Monday, September 28, 2020

പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം


പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം 

 പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കി നോക്കിയാല്‍ വെള്ളീച്ചകള്‍ പറക്കുന്നത് കാണാം. ഇലകള്‍ കൊഴിഞ്ഞു പോകുന്നു. മുളകിനെ ബാധിക്കുന്ന ലീഫ് കേള്‍ എന്ന വൈറസ് രോഗവും വെള്ളീച്ച പരത്തുന്നു. ജൈവകൃഷിരീതിയില്‍ ഇവയെ നിയന്ത്രിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 

1. മഞ്ഞക്കെണി ഒഴിഞ്ഞ ടിന്നിന്‍റെ പുറംഭാഗത്ത് മുഴുവന്‍ മഞ്ഞപെയിന്‍റടിച്ച് ഉണങ്ങിയശേഷം അതിന്‍മേല്‍ ആവണക്കെണ്ണ പുരട്ടി പച്ചക്കറിതോട്ടത്തില്‍ കെട്ടിത്തൂക്കുക. വെള്ളീച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ചു നശിക്കും. കടും മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റോ കട്ടികൂടിയ മഞ്ഞ കടലാസ്സോ എടുത്ത് ഇരുവശവും ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പുനാട്ടി കടലാസ്സ് വലിച്ചു കെട്ടിയും ഈച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. വളര്‍ച്ച പ്രാപിച്ച ചെടികള്‍ക്കിടയിലും, നഴ്സറിയില്‍ ഭൂതലത്തിലും വേണം മഞ്ഞകെണി സ്ഥാപിക്കാന്‍. ആഴ്ചയിലൊരിക്കല്‍ ബോര്‍ഡ് വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടണം. 

2. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. വെര്‍ട്ടിസീലിയം മൂന്ന് മുതല്‍ അഞ്ച് ഗ്രാം/മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടിയില്‍ തളിക്കണം. 

3. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 50 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് സത്ത് ഊറ്റിയെടുക്കുക. 50 മി.ലി. വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനിയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ 900 മി.ലി. ജലവും 20 മി.ലി. വേപ്പെണ്ണയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കി ചെടികളില്‍ തളിക്കാം. 

4. വേലിച്ചെടിയുടെ ഇലയും പൂവും കായും സമൂലം ഒരു കി.ഗ്രാം നന്നായി ചതച്ചരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2-3 മണിക്കൂര്‍ ചൂടാക്കി മൂന്നിലൊരു ഭാഗമാകുമ്പോള്‍ തണുത്തശേഷം 100 മി.ലി. 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം. മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ ഇരുവശത്തും നന്നായി പതിക്കുംവിധം തളിക്കുക. ഇലക്കടിയിലാണ് കൂടുതല്‍ ആക്രമണമെന്നതും കൂടുതല്‍ ആഗിരണശേഷിയുള്ള ടിഷ്യൂകള്‍ ഇലക്കടിയിലാണ് ഉള്ളതെന്നുമുള്ള വസ്തുത മനസ്സിലാക്കി അന്തരീക്ഷ താപനില കുറഞ്ഞ വൈകുന്നേരങ്ങളില്‍ മാത്രം മരുന്ന് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 10 ദിവസമിടവിട്ട് മേല്‍പറഞ്ഞ കീടനാശിനികള്‍ മാറിമാറി തളിക്കുക. ഇതുവഴി ഈ കീടത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയും. വെള്ളീച്ചയുടെ ആക്രമണം തടയാം 

രവീന്ദ്രന്‍ തൊടീക്കളം

Sunday, September 27, 2020

'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ'

 'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ' എന്ന പഴം ചൊല്ല് കേൾക്കാത്ത മലയാളികളുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ഇതിന്റെ  ഗുണഗണങ്ങൾ മനസ്സിലാക്കിയാൽ അങ്ങനെ വലിച്ചെറിയാൻ മാത്രമുള്ളതല്ല കറിവേപ്പിലയെന്ന്  ബോധ്യമാകും. പോക്ഷകഗുണളുടെയും ഔഷധഗുണളുടെയും കാര്യത്തിൽ  ഈ സുഗന്ധ വിളക്കുള്ള സ്ഥാനം വളരെ വലുതാണ്.കറിവേപ്പിനെപ്പറ്റി തുടർന്ന് വായിക്കാം



