Sunday, August 15, 2021

സൂരിനാം ചെറി


  ചെറിപ്പഴങ്ങളുടെ കുടുംബത്തിൽ നിന്നും ഇതാ ഒരു അംഗംകൂടി- സൂരിനാം ചെറി .പേരുകേട്ടു അതിശയപ്പെടേണ്ട .  നമ്മുടെ നാട്ടിൽ സാധാരണയായി വളർത്തിവരുന്ന  ഒരിനം ചെറിയാണിത്‌.  ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. പൂന്തോട്ടങ്ങളിൽ അലങ്കാര വൃക്ഷമായും ഇത്  വളർത്തുന്നുണ്ട്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത് .ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയും. 

മറ്റു ചെറികളിൽ  നിന്നും വ്യത്യസ്തമായി പൊക്കക്കാരനായി വളരുന്ന സുരിനാം ചെറി  8 മീറ്റർ  വരെ ഉയരമുണ്ടാകും .  ഇതിന്റെ ഇലകൾ വളരെ ആകർഷകമാണ് വൃത്താകൃതിയിൽ ചെറിയ ചെറിയ  ഇലകളാണ്  ഇതിനുള്ളത്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. വേനല്ക്കാലമാണ് ഇതിന്റെ പഴക്കാലം. വളരെ ദൈർഘ്യം കുറഞ്ഞ പഴക്കാലമാണെങ്കിലും ഫല ആകർഷണീയത ഇവയ്ക്കു പൂന്തോട്ടങ്ങളിൽ സ്ഥാനം നൽകുന്നു. പല ആകൃതിയിൽ വെട്ടി നിർത്തിയ ചെടികൾ പൂന്തോട്ടങ്ങൾക്ക് അഴകാണ്.  

സൂരിനാം ചെറിയുടെ  കായ്കൾ മൂപ്പെത്തുന്നതിനുമുന്പ് പച്ചനിറത്തിലും പഴുത്തു കഴിഞ്ഞാൽ ഓറഞ്ച് ചുവപ്പ് എന്നെ നിറങ്ങളിലും കാണപ്പെടുന്നു.  രണ്ടിനം സൂരിനാം ചെറികളുണ്ട് തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും.100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, [തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കടും ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തി

വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. അരിനെല്ലിക്കപോലെ നാലൊ അഞ്ചോ മുഖങ്ങൾ ഉണ്ടാകും ഇതിന്റെ കായ്കൾക്ക്  ഇതിന്റെ രുചി ചെറിയ പുളിപ്പ് കലർന്ന മധുരമാണ് . പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നല്ലത്‌. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. ഒരു  ചെടിയിൽ  നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും .

Thursday, August 5, 2021

ചൗ ചൗ


വെള്ളരി വർഗ്ഗത്തിൽ പെട്ട വള്ളിച്ചെടിയാണ്,ചൊച്ചക്ക,ചയോട്ടെ,എന്നും പേരുണ്ട്,ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറിയാണ് ചൗചൗ,ഉള്ളിൽ വിത്തുണ്ടാകും,പച്ചകറികടകളിൽ 

നിന്നും മൂത്ത കായ്കൾ വാങ്ങി രണ്ടാഴ്ച്ച വച്ചിരുന്നാൽ മുളപൊട്ടും,പിന്നീട് മണ്ണിൽ നടാം.ഇതിന്റെ കായയാണ് പാചകത്തിന് ഉപയോഗിക്കുന്നത്.ഈ ചെടിയുടെ ഫലം പോലെ തന്നെ ഇളം തണ്ടും ഇലകളും എല്ലാം ഭക്ഷണ യോഗ്യമാണ്. അമിനോ ആസിഡും വൈറ്റമിന്‍ സിയും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  എന്നാല്‍  ഇതിലെ കുക്കുർ ബിറ്റാസിൻ എന്ന ഇതിലെ പദാർത്ഥം ചെറിയ കയ്പ്പും, രുചിയും നൽകുന്നു, ഇത് അധികം വേവിക്കാന്‍ പാടില്ല. സാലഡ് ആയും ഉപയോഗിക്കാവുന്നതാണ്‌, ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലും ഫലപ്രദമാണ്,പ്രായം കുറക്കുന്നു,അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥത, ചര്‍മ്മത്തിനും ആരോഗ്യവുംനിറവും

