Monday, September 28, 2020

തക്കാളി കൃഷി

തക്കാളി കൃഷി 

നമ്മുടെ പച്ചക്കറി ഇനങ്ങളിൽ തക്കാളിക്കുള്ള സ്ഥാനം ചെറുതല്ല. നമുക്കാവശ്യമുള്ള തക്കാളി നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസ്സിലുമൊക്കെ ജൈവ രീതിയിൽ ഉൽപാദിപ്പിക്കാം. നല്ലയിനം തക്കാളി വിത്തുകൾ വാങ്ങി മുളപ്പിച്ചെടുത്ത് നടുയോ നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങി നടുകയോ ചെയ്യാം. വിത്തുകളും തൈകളും സ്യൂഡോമോണസ് ലായി നിയിൽ മുക്കുന്നത് കീടബാധ ചെറുക്കും.




നല്ല നീർവാർച്ചയുള്ള വളക്കൂറുമുള്ള മണ്ണാണ് തക്കാളി കൃഷിക്ക് അനുയോജ്യം .നല്ല വെയിൽ വേണം തക്കാളികൃഷിക്ക് .തക്കാളി നടുന്നതിനു മുന്നേ മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കുക. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ ഒരു പിടി കുമ്മായം ഒരു ഗ്രോ ബാഗിന് എന്ന കണക്കിൽ മണ്ണിൽ നന്നായി മിക്സ് ചെയ്യണം. ശേഷം മണ്ണ് പോളിത്തീൻ ഷീറ്റിൽ നിരത്തി മൂന്നോ നാലോ ദിവസം  വെയിൽ കൊള്ളിക്കണം.ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം എന്തെന്നാൽ : കുമിൾവാട്ട രോഗങ്ങൾ ഉണ്ടാക്കുന്ന മണ്ണിലെ ബാക്ടീരിയകൾ നശിക്കും , മാത്രമല്ല കുമ്മായം ചേർക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ കാൽസ്യം ലഭിക്കുകയും മണ്ണിലെ അമ്ലത്വം കുറയുകയും ചെയ്യും, മണ്ണിലെ അമ്ലത്വം കുറയുന്നത് നാം ചെടിക്ക് നൽകുന്ന വളം വേഗത്തിൽ വലിച്ചെടുക്കാൻ സഹായകമാകും ,പുളി രസമുള്ള മണ്ണിലാണ് ബാക്ടീരിയകൾ മൂലമുള്ള വാട്ടവും വേര് ചീയലും വരുക .തക്കാളി ചെടിക്ക് രോഗം വന്നാൽ പെട്ടെന്ന് നശിക്കും.
ഒരു വലിയ ഗ്രോ ബാഗിലേക്ക് 1:1:1 എന്ന തോതിൽ കാലിവളം -മണ്ണ് -ചകിരിച്ചോറ്അല്ലെങ്കിൽ കമ്പോസ്റ്റു ,,100 ഗ്രാം കടല പിണ്ണാക്ക് പൊടിച്ചത് , 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് , 100 ഗ്രാം എല്ലുപൊടി , 50 ഗ്രാം കുമ്മായം എന്നിവ മിക്സ് ചെയ്ത് നിറക്കാം. മണ്ണിൽ ആദ്യമേ കുമ്മായം ചേർത്തിട്ടുണ്ടെങ്കിൽ ഗ്രോബാഗ് നിറക്കുമ്പോൾ ചേർക്കേണ്ട ആവശ്യമില്ല രണ്ടാം ഘട്ട വളം നൽകുമ്പോൾ ചേർത്ത് കൊടുത്താൽ മതി.