ആഹാരത്തിന് രുചിയും മണവും നൽകാൻ നമ്മളുപയോഗിക്കുന്ന കറിവേപ്പിലക്ക് വേണ്ടിയാണ് കറിവേപ്പെന്ന ചെറിയ മരത്തെ നട്ടു വളർത്തുന്നത്. പരമാവധി 20 അടി വരെ ഉയരത്തിൽ വളരുന്ന കറിവേപ്പിന്റെ തടി 16 ഇഞ്ച് വരെ വണ്ണം വയ്ക്കും.  എന്നാൽ കറിവേപ്പിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി എത്ര പേർക്കറിയാം? ഔഷധ ഗുണ സമ്പുഷ്ടമായ കറിവേപ്പിൻറെ ഇല, കായ്കൾ, ഇലഞെട്ട്, തോല്, വേര് എന്നിവ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്ന കറിവേപ്പിന്റെ ഉത്ഭവസ്ഥാനം ഇന്ത്യ തന്നെയാണ്. നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, തായ്ലാൻഡ്, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലും പാചകാവശ്യത്തിനുള്ള സുഗന്ധ വിളയായി കറിവേപ്പ് കൃഷി ചെയ്തു വരുന്നു.
Murraya koenigii or Bergera koenigii എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കറിവേപ്പ് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു.  നല്ല സൂര്യ പ്രകാശവും ജലസേചനവും ആവശ്യമുള്ള വിളയാണിത്. നടീൽ വസ്തുക്കളായി വിത്തുകളും വേരിൽ നിന്നും മുളച്ചു വരുന്ന തൈകളും ഉപയോഗിക്കാം.
കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും
വിറ്റാമിൻ-A യുടെ കലവറയായ കറിവേപ്പിലയിൽ  ധാരാളം ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഉദരരോഗ ചികിത്സക്കും പരമ്പരാഗതമായി കറിവേപ്പില ഉപയോഗിക്കുന്നു. കറിവേപ്പിന്റെ വിവിധ ഭാഗങ്ങൾ മരുന്നുകൾ, ടോണിക്കുകൾ,  സുഗന്ധ ലേപനങ്ങൾ മുതലായവയുണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു;
1. കറിവേപ്പില ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, കരളിലെ കോശങ്ങളുടെ സംരക്ഷണത്തിനും മുറിവുകൾ വേഗം കരിയുന്നതിനും സഹായിക്കും.
2. സസ്യജന്യമായ വിഷാംശങ്ങൾ നിർവീര്യമാക്കാൻ പച്ച മഞ്ഞളിന്റെയും കറിവേപ്പിലയുടെയും മിശ്രിതം ഉപയോഗിക്കുന്നു.
3. അതിസാരം ശമിക്കാൻ മോരിൽ കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
4. കറിവേപ്പിലയിട്ടു കാച്ചുന്ന വെളിച്ചെണ്ണ അകാല നര തടയുന്നതിനും മുടി കരുത്തോടെ വളരാനും സഹായിക്കും.
5. നെഞ്ചെരിച്ചിൽ ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവയ്ക്ക് ഇഞ്ചിനീരില് കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
6. അലർജി മൂലമുള്ള ചൊറിച്ചിലിനു കറിവേപ്പില ചതച്ചെടുത്ത നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒരു മാസം കഴിച്ചാൽ മതി.
7. കറിവേപ്പിന്റെ തളിരിലകൾ ചവച്ചു നീരിറക്കുന്നത് വായ്ക്കു രുചിയുണ്ടാക്കുന്നതിനു സഹായിക്കും.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന  അമിതമായ തോതിൽ വിഷമടിച്ച കറിവേപ്പിലയാണ് നമുക്ക് വിപണിയിൽ നിന്നും കിട്ടുന്നത്. അതിന്റെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും  ഒരു കറിവേപ്പെങ്കിലും നട്ടു വളർത്തുകയാണീ വിഷം വിലകൊടുത്തു വാങ്ങി കഴിക്കുന്നതിനൊരു യഥാർത്ഥ ബദൽ.

Wednesday, September 23, 2020

കുട്ടുറുവൻ പക്ഷിയെ കാണാത്തവർക്കായി എന്റെ ഈ വീഡിയോ.....