വര്‍ദ്ധിപ്പിക്കുന്നതിനും,എത്ര വലിയ ദഹന പ്രതിസന്ധികള്‍ക്കും,ലുക്കീമിയ, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ എന്നീ അവസ്ഥകള്‍ക്ക്,അമിതവണ്ണത്തിനു,

ഗർഭസംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.(വായിച്ചറിവുകൾ)

Wednesday, August 4, 2021

 പാവം വേലിച്ചീര
☘️☘️☘️☘️☘️☘️☘️
☘️

 

വേലിച്ചീര , ഇംഗ്ലീഷ് ചീര, ചെക്കുർമാനിസ്  എന്നൊക്കെ പേരുളള ചീര കൊണ്ടുള്ള തോരൻ ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു. ഇന്ന് കാബേജും , പയറുമൊക്കെയേ പുതു തലമുറ കണ്ടിട്ടുള്ളു ... എന്റെ യൊക്കെ കുട്ടിക്കാലത്ത് ഉമ്മാമയുടെ വീട്ടിൽ വെച്ച് ഇത് യഥേഷ്ടം കഴിച്ചിട്ടുണ്ട്. അന്ന് പല വീടുകളിലും മതിലുകൾക്ക് പകരം ജൈവ വേലി ആയിരുന്നു. ആ വേലിയിൽ വേലിച്ചീരയും, ചെമ്പരത്തിയും, ശംഖു പുഷ്പവും , നിത്യ വഴുതിനയും ഒക്കെ മത്സരിച്ചു വളർന്നു ... കാലം കഴിഞ്ഞു പോകവെ വീടിനേക്കാൾ വലിയ മതിലുകൾ നമ്മുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി വളർന്നപ്പോൾ വേലിയും പോയി കൂടെ വേലിച്ചീരയും അപ്രത്യക്ഷമായി. പാവം   വേലിച്ചീരയെ പിണ്ഡം വെച്ച് പടിക്കു പുറത്താക്കി.  അതിനു പറഞ്ഞ കാരണം വേലിച്ചീര കാൻസറിനു കാരണമാകുന്നു എന്നാണ്. ഒരു ശാസ്ത്രവും ഇതുവരെ തെളിയിച്ചിട്ടില്ലാത്ത ഈ ദുഷ് പേര് കാരണം വേലിയിൽ നിന്നു മാത്രമല്ല നാട്ടിൽ നിന്ന് തന്നെ പാവം ചീര പുറത്തായി.
കഴിഞ്ഞ വർഷം അവിചാരിതമായി ഇതിനെ കണ്ടപ്പോൾ ഇത് വീട്ടിൽ കൃഷി ചെയ്യണമെന്ന് തോന്നി. ഇന്നിപ്പോൾ വേലിയിലല്ലെങ്കിലും മതിലിനു ചുറ്റും ഇത് തളിർത്ത് വളരുന്നുണ്ട്.
ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ തീൻ മേശയിലെ ഒരു വിഭവമാണ് ഈ വേലിച്ചീര.

✍ഫൈസൽ പൊയിൽക്കാവ്

മുരിങ്ങയിലയും കർക്കിടകവും

 മുരിങ്ങയിലയും കർക്കിടകവും
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

കർക്കിടകമാസം പിറന്നാൽ മുരിങ്ങയില കഴിക്കരുതെന്നാണ് പഴമൊഴി.  ഈ വാദത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ലെന്ന് കാണാം. സയൻസ്  പഠിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വിശ്വാസത്തിൽ നിന്നും പുറത്തു കടക്കുക നമ്മൾക്ക് അത്ര എളുപ്പമല്ല.
ഇനി യുക്തിപൂർവ്വം ചിന്തിച്ചാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് ഈ മുരിങ്ങ എന്നു പറയുന്നത് കേരളത്തിൽ മാത്രം വളരുന്ന ഒരു സസ്യമല്ല. ഇന്ത്യയ്ക്കു പുറമെ പല രാജ്യങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു. അവിടങ്ങളിൽ ഇങ്ങനെ ഒരു വിശ്വാസമോ ആചാരമോ നമുക്ക് കാണാൻ കഴിയില്ല. മറുചോദ്യം ഇതായിരിക്കും അവിടെ കർക്കിടകം ഇല്ലല്ലോ എന്ന്😀