തക്കാളി കായപിടിച്ച ശേഷം തക്കാളിയുടെ അടിവശത്ത് കറുത്ത പുള്ളിപോലെ വന്നു കായ കേടായി പോകുന്നതിന് കാരണം കാൽസ്യത്തിന്റെ അഭാവമാണ് ( ഈ രോഗത്തെ Blossom end rot എന്ന് പറയും ) ഇത് കുമ്മായം ചേർക്കുന്നതിലൂടെ പരിഹരിക്കപ്പെടും ,
തക്കാളിയിൽ വിള്ളൽ ഉണ്ടാകുന്നത് ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ് ഇതിനു പരിഹാരം 5 ഗ്രാം ബോറോക്സ് പൊടി മണ്ണിൽ ചേർത്ത് കൊടുക്കുക ( Solubor എന്ന ബോറൈറ്റ് പൊടി വാങ്ങാൻ കിട്ടും ) , ബോറോക്സ് പൊടി കൂടിയാൽ ചെടി കരിഞ്ഞു പോകും കൂട്ടിപ്പോവാതെ ശ്രദ്ധിക്കണം കൂടുതൽ ജൈവ വളം ചെടിക്ക് നെല്കുന്നുണ്ടെങ്കിൽ ഇത് കൊടുക്കുകയും വേണ്ട . തക്കാളിയില്‍ മാത്രമല്ല മറ്റ് പഴം പച്ചക്കറികളിലും ബോറോണ്‍ അഭാവം പരിഹരിക്കാൻ സോലുബോർ ബോറൈറ്റ് നൽകാം .
കുമ്മായം കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മുട്ടത്തോട് മിക്സിയിൽ നന്നായി പൊടിച്ച് മണ്ണിൽ ചേർക്കുക സാവധാനമാണെങ്കിലും കാൽസ്യത്തിന്റെ അഭാവത്തിനു പരിഹാരമാകും ഇത് ഇടയ്ക്ക് തുടരുക .രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോ മോണസ് ലായിനി  ചെടിയുടെ ഇലകളിലും തടത്തിലും തളിക്കുന്നത് നല്ലതാണ്.
തക്കാളി ചെടിയുടെ ഇലകൾ മണ്ണിൽ തട്ടാൻ ഇടവരരുത് .തക്കാളി ചെടിക്ക് കരുത്ത് കുറവായതിനാൽ കമ്പ് മണ്ണിൽ തറച്ച് ചെടിക്ക് താങ്ങു കൊടുക്കുകയോ കെട്ടി വെക്കുകയോ ചെയ്യണം ആവശ്യമില്ലാത്തതും ഉണക്കം തുടങ്ങിയതുമായ ഇലകൾ മുറിച്ച് കൊടുത്താൽ കായകൾക്ക് വലുപ്പം കിട്ടും ,
തക്കാളിക്ക് പൊട്ടാഷ് മൂലകങ്ങൾ ലഭിക്കാൻ കരിയിലച്ചാരം ചെറിയ തോതിൽ ഇടയ്ക്ക് നൽകുക ഇത് പെട്ടെന്ന് പൂവിടാൻ സഹായിക്കും ,പൂവിടാൻ തുടങ്ങിയാൽ അതിരാവിലെ തക്കാളി ചെടിയിൽ വിരൽ കൊണ്ട് മൂന്നാലു പ്രാവശ്യം തട്ടി കൊടുക്കുക ഇത് പൂ കരിഞ്ഞു പോകാതെ പരാഗണം നടക്കാൻ സഹായിക്കുകയും എല്ലാ പൂവിലും കായപിടിക്കുകയും ചെയ്യും......
കടപ്പാട്: ലിജോ ജോസഫ്.

വെണ്ട കൃഷി


വെണ്ട കൃഷി
മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടൻ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാർ വെണ്ട മുതൽ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പൻ വരെയുണ്ട് വെണ്ടയിനങ്ങളിൽ കേരളത്തിന്റേതായിട്ട്.


