Monday, July 27, 2020

കായം വേണോ? നട്ടുവളർത്താം കായച്ചെടി.



കായം  വേണോ?      നട്ടുവളർത്താം കായച്ചെടി.

തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം അതിരൂക്ഷമെന്നേ പറയേണ്ടു. കായത്തിനു പേരു കിട്ടിയതു തന്നെ ഈ സവിശേഷ ഗന്ധം അടിസ്ഥാനമാക്കിയാണ്. 'ഫെറുല അസഫോയ്റ്റിഡ' എന്നാണ് കായത്തിന്റെ സസ്യനാമം. 'ഫെറുല'എന്ന ലാറ്റിന്‍ പദത്തിന് 'വാഹകന്‍' എന്നര്‍ഥം. 'അസ' എന്നത് പശ എന്നര്‍ഥമുള്ള വാക്കിന്റെ ലാറ്റിന്‍ രൂപമാണ്. ഫിറ്റിഡസ് എന്ന ലാറ്റിന്‍ വാക്കിന് ദുര്‍ഗന്ധം എന്നര്‍ഥം. ദുര്‍ഗന്ധത്തിന്റെ വാഹകന്‍ എന്നാണ് കായച്ചെടിയുടെ പേരിനര്‍ഥം. എന്നാല്‍ പാചകത്തില്‍ ചേരുവയാക്കിക്കഴിയുമ്പോള്‍ അതു വളരെ മൃദുവായ ഗന്ധമായി മാറുന്നു. പ്രകടമായ ഈ ഭാവമാറ്റമാകാം കായത്തെ ഭക്ഷ്യവിഭവങ്ങളിലെ അവിഭാജ്യചേരുവയാക്കി മാറ്റിയതിനു പിന്നില്‍.

സസ്യപരിചയം

ബഹുവര്‍ഷവളര്‍ച്ചാസ്വാഭാവമുള്ള ചെടിയാണ് കായം. ഒന്ന്-ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് കായം നിര്‍മിക്കുന്നത്. വേരും തണ്ടും കൂടിച്ചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്. ഇറാന്‍ സ്വദേശിയാണ് കായച്ചെടി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇറാനിലെ മരുഭൂമികളിലും അഫ്ഗാനിസ്ഥാനിലെ മലനിരകളിലും നിന്നാണ് കായം ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഇന്ത്യയില്‍ കാഷ്മീരിലും പഞ്ചാബിന്റെ ചില പ്രദേശങ്ങളിലുമാണ് കായം കൃഷിയുള്ളത്.

കായം രണ്ടിനമുണ്ട്. പാല്‍ക്കായവും ചുവന്ന കായവും. ഇതില്‍ വെള്ളകായം വെള്ളത്തില്‍ ലയിക്കുമ്പോള്‍ ചുവന്ന കായം എണ്ണയിലേ ലയിക്കൂ. ചെടിത്തണ്ടിന് 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ ചുറ്റളവുണ്ടാകും. ഇലഞെട്ടിന് വീതി കൂടുതലാണ്. പൂക്കളുണ്ടാകുന്ന തണ്ടുകള്‍ക്ക് 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരവും 10 സെന്റീമീറ്റര്‍ കനവുമുണ്ടാകും. ഇളം പച്ചകലര്‍ന്ന മഞ്ഞ നിറമുള്ള പൂക്കള്‍ കുലകളായി ഉണ്ടാകും. ചെടിയുടെ വേരുകള്‍ മാംസളവും കട്ടിയുള്ളതും വിപുല വളര്‍ച്ചയുള്ളതുമാണ്. വേരുകളാണ് കായക്കറ ഉത്പാദിപ്പിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 600 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കായച്ചെടി വളരുന്നു.

കൃഷി എങ്ങനെ?

