Tuesday, March 15, 2022

അഗസ്ത്യ ചീര

 പാലിൽ ഉള്ളതിനേക്കാൾ ഇരട്ടി vitamin A യും vitamin  b  യും അടങ്ങിയിട്ടുണ്ട് ഇതിന്റെ പൂവും ഇലകളും കറി വയ്ക്കാൻ നല്ലതാണ് വളരെ ഔഷധഗുണങ്ങൾ ഉള്ളതും ആന്റി ഓക്സിജൻ   അടങ്ങിയിട്ടുള്ളതു മാണ്

 ഇതിന്റെ വേരും ഇലകളും തൊലിയും ഇളം കായും വളരെ ഔഷധഗുണമുള്ളതാണ് ചെറുതിലെ തന്നെ ഇത് പൂക്കും.











ഗുണങ്ങൾ

  • ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.
  • പൂവിൽ ജീവകം ബി, സി.
  • വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം.
  • ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്.
  • ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം.

Saturday, March 12, 2022

My Travel Diary - Kadalundi

കടലും പുഴയും അതിരിടുന്ന കടലുണ്ടി പക്ഷിസങ്കേതം. കോഴിക്കോട് ടൗണിൽ നിന്നും  പത്തിരുപത് കിലോമീറ്റർ സഞ്ചരിച്ചാൽ കടലുണ്ടിയിൽ എത്താം. തീവണ്ടി മാർഗ്ഗം വരുന്നവർക്ക്   റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു അഞ്ഞൂറു മീറ്റർ കാൽ നടയായി സഞ്ചരിക്കാനുള്ള ദൂരമേയുള്ളു ഇവിടേക്ക്.

ദേശാടനകിളികൾ കൂടു കൂട്ടുന്ന കണ്ടൽ കാടുകളാൽ സമൃദ്ധമാണിവിടം. ഇവിടത്തെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞു വരുന്നേയുള്ളു...







യാത്രകൾ എന്നും നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... മനസ്സിന് നവോന്മേമേഷം നൽകുന്ന  ടോണിക്കാണ് ഓരോ യാത്രയും... വൈകുന്നേരങ്ങളിൽ കടലുണ്ടി പുഴയിലൂടെ ഒരു ബോട്ട് യാത്ര കൂടി ആവുമ്പോൾ ഓരോ സഞ്ചാരിയുടെയും മനസ്സു നിറയും..

 വില്ലേജ് ടൂറിസത്തിന് അനന്ത സാധ്യതയുള്ള ഒരിടമാണ്   കടലുണ്ടി പക്ഷിസങ്കേതം എന്ന് നിസ്സംശയം പറയാം   .. . മണൽ തിട്ടകളിൽ  പോക്കുവെയ്ൽ കായുന്ന ദേശാടന കിളികൾ യാത്രയിൽ ഉടനീളം കാണാം. നമ്മൾ കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ ഇവിടത്തെ പ്രകൃതി ഭംഗി നമുക്ക് ആവോളം ആസ്വദിക്കാം..








ഇടക്കിടെ പാളത്തിലൂടെ പോകുന്ന തീവണ്ടി ശബ്ദം മാത്രമേ നമ്മെ കുറച്ചെങ്കിലും അലോസരപ്പെടുത്തു....





Photo courtesy : Ambili , HSST OMANOOR. 

റെയിൽവെ പാലത്തിനടിയിലൂടെ ബോട്ട് മുന്നോട്ട് പോവുമ്പോൾ നമ്മെ നൊമ്പരപെടുത്തുന്ന ഒരു കാഴ്ചയുണ്ട്. 2001 ജൂൺ 22-ന് മദ്രാസ് മെയിൽ പാളം തെറ്റി ഈ പാലത്തിൽ നിന്നാണ് താഴേക്ക് മറിഞ്ഞത് . അതിന്റെ ശേഷിപ്പായി പഴയ പാലത്തിന്റെ തൂണുകൾ ഇന്നുമുണ്ടവിടെ.. ആ ദുരന്തത്തിൽ കുറേ പേരുടെ ജീവൻ നഷ്ടപ്പെട്ടു. ജീവിച്ചു കൊതി തീരുമുമ്പെ നമ്മെ വിട്ടു പോയ അവരുടെ ആത്മാക്കൾ ...