സാധാരണയായി സപ്തംബർ-ഒക്ടോബർ മാസങ്ങളിലും വേനൽക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാൽ ആനക്കൊമ്പൻ എന്ന ഇനം മെയ് അവസാനവും ജൂൺ ആദ്യവുമായി നട്ടുവളർത്താറുണ്ട്.
മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള മഴക്കാലത്ത് നടാൻ പറ്റുന്ന 'സുസ്ഥിര', ഇളംപച്ചനിറത്തിലുള്ള കായകൾ നൽകുന്ന 'സൽക്കീർത്തി', അരമീറ്റർ വരെ നീളംവെക്കുന്ന ഇളംപച്ചനിറമുള്ള മഴക്കാലത്തും കൃഷിയിറക്കാവുന്ന 'കിരൺ', എന്നിവയും നല്ല ചുവപ്പുനിറമുള്ള കായകൾ നൽകുന്ന അരുണ, സി.ഒ.1 എന്നിവയും മൊസേക്ക് രോഗത്തിനെയും നിമ വിരകളെയും ഫംഗസ് രോഗത്തെയും പ്രതിരോധിക്കുന്ന അർക്ക, അനാമിക, വർഷ, ഉപഹാർ, അർക്ക അഭയ, അഞ്ജിത എന്നിവയുമാണ് സങ്കരയിനങ്ങളിൽ ചിലത്.

കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകൾ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേർത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങൾ വളരെ വേഗം വിളകൾക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിൻ പിണ്ണാക്കും ചേർക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡർമയുമായി ചേർത്ത് കലർത്തി തണലിൽ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണിൽ ചേർക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണിൽ ചേർക്കാവുന്നതാണ്.
ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികൾ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റിൽ പരമാവധി 200 ചെടികൾ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലർത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണിൽ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റർ അഞ്ച് ലിറ്റർ വെള്ളവുമായി ചേർത്ത് നേർപ്പിച്ച് മേൽ വളമായി നൽകാം. അല്ലെങ്കിൽ ഗോമൂത്രമോ വെർമി വാഷോ രണ്ട് ലിറ്റർ പത്തിരട്ടി വെള്ളവുമായി ചേർത്തതും മേൽവളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കിൽ കടലപ്പിണ്ണാക്ക് ഒരു കിലോ പുതർത്തി 20 ലിറ്റർ വെള്ളത്തിൽ കലക്കിയോ ചെടിയ്ക്ക് മേൽവളമാക്കി നൽകാം.
അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിർത്തണം. പാഴ് ചെടികൾ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകൾ വരാതിരിക്കാനും മണ്ണിൽ നനവ് നിലനിർത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കിൽ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനൽക്കാലത്ത് ചെടികൾക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്ക്കേണ്ടതാണ്.
രോഗങ്ങൾ

മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകൾ തടിക്കുകയും ചെയ്യും. കായകൾ മഞ്ഞ കലർന്ന് ചുരുണ്ടുപോവും. ഇലത്തുള്ളൻ, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകർ.
രോഗമുള്ള ചെടികൾ കണ്ടാൽ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകൾ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികൾ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം.തണ്ടുതുരപ്പൻ, കായ്തുരപ്പൻ, വേരിനെ ആക്രമിക്കുന്ന നിമ വിരകൾ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.
കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉൾഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പൻ, തണ്ടുതുരപ്പൻ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോൾ വേപ്പിൻ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തിൽ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
- പ്രമോദ് കുമാർ

നടാം ഒരു ചെടിമുരിങ്ങ

നടാം ഒരു ചെടിമുരിങ്ങ
ആയുർവേദത്തിൽ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുതചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പിൽ ധാരാളമായിക്കണ്ടുവരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത് മൊരിങ്ങേസി കുടുംബത്തിൽപ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാൽ മുരിങ്ങയാണ് അത്. പറമ്പുകൾ കുറഞ്ഞതും ജീവിതം ഫ്‌ളാറ്റുകളിലേക്ക് പറിച്ചുനടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് മാറ്റി നിർത്തി. എന്നാൽ, അതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മൾ അത് നട്ടുവളർത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.