നിത്യജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികൾ. മുരിങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോഷക സമ്പുഷ്ടമായത് അതിന്റെ ഇലകളാണ്.
ജീവകം എ യും സി യും ബികോംപ്ലക്സും ,പ്രോട്ടീനും ,ഇരുമ്പ് സത്തും കാൽസ്യവും മഗ്നീഷ്യവും മാംഗനീസും സിങ്കും എല്ലാം ഒത്തുചേർന്ന മുരിങ്ങയില ഏറെ പോഷക ഗുണമുള്ളതാണ് എന്നതിൽ ആർക്കും തർക്കമില്ല. കൂടാതെ വിവിധ നിരോക്സീകാരികളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കാനും മുരിങ്ങയില സഹായിക്കും.

മുറ്റത്ത് ഞാൻ വളർത്തുന്ന മുരിങ്ങ അങ്ങിനെ  പച്ചപിടിച്ച് വളരുമ്പോൾ ഇടയ്ക്കൊക്കെ ഞാൻ പഴമൊഴി സ്വകാര്യ പൂർവ്വം മറക്കും. നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളിൽ നിന്ന് പുറത്തു കടക്കാൻ അത്ര എളുപ്പമല്ലെങ്കിലും...

✍ഫൈസൽ പൊയിൽക്കാവ്

Sunday, August 1, 2021

മത്തൻ ഇല തോരൻ

മത്തന്റെ അടുത്ത് ചെന്ന് ഓടി നടന്നു ഒരു പത്തു തളിര്‍ ഇല പറിക്കണം . മണ്ണും പൊടിയും കളയാന്‍ വെറുതെ ഒന്ന് കഴുകണം . ചീര അരിയുന്നത് പോലെ പൊടിയായി ഒന്ന് അരിയണം, വളരെ എളുപ്പമാണ് . അരിഞ്ഞ ഇല ഒന്ന് കൂടി വെള്ളത്തില്‍ ഒന്ന് കഴുകി വെള്ളം പിഴിഞ്ഞു കളയണം . ഇതില്‍ ഇത്തിരി ജീരകം ഇത്തിരി വെളുത്തുള്ളി ഇത്തിരി തേങ്ങ ഇത്രയും അരച്ച് ചേര്‍ത്ത് വെള്ളം ഒഴിക്കാതെ ചെറു തീയില്‍ വേവിക്കുക , പോഷക ഗുണമുള്ള സൂപ്പര്‍ മത്തന്‍ ഇല തോരന്‍ തൈയ്യാര്‍.

Friday, July 30, 2021

തമിഴ്നാടിൻ്റെ ഔദ്യോഗിക ശലഭമായ മരോട്ടി (തമിഴ് മാരവൻ) ശലഭം.



മരോട്ടിയെ നാട്ടിൻ പുറങ്ങളിൽ അപൂർവമായി കാണാറുണ്ട്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന ഈ ചിത്രശലഭങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങൾ ആനക്കട്ടിയും നീലഗിരി മലനിരകളുമാണ്.  ആനക്കട്ടി മേഖലയിലാണ് ഇവയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത്. 

പശ്ചിമഘട്ടത്തിലെ 32 തരം സ്ഥാനിക ശലഭങ്ങളിൽപ്പെട്ടതാണ് മരോട്ടി. തമിഴ്‌മാരവൻ തമിൾയോമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.  സിറോക്രോവാ തായിസ് എന്നാണ് ശാസ്ത്രനാമം. ഓറഞ്ച് നിറവും തവിട്ട് ഇരുണ്ട അരികുമാണ് ഇവയ്ക്ക്‌. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്നവയാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

 ഇവയുടെസാന്നിധ്യം കൂടുതലും മലമ്പ്രദേശത്താണ്. നിറംകൊണ്ടും രൂപംകൊണ്ടും ഇവയെ പെട്ടന്ന് തിരിച്ചറിയാനാവും.