ഇവിടത്തേ നിബിഡമായി വളരുന്ന പ്രാന്തൽ കണ്ടലുകളെ പറ്റി പറയുമ്പോൾ കല്ലേ പൊക്കുടൻ നമ്മുടെ ഓർമ്മ പഥത്തിലെത്തും... കണ്ടലുകൾക്ക് മാത്രമായി ഉഴിഞ്ഞു വെച്ചതായിരുന്നല്ലോ അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്ന കണ്ടൽക്കാടു ക്കിടയിൽ എന്റെ ജീവിതം  എന്ന പുസ്തകം വായിച്ചിരിക്കേണ്ടത് തന്നെയാണ് . പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ആ പുസ്തകത്തിൽ  ഉടനീളം നമുക്ക് കാണാൻ കഴിയും.

പച്ചനിറത്തിൽ തൂങ്ങി നിൽക്കുന്ന പ്രാന്തൻ കണ്ടലിന്റെ  കായ്കൾ യഥേഷ്ടം കാണാം .. നമ്മുടെ മുരിങ്ങക്കയോട് വളരെ സാദൃശ്യമുണ്ട് അതിന്റെ കായ്കൾക്ക് . അതിന്റെ പ്രജനന മാർഗ്ഗവും ഈ വിത്ത് തന്നെ ...

കൊക്ക് വർഗ്ഗത്തിൽ പെട്ട വെള്ളരി കൊക്ക്,  സാരസ കൊക്ക് , ചേര കൊക്ക് എന്നിവ ഇവിടെ യഥേഷ്ടം കാണാം.

ഇടക്കിടെ മീൻ പിടിക്കാൻ മുങ്ങാംകുഴിയിടുന്ന നീർകാക്കളും , ബോട്ടിനൊപ്പം നീന്തുന്ന പള്ളത്തിയും ഒരുക്കുന്ന ദൃശ്യ വിസ്മയം വാക്കുകൾക്കതീതമാണ് .....



തുടരും....





Wednesday, February 2, 2022

ജടായുപ്പാറ

 

ജടായുവും സമ്പാതിയും സൂര്യനെ തൊടാൻ മത്സരിച്ചു പറന്നതും ജടായുവിന്റെ ചിറകുകൾ അതി തീക്ഷ്ണമായ സൂര്യപ്രകാശത്താൽ കത്താൻ തുടങ്ങിയപ്പോൾ സമ്പാതി അനിയനെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചതും .... ഈ കഥ ടീച്ചർ ക്ലാസ്സിൽ വിവരിക്കുമ്പോൾ ക്ലാസ്സ് നിശ്ചലമായിരുന്നു.... പിൻ ഡ്രോപ് സയലൻസ് എന്ന് പറയാറില്ലെ അതു തന്നെ.


അന്നു മുതൽ എനിക്കിഷ്ടമാണ് ജടായുവിനേയും സമ്പാതിയേയും .... 

രാമയണത്തിലെ തീരെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരേടാണ് ജടായു എന്ന പക്ഷി രാജന്റെത് . രാവണൻ സീതയെ അപഹരിച്ചു പുഷ്പകവിമാനത്തിൽ കയറി പോകുമ്പോൾ ജടായു രാവണനുമായി ഘോരയുദ്ധം നടത്തുന്നു ... ഏറെ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവിൽ ജടായുവിന്റെ രണ്ട് ചിറകും ഭേദിച്ച് രാവണൻ സീതയുമായി കടന്നു കളയുന്നു. 
സീതയെ തേടിയിറങ്ങിയ രാമ ലക്ഷ്മണന്മാർ ജടായു വിനെ കണ്ടെത്തുന്നതിലൂടെ രാവണൻ പോയ വഴി രാമന് ജടായു പറഞ്ഞു കൊടുക്കുന്നു. അങ്ങിനെ അങ്ങിനെ പോവുന്നു ജടായുവിന്റെ കഥ.. ( ആകാശ യാത്ര സാധ്യമാക്കുന്ന 
 പുഷ്പക വിമാനവും പ്രവാചകൻ ഏഴാനാകാശ യാത്ര നടത്തിയ ബുറാഖ് ... എല്ലാ മതങ്ങളിലും കാണാം ഇങ്ങനെ പലതും. വിശ്വാസികൾക്ക് അത് സത്യവും അവിശ്വാസികൾക്ക് അത് അസത്യവും ആണ്. മിത്തും റിയാലിറ്റിയും ചേർന്നതാണ് എല്ലാ മതങ്ങളും ....) 