ഒരു മുരിങ്ങച്ചെടി നട്ടുപിടിപ്പിച്ച് വളർത്തിവലുതാക്കി ഇലപറിക്കൽ വലിയൊരു പ്രയത്‌നമായി മാറിയിട്ടുണ്ട്.
അത് ആയാസരഹിതമാക്കാൻ എന്തുചെയ്യണം. ചെടിമുരിങ്ങയുടെ തൈകൾ നമ്മുടെ സമീപ നഴ്‌സറികളിലൊക്കെ ലഭിക്കും അത് വാങ്ങി ഉള്ള പറമ്പിലോ മുറ്റത്തോ നട്ട് വെള്ളമൊഴിച്ചാൽ മാത്രം പോരാ നന്നായി പരിപാലിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ.
നടേണ്ടവിധം
നിലത്ത് മാത്രമല്ല അത്യാവശ്യം വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും മുരിങ്ങച്ചെടി വളർത്തിയെടുക്കാം. നിലത്താണെങ്കിൽ. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതിൽ കാലിവളം മണൽ അല്ലെങ്കിൽ ചകിരിച്ചോർ മണ്ണ് എന്നിവ സമാസമം നിറയ്ക്കണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിൻപിണ്ണാക്കും ചേർത്ത് കുഴിയിൽ നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ചെടികൾ നടേണ്ടത്. ചെടികൾ പിടിപ്പിക്കാൻ പറ്റിയ സമയം ഒക്‌ടോബർ മുതൽ മാർച്ചുവരെയാണ്. മുരിങ്ങയുടെ തോലിന് ഉറപ്പുകുറവായതിനാൽ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തിൽ വെള്ളം തീരേ നിർത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് മുരിങ്ങച്ചെടിക്ക് പുതിയവേരുകൾ പൊടിക്കും. പുതിയ ഇലകൾ മുളച്ചുവരുന്നതുവരെ ഒന്നരാടൻ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്‌ക്കൊരിക്കൽ അല്പം കടലപ്പിണ്ണാക്ക് കുതിർത്തത് വെള്ളത്തിൽ നേർപ്പിച്ച് മുരട്ടിൽ ഒഴിച്ചുകൊടുക്കാം.
നടാം ഒരു ചെടിമുരിങ്ങ പ്ലാസ്റ്റിക് പാത്രത്തിലും
പ്ലാസ്റ്റിക് ഡ്രമ്മിലും വളർത്താം
കുറഞ്ഞത് മുക്കാൽമീറ്ററെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകൾഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാർന്നുപോകാൻ ചെറിയ ദ്വാരമിട്ട് അതിന്റെ മുക്കാൽഭാഗം വരെ മുകളിൽപ്പറഞ്ഞ രീതിയിൽ പോട്ടിങ്മിശ്രിതം നിറച്ച് അതിന്റെ നടുക്ക് മുരിങ്ങത്തൈ നട്ട് മിതമായ രീതിയിൽ നന നൽകി വളർത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിർത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോൾ നൽകിയാൽ രണ്ടുമാസത്തിനുശേഷം ഇലപറിക്കാം.
ഇലപറിക്കുമ്പോൾ ശ്രദ്ധിക്കണം
അധികംപേരും മുരിങ്ങയുടെ തൂമ്പ് മാത്രം നിർത്തി ചുറ്റുമുള്ള ഇലകൾ മൊത്തമായി പറിച്ചെടുക്കുകയാണ് ചെയ്യാറ് അങ്ങനെ ചെയ്യരുത്. തൂമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിർന്ന ഇലയെങ്കിലും നിർത്തിയിരിക്കണം. മഴപെയ്യുമ്പോൾ കൊമ്പു കോതരുത്. വെട്ടിയ കൊമ്പിൻതുമ്പിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിച്ചുപോവും. വേനൽക്കാലത്ത് ഒന്നരാടൻ നന നൽകാം. ആ സമയത്തുതന്നെ കൊമ്പുകൾ ഉയരത്തിലേക്ക് പോകുന്നത് തടയാൻ കൊമ്പുകോതാം. മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ആർത്തവപ്രശ്‌നങ്ങൾ, ശരീരവേദന, ഹെർണിയ, രക്താദിമർദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടുമുതലേ ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു.
പ്രമോദ്കുമാർ വി.സി.