മണ്ണും മണലും കളിമണ്ണും കലര്‍ന്ന മണ്‍മിശ്രിതമാണ് കായക്കൃഷിക്ക് ഉത്തമം. നീര്‍വാര്‍ച്ചാ സൗകര്യം നിര്‍ബന്ധം. ഓഗസ്റ്റ് മാസത്തിലാണ് സാധാരണ കായം കൃഷി. നല്ല വെയില്‍ കിട്ടുന്ന സമയത്ത് കായച്ചെടി നന്നായി വളരും. ഇറാനിലെ മരുഭൂമികളില്‍ വളര്‍ന്ന ചെടി എന്നു പറയുമ്പോള്‍ അതിന്റെ സവിശേഷതകള്‍ ഊഹിക്കാമല്ലോ. ധാരാളം സൂര്യപ്രകാശം വേണം. ചെടികള്‍ തമ്മില്‍ അഞ്ചടി അകലം നല്‍കിയാണ് നടീല്‍. വിത്തു തെരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധവേണം. തയാറാക്കിയ കൃഷിസ്ഥലത്ത് രണ്ടടി അകലം നല്‍കിയാണ് വിത്തു പാകുന്നത്. വിത്തുകള്‍ ആദ്യഘട്ടത്തില്‍ ഗ്രീന്‍ഹൗസില്‍ വളര്‍ത്തി തൈകളാകുമ്പോള്‍ മണ്ണിലേക്ക് മാറ്റി നടുകയും ചെയ്യാം. നല്ല തണുപ്പും ഈര്‍പ്പവും കിട്ടുന്ന സാഹചര്യത്തിലാണ് വിത്തുകള്‍ മുളയ്ക്കുക. വിത്തു മുളയ്ക്കുന്ന ഘട്ടത്തില്‍ മതി നന. മണ്ണില്‍ നനവ് ഇല്ലാത്തപ്പോള്‍ മാത്രം നനയ്ക്കുക. അല്ലാതെ നനച്ചാല്‍ അതു ചെടിക്ക് ദോഷം ചെയ്യും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചകൊണ്ട് തൈ ഒരു ചെറുവൃക്ഷമായി മാറും. ഈയവസരത്തിലാണ് വേരിലും ചുവട്ടിലെ കിഴങ്ങില്‍ നിന്നും കറ ലഭിക്കുന്നത്. വേരുകള്‍ മണ്ണിനു പുറത്താക്കണം. 12 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ചുറ്റളവുള്ള കാരറ്റ് ആകൃതിയുള്ള നാരായവേരുകളാണ് കായക്കറ എടുക്കാന്‍ ഉത്തമം. മാര്‍ച്ച്-ഏപ്രില്‍ മാസം ചെടി പുഷ്പിക്കുന്നതിനു തൊട്ടു മുമ്പ് വേരിന്റെ മുകള്‍ഭാഗം വൃത്തിയാക്കി തണ്ടിനോട് ചേരുന്നിടത്ത് ചെറിയ മുറിവുണ്ടാക്കുന്നു. എന്നിട്ട് മണ്ണും ചുള്ളിക്കമ്പുകളും കൊണ്ട് അര്‍ധവൃത്താകൃതിയില്‍ കുടം പോലെ ഒരു രൂപമുണ്ടാക്കി മുറിവിനായി തുറന്ന ഭാഗം മൂടുന്നു. മുറിവില്‍ നിന്ന് പാലുപോലെ വെളുത്ത കറ വാര്‍ന്നു കൊണ്ടേയിരിക്കും. കുറച്ചു ദിവസം കഴിയുമ്പോള്‍ ഇങ്ങനെ പുറത്തു ചാടിയ കറ ചുരണ്ടിയെടുത്തിട്ട് വേരില്‍ പുതിയ മുറിവുണ്ടാക്കും. ഇങ്ങനെ കറയെടുക്കലും മുറിവുണ്ടാക്കലും തുടര്‍ച്ചയായി മൂന്നു മാസത്തോളം നീളും. അപ്പോഴേക്കും കറയൂറുന്നത് നിലയ്ക്കും. വേരും തണ്ടും ചേരുന്ന സ്ഥലം, വിത്തു കിഴങ്ങ്, നാരായവേര് തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്ന് കായക്കറ ശേഖരിക്കുന്ന പതിവുണ്ട്.


ഇങ്ങനെ എടുക്കുന്ന കറ സംസ്‌കരിച്ചാണ് കായപ്പൊടിയായും കട്ടയായും കുഴമ്പായും ഒക്കെ വിപണിയില്‍ എത്തിക്കുന്നത്. 50 ശതമാനത്തിലധികം അരിപ്പൊടിയും അറബിക്ക എന്ന പശയും ചേര്‍ത്താണ് യഥാര്‍ഥ കായക്കറ വിപണിയിലെത്തിക്കുന്നത്. ശുദ്ധമായ കായം അതിന്റെ അതിരൂക്ഷഗന്ധത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്തരത്തില്‍ ചില ചേരുവകള്‍ ചേര്‍ത്ത് ‘Compounded asafoetida' എന്ന പേരില്‍ വില്‍ക്കുന്നത്.

ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും മികച്ച സ്രോതസാണ് കായം. 100 ഗ്രാം കായത്തില്‍ 39 മില്ലിഗ്രാം ഇരുമ്പുസത്ത്, 690 മില്ലി ഗ്രാം കാത്സ്യം, 68 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, നാലു ഗ്രാം ഭക്ഷ്യയോഗ്യമായ നീര്, നാലു ഗ്രാം മാംസ്യം, 50 മില്ലി ഗ്രാം ഫോസ്ഫറസ്, ഒരു ഗ്രാം കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.


വര്‍ധിക്കുന്ന പ്രചാരം

ലോകത്താകെ ഉത്പാദിപ്പിക്കുന്ന കായത്തിന്റെ 40 ശതമാനവും ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ കൃഷി വ്യാപകമല്ലാത്തതിനാല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇറക്കുമതി അധികവും. അടുക്കളയിലെ വിഭവങ്ങളുടെ ചേരുവ എന്ന പരിധി വിട്ട് കായം ഇന്ന് നിരവധി ഭക്ഷ്യവിഭവങ്ങളിലും ആരോഗ്യ സുരക്ഷാ ഉത്പന്നങ്ങളിലും ഒക്കെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഇതിന്റെ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്.