കുട്ടുറുവൻ പക്ഷി ( Barbets )



കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവൻ അഥവാ പച്ചിലക്കുടുക്ക

Monday, September 21, 2020

പഴം തീനി വാവലുകൾ

 പഴം തീനി വാവലുകൾ | നിപ്പാ വൈറസുകളുടെ ഇഷ്ട തോഴൻ

ഇന്ന് ഞാൻ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്തിയ പഴം തീനി വവ്വാലിന്റെ ചില ദൃശ്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു .. വീഡിയോ കാണുക 

 


 

 

 

വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണ വശാലും കഴിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക. 2018 ൽ കേരളത്തിൽ കോഴിക്കോട് 17 പേർ നിപ്പ ബാധിച്ചു മരിച്ചത് നമ്മൾ മറക്കരുത്. വവ്വാലുകളാണ് നിപ്പാ വൈറസിന്റെ പ്രധാന വാഹകർ .

ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കണ്ട .. 

Wednesday, September 9, 2020

ആനക്കൊമ്പൻ വെണ്ട കൃഷി രീതി

 

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.


അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവയൊക്കെ നല്‍കാം. . അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്തു പുളിപ്പിച്ച വെള്ളം നേര്‍പ്പിച്ച്‌ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. കായകള്‍ മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക, മൂക്കാന്‍ നിര്‍ത്തരുത്.

കീടാക്രമണം

വലിയ രീതിയില്‍ കീടങ്ങള്‍ ഒന്നും ബാധിച്ചില്ല, വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത്‌ നേര്‍പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.

Watch Youtube Video for more info

 
 

https://www.youtube.com/watch?v=DuCtnzESK_I

 

 

Wednesday, July 29, 2020

ബീമാപ്പള്ളിയിൽ അന്നൊരിക്കൽ ...

ല്ലാത്തൊരു ആത്മീയാനുഭവം അതാണ് ബീമാപ്പള്ളി.. ഭൂമിയിൽ ചിലയിടങ്ങൾ അങ്ങിനെയാണ് . വിശ്വാസികൾക്ക് അത് ആത്മനിർവൃതിയുടെ തീരങ്ങൾ. അവിശ്വാസികൾക്ക് ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുള്ളൊരിടം... ഏതായാലും അങ്ങിനെയൊരനുഭവമാണ് അവിടെ ചെന്നപ്പോൾ എനിക്കുമുണ്ടായത്..  വൈകുന്നേരത്തോടെയാണ് ഞാനും അനൂഫും കുടുംബവും ഒന്നിച്ചു അവിടെ സന്ദർശിച്ചത്..






വിശാലമായ മണൽപ്പരപ്പിൽ ഒരു വലിയ പള്ളി... വിശാലമായ അകംപള്ളി .. ഏതു സമയവും നല്ല കടൽകാറ്റ് .. എന്തോ ഒരു പ്രത്യേകതയുണ്ട് ..
ചില കാഴ്ചകൾ  നമുക്ക് എത്ര അനുഭവിച്ചാലും മതിയാവില്ല.. കാറ്റേറ്റ് അകംപള്ളിയിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ.....മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇനിയും വരണം എന്ന് മനസ്സിൽ കുറിച്ചു ...
ജീവിതത്തിൽ സൂഫികൾക്കു മാത്രം അനുഭവയോഗ്യമാവുന്ന ആത്മീയാനുരാഗം ... അതാണ് അതുതന്നെയാണ് എനിക്കും അവിടെ അനുഭവപ്പെട്ടത് ..