പയർ

പയർ
കടും പച്ചനിറത്തിൽ നല്ല നീളമുള്ള കുരുത്തോലപ്പയർ ചെടികളിൽ കായ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ മനസ്സിനൊരു കുളിർമ്മയാണ്. തോരനും മെഴുക്കുപുരട്ടിയുമായി അത് ഊണിനു മുന്നിൽകിട്ടിയാലോ നല്ലമാംസളമായ രുചിയുള്ള പയറുപ്പേരി മാത്രം മതി ചോറുണ്ണാൻ. എന്നാൽ, രാസവളം ചേർക്കാത്ത, രാസകീടനാശിനികൾ തളിക്കാത്ത നാടൻ പയർ കിട്ടാത്തതാണ് പയറിേനാടുള്ള നമ്മുടെ പ്രതിപത്തി കുറയ്ക്കുന്നത്. എന്നാൽ, നമ്മുടെ വീടുകളിൽത്തന്നെ എത്ര കുറഞ്ഞസ്ഥലമായാലും വലിയ ചട്ടികളിലോ പഴയ സിമന്റ് ചാക്കുകളിലോ ഒരു പത്ത് പയർവിത്തുകൾ നട്ട് നന്നായിപരിചരിച്ച് വളർത്തിയെടുത്താൽ ആഴ്ചയിൽ കുറഞ്ഞത് മൂന്നുദിവസങ്ങളിലെങ്കിലും പയറുപ്പേരികൂട്ടാം.
മണ്ണൊരുക്കാം
ചട്ടിയിലോ ബാഗിലോ ചിക്കിലോ നിറയ്ക്കാനുള്ള മണ്ണൊരുക്കലാണ് ആദ്യപടി. മണ്ണ്കിട്ടാൻ പാടുള്ള ഫ്‌ളാറ്റുകളിൽ ചകിരിച്ചോറിന്റെ കട്ടവാങ്ങിപുതർത്തി ബാഗിൽ നിറച്ചാലും മതി. മണ്ണുകിട്ടുന്നയിടങ്ങളിൽ മണ്ണ്, മണൽ, ചാണകപ്പൊടി(കോഴിവളം), എന്നിവ 3:3:1: എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി ബാഗിന്റെയും ചട്ടിയുടെയും അരഭാഗത്തോളം നിറയ്ക്കുക. ചാണകം ലഭിക്കാൻ പ്രയാസമുള്ളയിടങ്ങളിൽ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും വാങ്ങി പുതർത്തിപുളിപ്പിച്ച് ചകിരിച്ചോറിന്റെ കൂട്ടത്തിൽ കൂട്ടി നടീൽമിശ്രിതം തയ്യാറാക്കാം.
വിപണിയിൽ കിട്ടുന്ന വിത്തുകൾ ചട്ടിയിൽ നടാൻ ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുൻപ് കടയിൽനിന്ന് വാങ്ങുന്ന സ്യൂഡോമോണസ് പുരട്ടി തണലത്തുണക്കിയെടുക്കാം. റൈസോബിയം എന്നജീവാണുവളവും പോട്ടിങ്മിശ്രിതത്തിൽ ചേർത്തുകൊടുക്കാം. വിത്ത് നട്ട ബാഗ്, ചാക്ക്,ചട്ടി എന്നിവ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. വിത്ത് നട്ട് രണ്ടാംനാൾ മുളച്ചുപൊന്തും. ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുതർത്തി നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം. മാസത്തിലൊരിക്കൽ 50 ഗ്രാം മലേഷ്യൻ സാൾട്ട്(പൊട്ടാഷ്) ഒരു ചെടിക്ക് നൽകാം.
തല നുള്ളിക്കൊടുക്കണം
പയർത്തൈ വലുതായി വരുമ്പോൾ കമ്പോ കയറോ കെട്ടി വീടിന്റെ ഇറയത്തേക്കോ ജനൽക്കമ്പിയിലേക്കോ പടർത്തിവിടാം. നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ വള്ളിയെത്തിക്കഴിഞ്ഞാൽ അതിന്റെ തല നുള്ളിക്കളയണം. ചെടി ഉണങ്ങിപ്പോകുമോയെന്ന് വിചാരിച്ച് അതിന് മിക്കവരും മടികാണിക്കും. എന്നാൽ തലപ്പ് ഒരുതവണ നുള്ളിക്കഴിഞ്ഞാൽ അതിന്റെ മ്്റ്റ് എല്ലാ മുട്ടിൽനിന്നും പുതുവള്ളികൾ പൊട്ടുകയും അതിലെല്ലാം കായകൾ ഉണ്ടാവുകയും ചെയ്യും.
വേപ്പെണ്ണയും കഞ്ഞിവെള്ളവും