ജടായുവിന്റെ പേരിലുമുണ്ട് ഒരു പൂർണ്ണകായ പ്രതിമ.
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമ നിർമ്മിച്ചിട്ടുണ്ട്. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്. 

ഈയിടെ ജടായുപ്പാറ കാണാൻ ചടയമംഗലത്തേക്ക് ഒരു യാത്ര പോയി പ്രിയ സുഹൃത്ത് അനൂഫുമൊത്ത്..

തുടരും

Monday, December 27, 2021

ഒരു നിലമ്പൂർ ഡയറി

 






കോഴിക്കോട് നിന്നും വളരെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന നിലമ്പൂർ ... കോഴിക്കോട് മാവൂർ വഴി നിലമ്പൂരിലേക്ക് ...  ദേശാടന പക്ഷികളുടെ താവളമായ മാവൂരിലെ കോൾ നിലങ്ങൾ ... ഒരു കാലത്ത് മാവൂരിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച ഗ്വാളിയോർ റയോൺസ് ഫാക്ടറി... 

ഓടി മറയുന്ന കാഴ്ചകൾ ഒട്ടനവധി....  കാണാനുള്ള കണ്ണും അറിയാനുള്ള മനസ്സും കൂടിയുണ്ടെങ്കിൽ ഈ യാത്ര നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാകും...


നിലമ്പൂർ കാടുകൾ തേക്കുകൾക്ക് പ്രശസ്തമാണ് .നല്ല വളക്കൂറുള്ള മണ്ണും മഴ ലഭ്യതയും നിലമ്പൂർ കാടുകൾ തേക്കുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഇത് തിരിച്ചറിഞ്ഞ കനോലി സായിപ്പിന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിലമ്പൂരിൽ ഇന്ന് നമ്മൾ കാണുന്ന കനോലി തേക്ക് പ്ലോട്ട് ... 

വശ്യ മനോഹരമായ പ്രകൃതി അതു തന്നെയാണ് നിലമ്പൂരിനെ വ്യത്യസ്തമാക്കുന്നത് ...

കാടും മലകളും പുഴകളും അരുവികളും യഥേഷ്ടമുണ്ടിവിടെ ... കേരളത്തിൽ മലപ്പുറം ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് ഇനിയും ഒരുപാട് സാധ്യതകളുണ്ട് ... വളരെ നന്നായി പരിപാലിക്കപ്പെടുന്ന തേക്ക് മ്യൂസിയവും ഔഷധ ഉദ്യാനവും ബട്ടർഫ്ലൈ പാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പാടു വിജ്ഞാനപ്രദമാണ് .... യാത്ര അറിവിന് വേണ്ടി കൂടി ആണെങ്കിൽ ഇന്ന് തന്നെ നിങ്ങൾ പോകാനുദ്ദേശിക്കുന്ന സ്ഥല പേരിൽ നിലമ്പൂരും കുറിച്ചിടുക.


യാത്ര ചെയ്യുക എന്നത് ആദിമ കാലം മുതൽ തന്നെ മനുഷ്യരിൽ ട്രാൻസ്ക്രൈബ് ചെയ്യപ്പെട്ട ജീനിലെ ഒരു ഘടകമാണ് . അവസരം കിട്ടുമ്പോഴെല്ലാം യാത്ര ചെയ്യുക ... അത് നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.



✍🏻 ഫൈസൽ പൊയിൽക്കാവ്

Monday, December 13, 2021

ചെമ്പരത്തി വരിക്ക

 ഓറഞ്ച് നിറത്തിൽ തുടുത്തിരിക്കുന്ന  ചെമ്പരത്തി വരിക്ക എന്നും ചക്കപ്രേമികളുടെ ഇഷ്ട ഇനമാണ്. ഈ നാടൻ ചക്ക ഇനം ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ കേരള  കാർഷിക സർവകലാശാലയുടെ ഭാഗമായ സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ തണലിലാണ്.

1986ലാണു കൊട്ടാരക്കര സദാനന്ദപുരത്ത് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. പുരയിടതോട്ടങ്ങളുടെ ഗവേഷണമായിരുന്നു ലക്ഷ്യം. ജില്ലയിലെ എല്ലാ മേഖലകളിലും ഗവേഷണ കേന്ദ്രം പുരയിടങ്ങളിലെ വിളകളെക്കുറിച്ചു സർവേ നടത്തി. 1996ൽ പേരയം സ്വദേശി രാജു ആന്റണിയുടെ വീട്ടിലെ ചെമ്പരത്തി വരിക്കയുടെ പ്ലാവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഈ പ്ലാവ് ഗവേഷണ വിഷയമായി.