ഇനി അല്പം  ബീമാപ്പള്ളിയുടെ ചരിത്രം പറയാം... . ദിവ്യശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സെയ്ദുനിസ ബീമ ബീവിയുടെയും മകൾ സെയ്ദു ഷുഹാദ മഹീൻ അബുബാക്കറുടെയും ശവകുടീരം സ്ഥിതിചെയ്യുന്ന ബീമാപ്പള്ളി ദർഗ ഷരീഫ് പേരുകേട്ടതാണ്. എല്ലാ വർഷവും എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും ആയിരക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ഇവിടം  ഒരു ഉത്സവം നടക്കുന്നു. ആകർഷകമായ മിനാരങ്ങളുമുള്ള  കെട്ടിടമാണ് ബീമാപ്പള്ളി മസ്ജിദ്. മുഹമ്മദ് നബിയുടെ കുടുംബത്തിൽ പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന അത്ഭുതശക്തികളുള്ള ബീമ ബീവിയുടെ ശവകുടീരമാണ് ഈ പള്ളിയിലെ പ്രധാന ആകർഷണം. എല്ലാ മതവിശ്വാസികളും ബീമാപ്പള്ളിയിൽ നേർച്ചയ്ക്  വരുന്നുണ്ട് .
ഞങ്ങൾ അവിടെ നിൽക്കുമ്പോഴും കുറെ ആളുകൾ സന്ദർശകരായി അവിടെ വന്നു പോവുന്നു......


 ഇനി ബീമാപള്ളിയെ കുറിച്ച് സാക്ഷാൽ വിക്കിപീഡിയ തന്നെ പറയട്ടെ.....


കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം നൽകുകയുള്ളൂ എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

Continue Reading.....

🌱🌱🌱🌱🌱പഴങ്ങളെ അറിയുക🌱🌱🌱🌱🌱

ചാമ്പക്ക



പ്രകൃതി നമുക്ക് നല്‍കിയ പോഷകഗുണങ്ങളുള്ള നല്ലൊരു പഴമാണ് ചാമ്പക്ക. കുരു മുളപ്പിച്ചും കൊമ്പ് നട്ടുപിടിപ്പിച്ചും വളര്‍ത്താവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ മിക്ക വീട്ടുമുറ്റത്തും കാര്യമായ പരിചരണമൊന്നും നല്‍കാതെ നല്ല ഭംഗിയുള്ള ചാമ്പക്ക പഴങ്ങള്‍ വിളഞ്ഞുനില്‍ക്കാറുണ്ട്. മറ്റെല്ലാ പഴങ്ങളും കൃഷി ചെയ്യുന്നതുപോലെ ചാമ്പക്കയ്ക്കും കൃത്യമായ പരിചരണ രീതികള്‍ ഉണ്ട്.
കൃഷിരീതിയും വളപ്രയോഗവും
നന്നായി മൂത്ത് പഴുത്ത ചാമ്പക്കയുടെ ഉള്ളിലുള്ള വിത്ത് ആണ് നടീല്‍ വസ്തു. നന്നായി വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് കൃഷി ചെയ്യണം.
നടാനായി കുഴികള്‍ തയ്യാറാക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. സാധാരണ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയുമാണ് കുഴിയില്‍ വളമായി നല്‍കുന്നത്. മേല്‍മണ്ണുമായി ഇത് കൂട്ടിയോജിപ്പിക്കണം. ചാമ്പക്ക വിത്ത് നട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസത്തേക്ക് നന്നായി നനയ്ക്കണം. വേനല്‍ക്കാലമായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം.