പയറിന്റെ മുഞ്ഞ, വെള്ളീച്ച, ചാഴി എന്നിവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ ആണ് ഉത്തമം. കീടങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇത് തളിക്കാൻ തുടങ്ങണം. പയർച്ചെടിയുടെ നിരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം നന്നായി സ്‌പ്രേ ചെയ്തുകൊടുത്താൽ മതി. കീടങ്ങളെ പ്രതിരോധിക്കാൻ ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളും പുകയില, വെളുത്തുള്ളി കഷായങ്ങളും ഫലപ്രദമാണ്.
എല്ലാദിവസവും ചെടിയെ നിരീക്ഷിക്കുകയെന്നതാണ് പ്രധാനം ദിവസവും 10 മിനിറ്റ് നേരമെങ്കിലും ചെടികൾക്കരികിൽ ചെലവഴിക്കാൻ മനസ്സുണ്ടാകണം. വണ്ടുകൾ ചെറിയ പുഴുക്കൾ എന്നിവയെ കീടനാശകങ്ങളുടെ സഹായമില്ലാതെത്തന്നെ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം.
വളം ചെയ്യണം
വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ വളം ചെയ്യാത്തതാണ് പച്ചക്കറികൾ ശോഷിക്കാനും ഉണങ്ങാനും കാരണം. ഓരോമാസവും രണ്ടുപ്രാവശ്യം എന്ന തോതിൽ കടപ്പിണ്ണാക്കോ, കംപോസ്‌റ്റോ, ചാണപ്പൊടിയോ, ജൈവവളമോ നൽകണം. കൂട്ടത്തിൽ മാസത്തിലൊരിക്കൽ 50ഗ്രാം പൊട്ടാഷും മുരട്ടിൽ നിന്ന് വിട്ട് ചട്ടിയിൽ വിതറിക്കൊടുക്കണം.
പ്രമോദ്കുമാർ വി.സി.

പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം


പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം 

 പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കി നോക്കിയാല്‍ വെള്ളീച്ചകള്‍ പറക്കുന്നത് കാണാം. ഇലകള്‍ കൊഴിഞ്ഞു പോകുന്നു. മുളകിനെ ബാധിക്കുന്ന ലീഫ് കേള്‍ എന്ന വൈറസ് രോഗവും വെള്ളീച്ച പരത്തുന്നു. ജൈവകൃഷിരീതിയില്‍ ഇവയെ നിയന്ത്രിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 