ഗ്രാഫ്റ്റ് ചെയ്ത തൈകൾ സ്വന്തം തോട്ടത്തിൽ വളർത്തിയെടുത്തു. 2011ൽ ചക്കയുടെ ഗുണം നാട് അറിഞ്ഞു തുടങ്ങി. 2014ൽ സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി ചക്കയ്ക്ക് അപ്രൂവൽ നൽകി. റജിസ്ട്രേഷൻ ലഭിച്ചതോടെ വിപണിയിലേക്കു പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങി. ഓരോ വർഷവും 1500–2000 ഗ്രാഫ്റ്റ് തൈകൾ ഇവിടെ നിന്നു വിതരണം ചെയ്യുന്നു. പതിനായിരത്തിലധികം തൈകൾ ഇതുവരെ വിറ്റഴിഞ്ഞു. ഗ്രാഫ്റ്റ് ചെയ്തു നട്ടുവളർത്തിയ അഞ്ച് ചെമ്പരത്തി വരിക്ക പ്ലാവുകൾ സദാനന്ദപുരത്തെ ഗവേഷണ കേന്ദ്രം പരിസരത്തുണ്ട് ഇവയാണു മാതൃവൃക്ഷം

ചെമ്പരത്തി വരിക്കയുടെ തൈകൾ മുക്കം  മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ലഭ്യമാണ്. വില: 210 /- രൂപ

ഫോൺ: 81 130 130 81


Friday, December 3, 2021

പുലാസൻ

 


വീട്ടുവളപ്പിൽ ചുവപ്പു നിറത്തിൽ പഴുത്തു നിൽക്കുന്ന പുലാസാൻ പഴം കൗതുകമുള്ള കാഴ്ച്ച തന്നെയാണ്. 
മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് പുലാസൻ കായ്കൾ. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ കലർന്ന പച്ച നിറമണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്.
നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുകയും ചെയ്യും. 10 മുതൽ 15 മീറ്റര്‍ വരെ ഉയരംവെക്കുന്ന പുലാസാന്റെ ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പ് മധുരവും നീരും നിറഞ്ഞതാണ്. ഉള്ളിൽ ചെറിയ ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് കാണപ്പെടുന്നു.

വിത്തിൽ നിന്നു കാമ്പ് എളുപ്പം വേർപ്പെടുത്തി മാംസളമായ ഭാഗം നേരിട്ടു കഴിക്കാം. ഐസ്ക്രീം, ജൂസ്, ജാം എന്നിവയിൽ രുചിക്കായി പുലാസാൻ ചേർക്കാം. ഇതിന്റെ വിത്ത് ചില സ്ഥലങ്ങളിൽ വറുത്തും കഴിക്കാറുണ്ട്. വളരെ കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള പുലാസൻ നട്ടുവളർത്താൻ ബഡ് ചെയ്ത തൈകളാണ് ഉത്തമം.
കാണാൻ സുന്ദരനായ പുലാസൻ മരം അലങ്കാര വൃക്ഷമായും ഉപയോഗിക്കാം എന്നതിനാൽ തൊടികളിലും വീട്ടുവളപ്പിലും വളർത്താവുന്നതാണ്.  പോഷക സമൃദ്ധമായ പുലാസാൻ ജീവകങ്ങളും ധാതുക്കളും മറ്റ് സസ്യജന്യ സംയുക്തങ്ങളും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.
പത്തു വര്‍ഷത്തിലേറെ പ്രായമുള്ള ഒരു മരത്തില്‍ നിന്ന് ഒരു സീസണില്‍ 50 കിലോ പുലാസന്‍ കിട്ടുമെന്നാണ് എകദേശ കണക്ക്. വിപണിയില്‍ ഒരു കിലോ പുലാസന്‍ പഴത്തിന് 200 രൂപയിൽ കൂടുതൽ വില ലഭിക്കാറുണ്ട്. കേരളത്തിലെ വിപണികളിൽ പുലാസാൻ ഫലത്തിന് ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ കർഷകർ പുലാസാൻ കൃഷിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.


പുലാസാൻ്റെ ബഡ് ചെയ്ത തൈകളാണ് മുക്കം മാമ്പറ്റകൃഷി കേന്ദ്രത്തിലുള്ളത്.




Google