ബ്രോങ്കൈറ്റിസ്, ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍, ദഹനപ്രശ്‌നങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവ ക്രമീകരിക്കാനുള്ള കഴിവ്, രക്തത്തെ നേര്‍മയാക്കാനുള്ള കൗമാരിന്‍ എന്ന ഘടകത്തിന്റെ സാന്നിധ്യം തുടങ്ങി വിവിധ കാരണങ്ങള്‍ ഇന്ന് കായത്തിന്റെ പ്രചാരം കുത്തനെ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നെന്ന് ഗുജറാത്തിലെ നാദിയാദില്‍ ഹിന്ദുസ്ഥാന്‍ ഹിഞ്ച് സപ്ലൈയിംഗ് കമ്പനി നടത്തുന്ന നവ്‌റോസ് ഖാന്‍ പറയുന്നു.

ഇന്ത്യയില്‍ കായത്തിന്റെ ഡിമാന്‍ ഡ് സ്വര്‍ണം പോലെയാണ്... സദാ വര്‍ധിച്ചുകൊണ്ടേയിരിക്കു- കാണ്‍ പൂര്‍ കേന്ദ്രീകരിച്ച് കായം ഇറക്കുമതി ചെയ്യുന്ന അഭിഷേക് പര്‍വര്‍ പറയുന്നു.

പ്രതിവര്‍ഷം 500 മുതല്‍ 700 ടണ്‍വരെ കായമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം കായം ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന കായത്തിന്റെ 92 ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നുതന്നെയാണ്.

പച്ചക്കായമാണ് ഇന്ത്യയിലെ സംരംഭകര്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് പിന്നീട് ഉപയോഗയോഗ്യമായ കായമാക്കി മാറ്റുകയാണ് ചെയ്യുക.

പോഷകമൂല്യം

കായത്തില്‍ 40 മുതല്‍ 60 ശതമാനം വരെ റെസിന്‍, 25 ശതമാനം പശ, 10 മുതല്‍ 17 ശതമാനം വരെ ബാഷ്പശീലതൈലം, ഒന്നു മുതല്‍ 10 വരെ ശതമാനം ചാരം എന്നിവ അടങ്ങിയിരിക്കുന്നു. കായത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനോ സള്‍ഫൈഡ് സംയുക്തങ്ങളാണ് അതിന്റെ വ്യത്യസ്ത ഗന്ധത്തിനും രുചിക്കും നിദാനം. ബ്യൂട്ടൈല്‍ പ്രൊപ്പിനില്‍ ഡൈസ ള്‍ഫൈഡ്, ഡൈ അല്ല സള്‍ഫൈഡ്, ഡൈ അലില്‍ ഡൈ സള്‍ഫൈഡ്, ഡൈ മീതൈന്‍ ട്രൈ സള്‍ഫൈഡ് എന്നിവയാണ് ഈ സംയുക്തങ്ങള്‍.

* രക്താതിമര്‍ദ്ദം കുറയ്ക്കുന്നു.
* രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുന്നു.
* ഉപദ്രവകാരിയായ എച്ച്1 എന്‍1 ഉള്‍പ്പെടെയുള്ള വൈറസുകളുടെ വര്‍ധന തടയുന്നു.
* യുനാനി ചികിത്സാവിധിയില്‍ ചുഴലിദീനത്തിന്റെ പ്രതിവിധിയായുപയോഗിക്കുന്നു.
* മുറിവുകളും പൊള്ളലുകളും വേദനശമിപ്പിച്ച് ഉണക്കാന്‍ കഴിവുണ്ട്.
* വിഷാദരോഗം അകറ്റി വിഷാദചിന്തകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
* ഉദരകൃമി, വിരനാശിനി
* ആര്‍ത്തവസംബന്ധമായ തകരാറുകള്‍ ക്രമീകരിക്കും, വേദന ശമിപ്പിക്കും.
കടപ്പാട്:
സുരേഷ് മുതുകുളം ,ഫാം ഇൻഫർമേഷൻ ബ്യൂറോ

Wednesday, July 22, 2020

പച്ച മഷി

ജീവിതത്തിൽ പലപ്പോഴും മാർക്‌ലിസ്റ്റുകളോ സെര്ടിഫിക്കറ്റുകളോ അറ്റെസ്റ് ചെയ്യാൻ ഗസറ്റഡ് ഓഫീസർസ് ന്റെ അരികിൽ പോകാത്തവർ വളരെ ചുരുക്കം ആയിരിക്കും...
അറ്റെസ്റ് ചെയ്യാൻ വേണ്ടി പോയപ്പോ എനിക്കുണ്ടായ ചില  അനുഭവങ്ങൾ  ഇവിടെ പങ്കുവെക്കട്ടെ..