1. മഞ്ഞക്കെണി ഒഴിഞ്ഞ ടിന്നിന്‍റെ പുറംഭാഗത്ത് മുഴുവന്‍ മഞ്ഞപെയിന്‍റടിച്ച് ഉണങ്ങിയശേഷം അതിന്‍മേല്‍ ആവണക്കെണ്ണ പുരട്ടി പച്ചക്കറിതോട്ടത്തില്‍ കെട്ടിത്തൂക്കുക. വെള്ളീച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ചു നശിക്കും. കടും മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റോ കട്ടികൂടിയ മഞ്ഞ കടലാസ്സോ എടുത്ത് ഇരുവശവും ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പുനാട്ടി കടലാസ്സ് വലിച്ചു കെട്ടിയും ഈച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. വളര്‍ച്ച പ്രാപിച്ച ചെടികള്‍ക്കിടയിലും, നഴ്സറിയില്‍ ഭൂതലത്തിലും വേണം മഞ്ഞകെണി സ്ഥാപിക്കാന്‍. ആഴ്ചയിലൊരിക്കല്‍ ബോര്‍ഡ് വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടണം. 

2. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. വെര്‍ട്ടിസീലിയം മൂന്ന് മുതല്‍ അഞ്ച് ഗ്രാം/മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടിയില്‍ തളിക്കണം. 

3. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 50 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് സത്ത് ഊറ്റിയെടുക്കുക. 50 മി.ലി. വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനിയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ 900 മി.ലി. ജലവും 20 മി.ലി. വേപ്പെണ്ണയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കി ചെടികളില്‍ തളിക്കാം. 

4. വേലിച്ചെടിയുടെ ഇലയും പൂവും കായും സമൂലം ഒരു കി.ഗ്രാം നന്നായി ചതച്ചരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2-3 മണിക്കൂര്‍ ചൂടാക്കി മൂന്നിലൊരു ഭാഗമാകുമ്പോള്‍ തണുത്തശേഷം 100 മി.ലി. 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം. മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ ഇരുവശത്തും നന്നായി പതിക്കുംവിധം തളിക്കുക. ഇലക്കടിയിലാണ് കൂടുതല്‍ ആക്രമണമെന്നതും കൂടുതല്‍ ആഗിരണശേഷിയുള്ള ടിഷ്യൂകള്‍ ഇലക്കടിയിലാണ് ഉള്ളതെന്നുമുള്ള വസ്തുത മനസ്സിലാക്കി അന്തരീക്ഷ താപനില കുറഞ്ഞ വൈകുന്നേരങ്ങളില്‍ മാത്രം മരുന്ന് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 10 ദിവസമിടവിട്ട് മേല്‍പറഞ്ഞ കീടനാശിനികള്‍ മാറിമാറി തളിക്കുക. ഇതുവഴി ഈ കീടത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയും. വെള്ളീച്ചയുടെ ആക്രമണം തടയാം 

രവീന്ദ്രന്‍ തൊടീക്കളം

Sunday, September 27, 2020

'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ'

 'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ' എന്ന പഴം ചൊല്ല് കേൾക്കാത്ത മലയാളികളുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ഇതിന്റെ  ഗുണഗണങ്ങൾ മനസ്സിലാക്കിയാൽ അങ്ങനെ വലിച്ചെറിയാൻ മാത്രമുള്ളതല്ല കറിവേപ്പിലയെന്ന്  ബോധ്യമാകും. പോക്ഷകഗുണളുടെയും ഔഷധഗുണളുടെയും കാര്യത്തിൽ  ഈ സുഗന്ധ വിളക്കുള്ള സ്ഥാനം വളരെ വലുതാണ്.കറിവേപ്പിനെപ്പറ്റി തുടർന്ന് വായിക്കാം