ചട്ടിയിലും ചാമ്പക്ക നട്ടുവളര്‍ത്താം.  നല്ല ഉയരമുള്ള പാത്രങ്ങളില്‍ നട്ടാല്‍ വേര് നല്ല ആഴത്തില്‍ പോകും. മാസത്തില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താം. അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളില്‍ മുട്ടത്തോട്, നേന്ത്രപ്പഴത്തൊലി എന്നിവയെല്ലാം ചേര്‍ത്ത് അല്‍പ്പം കഞ്ഞിവെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് അരച്ചെടുക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചാമ്പക്കയുടെ വേരിന്റെ ഭാഗത്ത് നിന്നും അല്‍പ്പം വിട്ട് ഒഴിച്ചുകൊടുക്കാം. എന്നിട്ട് അല്‍പ്പം മണ്ണ് മുകളിലായി വിതറുക. ഇങ്ങനെ ചെയ്താല്‍ ധാരാളം പഴങ്ങള്‍ ഉണ്ടാകും.
അതുപോലെ കടലപ്പിണ്ണാക്ക് നല്ലൊരു വളമാണ്. ഒരു പാത്രത്തില്‍ കടലപ്പിണ്ണാക്ക് ഇട്ട് അല്‍പ്പം വെള്ളമൊഴിച്ച് അഞ്ച് ദിവസം വെക്കുക. പുളിച്ച് വരുമ്പോള്‍ തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ച് ചെടിയുടെ വേരില്‍ നിന്ന് അല്‍പ്പം വിട്ട് ഒഴിച്ചു കൊടുക്കാം. പഴങ്ങള്‍ ധാരാളം ഉണ്ടാകാനുള്ള മറ്റൊരു മാര്‍ഗമാണിത്.
ചൂട് മൂലം ചാമ്പക്ക പൊഴിയാതിരിക്കാന്‍ ചാമ്പക്കയുടെ ചുവട്ടില്‍ ചകിരി വെച്ചുകൊടുക്കാം. പച്ചിലകളും ഇട്ടുകൊടുക്കാം. അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.
നല്ല വെയിലത്ത് വളരുന്ന ചാമ്പക്കയില്‍ പുഴുക്കള്‍ കുറവാണ്. ഗന്ധകം പുകച്ചാല്‍ പുഴുവിനെ നശിപ്പിക്കാം.
ബാങ്കോക്ക് ചാമ്പ
ബാങ്കോക്കില്‍ നിന്ന് കേരളത്തിലെത്തിയ ചാമ്പക്കയാണ് ഇത്. ഈ ചാമ്പക്കയുടെ ഉള്ളില്‍ കുരുവില്ല. അതുകൊണ്ട് കമ്പ് മുറിച്ചുനട്ടാണ് വേര് പിടിപ്പിക്കുന്നത്.
സാധാരണ ചാമ്പക്ക നടുന്നത് പോലെ തന്നെയാണ് ബാങ്കോക്ക് ചാമ്പക്ക നടുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ഇതില്‍ കായയുണ്ടാകുന്നത്.
മലേഷ്യന്‍ ചാമ്പക്ക
വളരെ രുചികരമായ ചാമ്പക്കയാണ് മലേഷ്യന്‍ റെഡ് ചാമ്പക്ക. തൈ നട്ട് ഒരു വര്‍ഷം കഴിഞ്ഞാല്‍ കായ്ച്ചുതുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി വിളവ് ലഭിക്കും. കായകള്‍ മുഴുവന്‍ പറിച്ചെടുത്തു കഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്താം.
ജൈവവളങ്ങള്‍ നല്‍കാം. നനയ്‌ക്കേണ്ട ആവശ്യമൊന്നും ഇല്ല. നല്ല തേനിന്റെ രുചിയാണ് മലേഷ്യന്‍ ചാമ്പക്കയ്ക്ക്. ഒരു വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും വിളവെടുക്കാം.  വളരെ ഉയരത്തില്‍ വളരില്ല. അധികം വെള്ളമൊഴിച്ചാല്‍ മധുരം കുറയും.
ചാമ്പക്കയുടെ ഗുണഗണങ്ങള്‍
ചാമ്പക്കയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരത്തിലെ ജലനഷ്ടം പരിഹരിക്കാന്‍ ഇതുകൊണ്ടു കഴിയും. അതുപോലെ തന്നെ ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാനും കഴിയും.
ചാമ്പക്ക ഉണക്കിയെടുത്താല്‍ അച്ചാറിട്ട് സൂക്ഷിക്കാം. അതുപോലെ തന്നെ കുരു ഉണക്കിപ്പൊടിച്ച് കഴിച്ചാല്‍ തിമിരം, ആസ്ത്മ എന്നിവയ്ക്കുള്ള പരിഹാരമാണെന്ന് പറയപ്പെടുന്നു.
പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. നമ്മുടെ  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചാമ്പക്ക സഹായിക്കുന്നു.
സോഡിയം, അയേണ്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവ അടങ്ങിയ ചാമ്പക്ക വേനല്‍ക്കാലത്ത് ദാഹശമനിയായും ഉപയോഗിക്കാം. ചാമ്പക്ക കഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യത്തിനും മാനസിക ഉന്മേഷം ലഭിക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ജ്യൂസ്, സ്‌ക്വാഷ്, വൈന്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ഉത്തമമാണ് ഈ പഴം. പച്ചയ്ക്ക് കഴിക്കാനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ചാമ്പക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും വിദഗ്ധര്‍ പറയുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.
Google