മലബാർ ക്രിസ്റ്റൻ കോളേജിൽ B.Sc പഠിക്കുന്ന കാലം ... ഒബിസി ഫീ കൺസെഷനു വേണ്ടി എന്റെ ഫോട്ടോ ഒട്ടിച്ച സർട്ടിഫിക്കറ്റ് ഒന്ന് അറ്റെസ്റ് ചെയ്യണം .. അതിനായി ഞാനും എന്റെ ചങ്ക് ഫ്രണ്ട് ഉസ്മാനും കൂടി മാവൂർ റോഡിലെ വെറ്റിനറി ഹോസ്പിറ്റലിൽ പോയി... അവിടെ വെറ്റിനറി ഡോക്ടർ ഗസറ്റഡ് ആണല്ലോ...
ഞങ്ങൾ ഓഫീസിൽ പോയ നേരം ഡോക്ടർ ഓഫീസിൽ ഉണ്ട്.. ഞങ്ങൾ വാതിൽക്കൽ കുറെ നേരം നിന്നു. അവരുടെ അറ്റെൻഷൻ കിട്ടാതായപ്പോൾ ഞങ്ങൾ അനുവാദം ചോദിച്ചു അകത്തു കയറി.. അറ്റെസ്റ് ചെയ്യാൻ ആണെന്നറിഞ്ഞപ്പോൾ ആ ഗസറ്റഡ് യക്ഷി കൈ കൂപ്പി കൊണ്ട് പറഞ്ഞു ഇതൊന്നും എനിക്ക് പറ്റില്ല.. നിങ്ങൾ വേറെ ആരെടെതെങ്കിലും പൊയ്ക്കോ എന്ന് പറഞ്ഞു.. അന്ന് അവരോടു വല്ലാത്ത ദേഷ്യം തോന്നി...
അന്ന് മുതൽ ഈ ഗസറ്റഡ് ഓഫീസർസ് നോട് ഒരു തരം വെറുപ്പായിരുന്നു...  ആ വെറുപ്പ് മാറാൻ കാലങ്ങൾ എടുത്തു...

വീണ്ടും ഒരിക്കൽ ഇതുപോലെ ഒരു എഡ്യൂക്കേഷൻ ലോൺ എടുക്കാൻ ആധാരം അറ്റെസ്റ് ചെയ്യണം .. ബാങ്കിൽ പോയപ്പോൾ ആധാരം മാത്രമല്ല അടിയാധാരവും അറ്റെസ്റ് ചെയ്യണമത്രേ... എല്ലാം കൂടി ഒരു പത്ത് മുപ്പത് പേജ് ഉണ്ട്...ഇത്രയും അറ്റെസ്റ് ചെയ്യാൻ ഞാൻ എവിടെ പോവും.. അപ്പോഴാണ് മുസ്തഫ ഡോക്ടറിനെ പറ്റി ആരോ എന്നോട് പറഞ്ഞത്. അന്നദ്ദേഹം മണിയൂർ വെറ്റിനറി ഡോക്ടർ ആയി വർക്ക് ചെയ്യുന്ന കാലം. ഞാൻ ആധാരവും എടുത്തു അദ്ദേഹത്തിനടുത്തു പോയി...അദ്ദേഹം തിരക്കുകൾ കിടയിലും എല്ലാ പേപ്പറുകളും അറ്റെസ്റ് ചെയ്ത് തന്നു...

പിന്നെ കുറച്ചു വർഷങ്ങൾക്കു ഈ ഉള്ളവനും ഗസറ്റഡ് റാങ്കിൽ ഒരു സർക്കാർ ജോലി കിട്ടിയപ്പോൾ ആദ്യം പോയി ഞാൻ കണ്ടതും മുസ്തഫ ഡോക്ടറിനെ തന്നെ... ഇത്തരം അനുഭവം ഉള്ളത് കൊണ്ട് തന്നെ അറ്റെസ്റ്റേഷനു വേണ്ടി എന്റെ ഓഫീസിൽ വരുന്നവരെ ഞാൻ പിണക്കാറില്ല...
 
ഫൈസൽ പൊയിൽക്കാവ്

Sunday, July 19, 2020

ഇലന്തപ്പഴം

🌱🌱🌱🌱🌱🌱🌱 പഴങ്ങളെ അറിയുക🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇലന്തപ്പഴം



ശരീരത്തിലെ കോശതലത്തിൽപ്പോലും സന്ദേശവാഹകരായി പ്രവർത്തിക്കാൻ കഴിയുന്ന മോണോഫോസ്ഫേറ്റുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒരു പഴമുണ്ട്- പേര് ഇലന്ത. പ്രധാന ജീവകങ്ങൾ വേണ്ടുവോളം. ആപ്പിളിനേക്കാൾ നൂറിരട്ടി ജീവകം .സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര- ഇലന്തയ്ക്ക് വേറയും പ്രത്യേകതകളുണ്ട്.

ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന് പണ്ടേയുള്ള വിളിപ്പേരുകൾ. ജുജൂബ്, ജുജൂബ, റെഡ് ഡെയിറ്റ്,ചൈനീസ് ഡെയിറ്റ്, കൊറിയൻ ഡെയിറ്റ്, ഇന്ത്യൻ ഡെയിറ്റ്, ബേർ ആപ്പിൾഎന്നിങ്ങനെയും പേരുകൾ വേറേയും .
ഇലന്തമരം പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരും. ദീർഘ വൃത്താകൃതിയുള്ള ചെറിയ ഇലകൾക്ക് തിളങ്ങുന്ന പച്ചനിറം. എത്ര വരണ്ട കാലാവസ്ഥയിലും വളരാൻ കെൽപ്പുണ്ട്. ചെനീസ് ഇലന്തയും ഇന്ത്യൻ ഇലന്തയും വെവ്വേറെയുണ്ട്. ഇന്ത്യയിലാകട്ടെ തൊണ്ണൂറിലേറെ, ഇലന്ത ഇനങ്ങൾ പ്രചാരത്തിലുണ്ട്. ഇവയ്ക്കെല്ലാം വ്യത്യസ്ഥ സ്വഭാവവുമാണ്.

ഇന്ത്യൻ ഇതിഹാസങ്ങളിലും ഇലന്തമരത്തെക്കുറിച്ച് പരാമർശമുണ്ട്. രാമായണത്തിൽ രാമന്റെ പ്രത്യേക അനുഗ്രഹം വേണ്ടുവോളം ലഭിച്ച വൃക്ഷമാണ് ഇലന്ത. സീതയെ ആപത്ഘട്ടത്തിൽ അഭയം നൽകി രക്ഷിച്ചതിനാൽ ഇലന്തമരത്തിന് ശ്രീരാമൻ മികച്ച ദൃഢതയും ബലവും നൽകിയെന്നാണ് ഐതിഹ്യം. എത്രത്തോളം വെട്ടിമുറിച്ചാലും ഒരിക്കലും ഇലന്തമരം പൂർണമായും നശിക്കുകയില്ല. ഒരു വേരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അത് പൂർവാധികം കരുത്തോടെ പുനർജനിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും വരണ്ട പ്രദേശങ്ങളിലും കരുത്തോടെ വളരാൻ ഇലന്തമരത്തെ സഹായിക്കുന്നത് ശ്രീരാമന്റെ ഈ വരമാണെന്ന് കരുതുന്നു.

പതിവെച്ചും ഒട്ടിച്ചുമെടുത്ത തൈകൾ നട്ടാൽ ഇലന്ത നന്നായി വളരും. സൂര്യപ്രകാശ ലഭ്യത സമൃദ്ധമായ ഉഷ്ണമേഖലാ കാലവസ്ഥയിൽ വളരാൻ ഏറ്റവും അനുയോജ്യം. തുറസ്സായ സ്ഥലങ്ങളാണ് തണലിടങ്ങളേക്കാൾ നന്ന്. നല്ല വെളിച്ചം കിട്ടിയാൽ നന്നായി കായ് പിടിക്കും. മൂക്കാത്ത കായ്ക്കു പച്ചനിറമാണ്. പഴുക്കുമ്പോൾ ഇതു മഞ്ഞ കലർന്ന പച്ചയായി മാറും. നന്നായി പഴുത്താൽ നല്ല ചുവപ്പാകും.

കായ് ചുവന്ന് പഴുത്തു കഴിഞ്ഞാൽ പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചയ്ക്ക് ഈന്തപ്പഴമെന്നേ തോന്നൂ. അങ്ങനെയാണ് ഇലന്തയ്ക്ക് ഇന്ത്യൻ ഈന്തപ്പഴം എന്ന പേര് വിദേശികൾ നൽകിയത്. ഇലന്തപ്പഴത്തിന് മഞ്ഞകലർന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണ് കഴിക്കാൻ ഏറ്റവും മികച്ച സമയം.
മണൽ കലർന്ന നീർവാർച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്ക് വളരാനിഷ്ടം. മഴയിലും അന്തരീക്ഷോഷ്മാവിലും സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ പോലും ഇലന്ത സഹിക്കും. .
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇലന്തപ്പഴത്തിന്റെ വിളവെടുപ്പുകാലം. പതിവെച്ചോ ഒട്ടിച്ചെടുത്തതോ ആയ തൈകൾ വിത്തുതൈകളേക്കാൾ നേരത്തെ കായ്പിടിക്കാൻ തുടങ്ങും. മറ്റു ചിലതാകട്ടെ ഫെബ്രുവരി-മാർച്ച് മധ്യത്തോടെയേ ആരംഭിക്കൂ. നന്നായി വിളഞ്ഞ പഴങ്ങൾ മാത്രമേ വിളവെടുക്കേണ്ടതുള്ളു. ഇവ തുറന്ന സഞ്ചികളിൽ തന്നെ സംഭരിക്കുകയും വേണം.