ആനക്കട്ടി കേന്ദ്രീകരിച്ച് തമിഴ്നാട് മരോട്ടി ചിത്രശലഭപാർക്ക് നിർമിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവാസിയായ മരോട്ടി ശലഭം പേരു സൂചിപ്പിക്കുന്നതു പോലെ മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. മറ്റു ശലഭങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നിനു മീതേ ഒന്നായി മുട്ടയിടുന്ന ഒരു ശലഭമാണ് മരോട്ടി. മരോട്ടിമരം പശ്ചിമഘട്ടത്തിലെ കാടുകളിൽ സുലഭമായും നാട്ടിൻ പുറങ്ങളിലും അപൂർവ്വമായും കാണപ്പെടുന്നു . ചുറ്റും പറക്കുന്ന ശലഭങ്ങളെ തുരത്തിയോടിക്കുന്ന സ്വഭാവമുള്ള മരോട്ടി ശലഭം മനുഷ്യരുമായി കൂടുതൽ ഇണക്കത്തിലാണ്. തമിഴരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി പോരാളി എന്ന അർത്ഥത്തിലാണ് തമിഴ് നാട്ടുകാർ തമിഴ് മരവൻ  എന്ന പേരിൽ മരോട്ടി ശലഭത്തെ വിളിക്കുന്നത്. 

Monday, July 26, 2021

ചൈനീസ് പൊട്ടേറ്റോ

 💚💚💚💚💚💚💚💚💚💚💚💚💚💚💚 ചൈനീസ് പൊട്ടേറ്റോ   അഥവാ നമ്മുടെ കൂർക്ക

കിഴങ്ങുവർഗ്ഗങ്ങളിലെ   ഇത്തിരിക്കുഞ്ഞൻ ആണ് കൂർക്ക അഥവാ ചീവ  കിഴങ്ങ്. സുഡാൻ പൊട്ടറ്റോ, ചൈനീസ് പൊട്ടറ്റോ എന്നൊക്ക ആണ് അന്താരാഷ്ട്ര നാമങ്ങൾ. കന്നടയിൽ സാംബ്രാണി, സിംഹളീസിൽ ഇന്നല, തമിഴിൽ സിറ് കിഴങ്ങു എന്നൊക്കെയാണ് പേര്. കൂർക്ക  കിഴങ്ങ് വൃത്തിയാക്കി എടുക്കുമ്പോൾ കയ്യിൽ മുഴുവൻ കറ പറ്റുമെങ്കിലും കൂർക്ക മെഴുക്കുപുരട്ടിയുടെ രുചി പറയാവതല്ല. കൂർക്കയും ബീഫും ഉലർത്തിയത് പലരുടെയും ഇഷ്ട ഭക്ഷണവുമാണ്. 

ലാമിയേസിയെ എന്ന സസ്യ കുടുംബത്തിൽ അംഗമാണ് കൂർക്ക. മനുഷ്യന് ഉപകാരപ്രദമായ ഒരുപാട് ചെടികൾ ഈ കുടുംബത്തിലുണ്ട്. പൊതിന, ബേസിൽ, റോസ്മേരി, ചിയാ, പനിക്കൂർക്ക, ലാവൻഡർ, സഫേദ് മുസ്‌ലി എന്നിവയൊക്കെ ഈ  കുടുംബത്തിലെ അംഗങ്ങളാണ്. അലങ്കാരച്ചെടി ആയ സാൽവിയയും ഇതിൽ പെട്ടതുതന്നെ. 

 കേരളത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കൂർക്ക  ഏറ്റവും കൂടുതൽ  കൃഷി ചെയ്തു വരുന്നത്. പാലക്കാട് ജില്ലയിലെ മുണ്ടൂർ, പുതുപ്പരിയാരം, ആലത്തൂർ, ചിതലി, മഞളൂർ എന്നിവിടങ്ങളിലും  തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, കോലഴി, അണ്ടത്തോട് എന്നിവിടങ്ങളിലും ഒക്കെ  കൂർക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.

 പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്തു വിളയിക്കാവുന്ന കിഴങ്ങു വിളയാണ് കൂർക്ക. വിഷു കഴിഞ്ഞ് വേനൽമഴ കിട്ടുന്നതോടെ കിളച്ച് കട്ടയുടച്ചു മൂന്നടി വീതിയിൽ പണകൾ കോരി അതിൽ ഒരടി അകലത്തിൽ കിഴങ്ങുകൾ പാകണം. അവ മുളച്ചു  തണ്ടുകൾ നീളുമ്പോൾ 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ച്, പറിച്ചുനടാൻ  ഉപയോഗിക്കാം. 

        നിലം നന്നായി കിളച്ച് കട്ടയുടച്ചു  ഒരടി പൊക്കത്തിലും മൂന്നടി വീതിയിലും പണ കോരി,  സെന്റിന്  ഒരു കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ച ഇട്ടേക്കണം. അതിനുശേഷം സെന്റ് ഒന്നിന്  50 കിലോ അഴുകി  പൊടിഞ്ഞ ചാണകപ്പൊടി, ചാരം , 250 ഗ്രാം യൂറിയ, ഒരു കിലോ മസൂറി  ഫോസ്, 350 ഗ്രാം പൊട്ടാഷ് എന്നിവ മണ്ണിൽ കൊത്തി  ചേർത്ത്   15cm നീളമുള്ള  തണ്ടുകൾ ഒരു ചാൺ (15cm)അകലത്തിൽ  നടണം. മഴ ഇല്ലെങ്കിൽ രണ്ടു മൂന്ന് ദിവസം തണൽ നൽകാം. 45 ദിവസം കഴിഞ്ഞു ഒരു സെന്റിന് 250ഗ്രാം യൂറിയ, 300ഗ്രാം പൊട്ടാഷ് എന്നിവ വിതറി മണ്ണ് കയറ്റി കൊടുക്കാം. ഈ ഘട്ടത്തിൽ കളകളും മറ്റും  നീക്കം ചെയ്യണം.  

 ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിൽ നിറയ്ക്കുന്ന  മിശ്രിതം ഇളക്കം ഉള്ളതായിരിക്കണം.തറഞ്ഞു പോകാൻ പാടില്ല.  അതിനായി തുല്യ അളവിൽ മണ്ണ്, അഴുകി പൊടിഞ്ഞ  ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയും മേമ്പൊടി ആയി  ഉമി, പഴക്കംചെന്ന അറക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും  ചേർത്ത്  തയ്യാറാക്കണം. ഒരു ഗ്രോബാഗിൽ  ഒന്നോ രണ്ടോ തലപ്പുകൾ നടാം,  വളർന്നുവരുമ്പോൾ പോട്ടിങ് മിശ്രിതം തണ്ടിന്റെ മുട്ടുകളിൽ (nodes) ഇട്ടുകൊടുത്താൽ കിഴങ്ങ് ഉൽപ്പാദനം നടക്കും. ഒരു തണ്ടിൽ നിന്നും 150 മുതൽ 200 ഗ്രാം വരെ കിഴങ്ങ് ലഭിക്കും.

പൂർണമായും ജൈവരീതിയിൽ വിളയിച്ച എടുക്കാവുന്ന കൂർക്ക നാല് -നാലര  മാസം കൊണ്ട് വിളവെടുക്കാം. കിഴങ്ങുകളുടെ പുറമെ ചെറു മുഴകൾ  ഉണ്ടാക്കുന്ന നിമാ വിരകൾ, ഇല തീനി പുഴുക്കൾ എന്നിവയാണ് പ്രധാന ശത്രുക്കൾ. ഒരു സെന്റിൽ നിന്നും 50 മുതൽ 70 വരെ കിലോ കിഴങ്ങ് ലഭിക്കും. കിലോയ്ക്ക് 30-35രൂപ കര്ഷകന് ലഭിക്കും.


ശ്രീധര, നിധി, സുഫല എന്നിവയാണ് മികച്ച ഇനങ്ങൾ. ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നും നടാനുള്ള തണ്ടുകൾ ലഭിച്ചേക്കാം. 

Courtesy

പ്രമോദ് മാധവൻ 

💚💚💚💚💚💚💚💚💚💚💚💚💚💚💚💚

Google