാൻ ആഗതമാവുന്നു. വിശപ്പ് സഹിച്ച് ഈ കൊടും ചൂടിൽ വിശ്വാസത്തെ മാറ്റുരച്ച് നോക്കുന്ന വിശ്വാസിക്ക് ഇത് ആത്മ വിശുദ്ധിയുടെ കാലം.. 

മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി എന്നു പഠിപ്പിച്ച പ്രവാചകൻ .. . ഒരു നൊയമ്പുകാരനെ ആർക്കും തിരിച്ചറിയാൻ കഴിയില്ല അവൻ പറയുന്നത് വരെ ... മനുഷ്യ മനസ്സ് അതി സങ്കീർണ്ണമാണ് പല തരം വികാര വിചാരങ്ങൾ അടക്കി വെച്ചിരിക്കുന്ന ഒരു ചെപ്പു കുടം.  ഒരു മനുഷ്യന്റെയും മനസ്സ് വായിക്കാൻ ഇത് വരെ ഒരു ആപ്പും ഇറങ്ങിയിട്ടില്ല എന്നത് വളരെ ആശ്വാസകരം.. ഭാവിയിൽ അങ്ങിനെ ഒരു ആപ്പ് തയ്യാറായാൽ മനുഷ്യന്റെ എല്ലാ കാപട്യങ്ങളും മറ നീക്കി പുറത്തു വരും..


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അരങ്ങു തകർത്തു തുടങ്ങി ... ഇനി മൈൻഡ് റീഡർ ആപ്പുകൾ കൂടി എത്തുന്ന കാലം അതി വിദൂരമല്ല...


പറഞ്ഞു വന്നത് നോമ്പിനെ പറ്റിയാണ് . നോമ്പുകാലത്ത് ഒരു തരത്തിലുമുള്ള നാട്യങ്ങളിലും കാര്യമില്ല... ആത്മ വിശുദ്ധി നേടുക എന്നത് തന്നെയാണ് പ്രധാനം.. 

അസ്സൗമുലി ( വ്രതം അത് എനിക്കുള്ളതാണ്) എന്ന ദൈവീക വചനം നമുക്ക് മറക്കാതിരിക്കാം..


എന്റെ വ്രതകാല ചിന്തകൾ തുടരും .. 


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, March 2, 2023

അറിയണം ചാറ്റ് ജി.പി. ടി ( Chat GPT) യെ



ഇന്ന് ലോകം ചാറ്റ് ജി. പി.ടിക്ക് പുറകെയാണ്. മനുഷ്യന് പകരം നിൽക്കാൻ കെൽപ്പുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ. മനുഷ്യന് മാത്രം സാധ്യമെന്ന് വിചാരിച്ചിരുന്ന സൃഷ്ടിപരത, സർഗ്ഗാത്മകത ഒരു കമ്പ്യൂട്ടറിലേക്ക് ആവാഹിക്കുകയാണ് ഈ ടെക്നോളജി.


 *ഇനി എന്താണ് ചാറ്റ് ജി. പി. ടി* 

കൃത്രിമ ബുദ്ധിയിൽ അധിഷ്ടിതമായ ഒരു ചാറ്റ് ബോട്ടാണ്  ഇത്. ബോട്ടെന്നാൽ റൊബോട്ടിക്ക് പ്രോഗ്രാം എന്നർത്ഥം. 2015 ൽ ഇ ലോൺ മസ്ക്, സാം ആൾട്ട് മാൻ എന്നിവർ ചേർന്ന് സ്ഥപിച്ച ഓപ്പൺ എ. ഐ ( Open AI ) എന്ന ഗവേഷണ കമ്പനിയുടേതാണ് ചാറ്റ് GPT ( Generative Pre-trained Transformer).

വൈജ്ഞ്ഞാനിക വിശകലനം ( Cognitive Analysis) സാധ്യമാവും എന്നതാണ് ചാറ്റ് ജി.പി. ടി യുടെ പ്രത്യേകത.


ചാറ്റ് ജി.പി. ടി യുടെ അടിസ്ഥാനം ന്യൂറൽ നെറ്റ്വർക്കുകളാണ്  . അതിനാൽ മനുഷ്യന് മാത്രം സാധിച്ചിരുന്ന നാച്ചുറൽ ലാംഗേജ് പ്രൊസ്സസ്സിങ് ( NLP ) ഇവയ്ക്ക് സാധ്യമാവുന്നു. 


ചാറ്റ് ജി.പി. ടി യെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ആൽഗോരിതമാണ് *ട്രാൻസ്ഫോർമർ* ചാറ്റ് ജി.പി ടി യോട് ഒരു കവിത രചിക്കാൻ ആവശ്യപ്പെട്ടാൽ ഞ്ഞൊടിയിടയിൽ കവിത റെഡി. ചാറ്റ് ജി.പി. ടി യോട് യാത്രാ വിവരണം എഴുതാൻ പറഞ്ഞാലും സ്ഥിതി മറ്റൊന്നല്ല ( എന്റെ യാത്രാ വിവരണ കുറിപ്പുകൾ ഞാൻ തന്നെ എഴുതുന്നതാണേ..😃 )

ഇനി പി.എച്ച്. ഡി ക്ക് ആവശ്യമായ തീസിസ് എഴുതാൻ ആവശ്യപ്പെട്ടാലും

ചാറ്റ് ജി.പി. ടി അത് ചെയ്യും. 

ഏതായാലും ഒരു കാര്യം ഉറപ്പാണ് വരും നാളുകളിൽ ചാറ്റ് ജി. പി.ടി നമ്മുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കും എല്ലാ അർത്ഥത്തിലും ....


Try https://openai.com/


✍️ *ഫൈസൽ പൊയിൽക്കാവ്*

Google