പഴുത്ത പഴം അതേപടി കഴിക്കാം. പൂർണമായും വിളയാത്ത കായകൾ കീറി ഉപ്പിലിട്ട് അച്ചാർ പോലെ ഉപയോഗിക്കാം. പച്ചമാങ്ങ പോലെ ഇത് ഉപ്പുപൊടി കൂട്ടി സ്വാദിഷ്ടമായി കഴിക്കുകയുമാവാം. പഴത്തിന്റെ കാമ്പ് ഉണക്കി പുളിപ്പിച്ച് റൊട്ടിയാക്കുന്ന പതിവ് ആഫ്രിക്കൻ നാടുകളിലുണ്ട്.                       കടപ്പാട്:                      ജേക്കബ് തോമസ് ചെറിയാൻ

Saturday, July 18, 2020

കൃഷിവകുപ്പിൽ യുവാക്കൾക്ക് പരിശീലനം


 കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ  സുഭിക്ഷ ഷകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ആയി കൃഷിവകുപ്പിൽ ആറുമാസത്തെ പരിചയ - പരിശീലന പരിപാടിക്കായി ( ഇന്റെണ്ഷിപ്പ് പ്രോഗ്രാം) അപേക്ഷിക്കാവുന്നതാണ്. കൃഷി ബിരുദധാരികൾ, കൃഷി ഡിപ്ലോമകാർ, വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരികൾ, മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ, മാനേജ്മെന്റ്ഡിപ്ലോമ കാർ, നിലവിൽ ഈ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഈ പരിപാടിയിൽ ചേരാം. കാർഷികരംഗത്തെ വിവരശേഖരണം, കർഷകരോട് നേരിട്ടിടപെട്ട് അനുഭവജ്ഞാനം നേടൽ, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റാ എൻട്രി എന്നീ മേഖലകളിൽ പരിചയം ആർജ്ജിക്കുവാൻ ഈ പരിപാടി സഹായകരമാകും.
 ജില്ലാ കൃഷി ഓഫീസ്( പത്തുപേർ), കൃഷി അസിസ്റ്റന്റ് ഡയറക്ടർ( രണ്ടു പേർ) കൃഷി ഭവൻ (അഞ്ചുപേർ),  കൃഷി ഡയറക്ടറേറ്റ്( പത്തുപേർ) എന്നീ ക്രമത്തിലാണ് ഇന്റെണ്കൾക്ക് അവസരമുള്ളത്. ആറുമാസത്തെ പരിശീലനകാലം പൂർത്തിയാക്കുമ്പോൾ അവർക്ക് കൃഷി വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. താല്പര്യമുള്ളവർ മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നേരിട്ടോ, internshipdirectorate@gmail. com എന്ന ഈ മെയിൽ വിലാസത്തിലോ സാക്ഷ്യ പത്രങ്ങളുടെ പകർപ്പുകളും, തിരിച്ചറിയൽ രേഖയുടെ പകർപ്പുകളും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ 31. 7. 2020 വരെ സ്വീകരിക്കുന്നതാണ് എന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

Thursday, July 16, 2020

Peanut Butterfruit

🍀🍀🍀🍀🍀🍀🍀🍀പഴങ്ങളെ അറിയുക
🌱🌱🌱🌱🌱🌱🌱


          പീനട്ട് ബട്ടർഫ്രൂട്





പേരുകേട്ട് ഊഹിക്കുന്നതിനു മുൻപേ പറയാം  കടലയുടെ രുചി തന്നെയാണ് ഈ ചെടിയുടെ പഴത്തിന്.  എന്തായാലും ആള് വിദേശിയാണ് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളര്‍ന്ന് ഫലംതരുന്ന പീനട്ട് ബട്ടർ ഫ്രൂട്ട് ചെടിയെ വിദേശമലയാളികളാണ് നാട്ടില്‍ എത്തിച്ചത്.വലിയ ഒറ്റ ഇലകൾ ആണ് ഇതിനു ഉള്ളതെങ്കിലും അധികം വലിപ്പം വയ്ക്കാത്ത ഒന്നാണിത്. വിദേശ പഴങ്ങൾ താരങ്ങളാകുന്ന ഈ കാലത്തു പീനട്ട് ബട്ടർ ഫ്രൂട്ടും നഴ്സറികളിൽ വില്പനയ്ക്കുണ്ട്. ചില വിദേശ പഴങ്ങളുടെ പ്രത്യേകത എന്തെന്നാൽ അവ സാലഡ്, കറികൾ എന്നിവയിൽ ചേർക്കാനും പഴുത്താൽ പഴമായി കഴിക്കാനും സാധിക്കുന്ന എന്നതാണ്. അവോക്കാഡോ, ആഫ്രിക്കൻ സഫാവു എന്നിവയെ പോലെ പീനട്ട് ബട്ടർഫ്രൂട്ട്  മൂപ്പെത്തുന്നതിനുമുമ്പ് കറി ഉണ്ടാക്കുവാനും ഉപയോഗിക്കാം.മഞ്ഞ കലർന്ന ചുവപ്പു നിറമുള്ള കായ്കൾ പഴുക്കുമ്പോൾ കടും ചുവപ്പു നിറമായി തീരുന്നു.പോഷകങ്ങളുടെ കലവറയാണ് ഈ പഴം.