ആഹാരത്തിന് രുചിയും മണവും നൽകാൻ നമ്മളുപയോഗിക്കുന്ന കറിവേപ്പിലക്ക് വേണ്ടിയാണ് കറിവേപ്പെന്ന ചെറിയ മരത്തെ നട്ടു വളർത്തുന്നത്. പരമാവധി 20 അടി വരെ ഉയരത്തിൽ വളരുന്ന കറിവേപ്പിന്റെ തടി 16 ഇഞ്ച് വരെ വണ്ണം വയ്ക്കും.  എന്നാൽ കറിവേപ്പിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി എത്ര പേർക്കറിയാം? ഔഷധ ഗുണ സമ്പുഷ്ടമായ കറിവേപ്പിൻറെ ഇല, കായ്കൾ, ഇലഞെട്ട്, തോല്, വേര് എന്നിവ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്ന കറിവേപ്പിന്റെ ഉത്ഭവസ്ഥാനം ഇന്ത്യ തന്നെയാണ്. നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, തായ്ലാൻഡ്, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലും പാചകാവശ്യത്തിനുള്ള സുഗന്ധ വിളയായി കറിവേപ്പ് കൃഷി ചെയ്തു വരുന്നു.
Murraya koenigii or Bergera koenigii എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കറിവേപ്പ് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു.  നല്ല സൂര്യ പ്രകാശവും ജലസേചനവും ആവശ്യമുള്ള വിളയാണിത്. നടീൽ വസ്തുക്കളായി വിത്തുകളും വേരിൽ നിന്നും മുളച്ചു വരുന്ന തൈകളും ഉപയോഗിക്കാം.
കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും
വിറ്റാമിൻ-A യുടെ കലവറയായ കറിവേപ്പിലയിൽ  ധാരാളം ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഉദരരോഗ ചികിത്സക്കും പരമ്പരാഗതമായി കറിവേപ്പില ഉപയോഗിക്കുന്നു. കറിവേപ്പിന്റെ വിവിധ ഭാഗങ്ങൾ മരുന്നുകൾ, ടോണിക്കുകൾ,  സുഗന്ധ ലേപനങ്ങൾ മുതലായവയുണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു;
1. കറിവേപ്പില ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, കരളിലെ കോശങ്ങളുടെ സംരക്ഷണത്തിനും മുറിവുകൾ വേഗം കരിയുന്നതിനും സഹായിക്കും.
2. സസ്യജന്യമായ വിഷാംശങ്ങൾ നിർവീര്യമാക്കാൻ പച്ച മഞ്ഞളിന്റെയും കറിവേപ്പിലയുടെയും മിശ്രിതം ഉപയോഗിക്കുന്നു.
3. അതിസാരം ശമിക്കാൻ മോരിൽ കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
4. കറിവേപ്പിലയിട്ടു കാച്ചുന്ന വെളിച്ചെണ്ണ അകാല നര തടയുന്നതിനും മുടി കരുത്തോടെ വളരാനും സഹായിക്കും.
5. നെഞ്ചെരിച്ചിൽ ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവയ്ക്ക് ഇഞ്ചിനീരില് കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
6. അലർജി മൂലമുള്ള ചൊറിച്ചിലിനു കറിവേപ്പില ചതച്ചെടുത്ത നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒരു മാസം കഴിച്ചാൽ മതി.
7. കറിവേപ്പിന്റെ തളിരിലകൾ ചവച്ചു നീരിറക്കുന്നത് വായ്ക്കു രുചിയുണ്ടാക്കുന്നതിനു സഹായിക്കും.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന  അമിതമായ തോതിൽ വിഷമടിച്ച കറിവേപ്പിലയാണ് നമുക്ക് വിപണിയിൽ നിന്നും കിട്ടുന്നത്. അതിന്റെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും  ഒരു കറിവേപ്പെങ്കിലും നട്ടു വളർത്തുകയാണീ വിഷം വിലകൊടുത്തു വാങ്ങി കഴിക്കുന്നതിനൊരു യഥാർത്ഥ ബദൽ.

Wednesday, September 23, 2020

കുട്ടുറുവൻ പക്ഷിയെ കാണാത്തവർക്കായി എന്റെ ഈ വീഡിയോ.....

കുട്ടുറുവൻ പക്ഷി ( Barbets )



കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവൻ അഥവാ പച്ചിലക്കുടുക്ക

Google