വിത്തുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രജനനം .പഴുത്ത കായ്കളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ
പാകി തൈകൾ ഉണ്ടാക്കാം. ഒരു വർഷം നന്നായി പരിചരിച്ചതിനു ശേഷമേ തൈകൾ പറിച്ചു നടാൻ പാടുള്ളൂ. വലിയ വെയിൽ ആവശ്യമില്ല. ജൈവവളം, ചാണകം തുടങ്ങിയവ ഇട്ട്  പരുവപ്പെടുത്തി മണ്ണിൽ രണ്ടടി ആഴത്തിൽ ചതുരത്തിൽ എടുത്ത കുഴിയിൽ തൈ നാട്ടു കൊടുക്കാം.ചെറിയ ഡ്രമ്മിലോ ചാക്കിലോ പോലും ഈ ചെടി വളർത്താം ജൈവവളങ്ങളും വെള്ളവും നല്‍കി പരിചരിച്ചാല്‍ ഇവ രണ്ടു വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്ന പീനട്ട് ബട്ടർഫ്രൂട്ട് ചെടി നല്ലൊരു കാഴ്ച്ചയാണ്.
   കടപ്പാട്: കൃഷി ജാഗരൺ

Wednesday, July 15, 2020

കുറ്റിപ്പുറം പാലത്തിലൂടെ കൂടല്ലൂരിലേക്ക് ....


പാലക്കാട് ജില്ലയെ മലപ്പുറവുമായി അതിരിടുന്ന നിളയുടെ തീരത്തെ ഒരു കൊച്ചു ഗ്രാമം അതാണ് കൂടല്ലൂർ .  അവിടെയാണ്  എം.ടി യുടെ വീട് .
നാലുകെട്ട് , അസുരവിത്ത് , കാലം എന്നീ നോവലുകളുടെ  ഭൂമിക ...ഞാൻ അവിടെ സേതുവിനെയും , ഗോവിന്ദന്കുട്ടിയെയും , അപ്പുവിനെയും , സുമിത്രയെയും ഒക്കെ അക ക്കണ്ണാൽ കണ്ടു... പക്ഷെ എം.ടി യെ കാണാൻ മാത്രം  അന്ന് എനിക്ക് ഭാഗ്യമില്ലാതെ പോയി.. വീട് അടച്ചിട്ടിരിക്കുന്നു ...പിന്നീട് കുറെ കാലത്തിനു ശേഷം കോഴിക്കോട് മാതൃഭൂമിയിൽ വെച്ച് അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി...

 " എനിക്ക് നിങ്ങളെ ഇഷ്ടമാണ് ..
കാരണമൊന്നുമില്ല ..വഴിയിൽ തടഞ്ഞു നിർത്തില്ല 
പ്രേമലേഖനമെഴുതില്ല ഒന്നും ചെയ്യില്ല .
ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്  " 

ഇത് മഞ്ഞ് എന്ന നോവലിലെ എം.ടി യുടെ തന്നെ പ്രശസ്‌തമായ വരികൾ....
അത് പോലെ എനിക്കിഷ്ടമാണ് എം.ടി യെ അദ്ദേഹത്തിന്റെ കഥകളെ....

മലയാളിക്ക് അക്ഷരങ്ങളിലൂടെ, നിളയുടെ കുളിരും ഗൃഹാതുരത്വവും പകർന്ന സാഹിത്യകാരന് ഹൃദയത്തിൻ്റെ ഭാഷയിൽ പിറന്നാളാശംസകൾ..


ഫൈസൽ പൊയിൽക്കാവ് 

അവക്കാഡോ ( ബട്ടർ ഫ്രൂട്ട് )

റ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ “ബട്ടര്‍ ഫ്രൂട്ട്” എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന് അവക്കാഡോ കൃഷി പ്രചാരത്തിലുള്ളു.
ഇനങ്ങള്‍
അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് “ഫ്യൂവര്‍ട്ട്”. ഈ ഇനം “ബി” വിഭാഗത്തില്‍പ്പെടുന്നു. “എ” വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് “ഹാസ്”. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് “പൊള്ളോക്ക്”.
തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഇനമാണ് “ടി.കെ.ഡി.1. കടും പച്ച നിറത്തിലും ഗോളാകൃതിയിലുമുള്ള ഇവയുടെ കായ്കള്‍ക്ക് ഇടത്തരം വലിപ്പമാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 260 കിലോ വിളവ് കിട്ടും. അധികം വലിപ്പം വയ്ക്കാത്ത ചെടികളായതിനാല്‍ കൂടുതല്‍ എണ്ണം കൃഷിചെയ്യാം. കായ്കള്‍ നേരത്തെ മൂക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.
അവക്കാഡോയില്‍ ദ്വിലിംഗപുഷ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെപ്പോലെയാണ് പെരുമാറുക. ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രാണ്ടാമത് വിരിയുമ്പോള്‍ ആണ്‍പൂവായും പ്രവര്‍ത്തിക്കും. പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥനമാക്കി അവക്കാഡോ ഇനങ്ങളെ “എ” “ബി”എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തിവേണം നടാന്‍. സാധാരണയായി “എ” “ബി” വിഭാഗങ്ങള്‍ 1;1 അഥവാ 2 :1 എന്ന അനുപാതത്തിലാണ് നടാറ്. തേനീച്ചകളാണ് പ്രധാനമായും പരാഗണം നടണ്ടത്തുന്നത്.
കൃഷിരീതി
വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. മെക്‌സിക്കന്‍ ഗ്വാട്ടിമാലന്‍ ഇനങ്ങള്‍ മിതോഷ്ണ മേഖലയിലും വെസ്റ്റിന്ത്യന്‍ ഇനങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യാം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് നടീല്‍ വസ്തു. വിത്ത് എത്രയും വേഗം പാകണം. നടും മുമ്പ് വിത്തുകളുടെ പുറംതോട് നീക്കണം.





വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. വിത്ത് പൂര്‍ണ്ണമായി മുളയ്ക്കുവാന്‍ 55-95 ദിവസം വേണം. ഒരു വി ത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചും നടാം. വശം ചേര്‍ത്തൊട്ടിക്കല്‍, പാളി മുകുളനം, വായവ പതിവയ്ക്കല്‍, ചിപ്പ് മുകുളനം എന്നിവയാണ് സാധാരണയായി ചെയ്തുവരുന്ന കായിക പ്രവര്‍ത്തന രീതികള്‍.
കാലവര്‍ഷാംരംഭത്തോടെ അവക്കാഡോ തൈകള്‍ നഴ്‌സറിയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് മാറ്റി നടാം. ഇതിന് നേരത്തെ തന്നെ കുഴികള്‍ തയ്യാറാക്കണം. ഏകദേശം 60 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്ത് അവ മേല്‍മണ്ണും കാലിവളവും ചേര്‍ ത്ത് മൂടുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടികള്‍ നടാം. വളര്‍ച്ചാ സ്വഭാവമനുസരിച്ച് 6 മുതല്‍ 12 മീറ്റര്‍ അകലത്തിലാണ് ചെടികള്‍ നടുന്നത്. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍, കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. ഇവിടങ്ങളില്‍ തോട്ടത്തിനുചുറ്റും മറ്റ് വൃക്ഷങ്ങള്‍ നട്ട് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കണം.
മഴ കുറഞ്ഞസ്ഥലങ്ങളില്‍ നനയ്ക്കണം. സ്പ്രിംഗ്‌ളര്‍ രീതിയിലുള്ള ജല സേചനമാണ് കൂടുതല്‍ ഫലവത്ത്. വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം. വളം ചെയ്യുന്നതിന് മുമ്പ് തടം ചെത്തി വൃത്തിയാക്കണം. നട്ട് ഒന്നാം വര്‍ഷം ചെടിയൊന്നിന് മെയ്-ജൂണ്‍ മാസം 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 60 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന അനുപാതത്തില്‍ വളമിശ്രിതവും സെപ്റ്റംബര്‍-ഒക്‌ടോണ്ടബര്‍ മാസം വീണ്ടും 25 ഗ്രാം യൂറിയയും നല്‍കുക.
രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം മെയ്-ജൂണിലും 35ഗ്രാം യൂറിയ സെപ്റ്റംബര്‍ – ഒക്‌ടോബറിലും നല്‍കണം. മൂന്നാം വര്‍ഷം ഇത് യഥാക്രമം 1.5 കിലോഗ്രാം വളമിശ്രിതവും 45 ഗ്രാം യൂറിയ എന്ന തോതിലും നാലാംവര്‍ഷം മുതല്‍ 2 കിലോഗ്രാം വളമിശ്രിതവും 65 ഗ്രാം യൂറിയ എന്ന തോതിലും ആകണം.
ഇന വളര്‍ച്ചാസ്വഭാവമനുസരിച്ച് കമ്പ്‌കോതി അവയുടെ വളര്‍ച്ച നിയണ്ടന്ത്രിക്കാം. കുത്തനെ വളരുന്ന “പൊള്ളോക്ക്” തുടങ്ങിയ ഇനങ്ങളില്‍ തായ്ത്തടിയുടെ ഉയരം ക്രമീകരിച്ച് വശങ്ങളിലേയ്ക്ക് വളരാന്‍ അവസരം നല്‍കണം. പടര്‍ന്ന് വളരുന്ന “ഫ്യൂവര്‍ട്ട്” പോലെയുള്ള ഇനങ്ങളില്‍ പാര്‍ശ്വ ശാഖകളുടെ നീളം കുറച്ച് പടരുന്ന സ്വഭാവം നിയണ്ടന്ത്രിക്കണം.
വിളവെടുപ്പ്
വിത്ത് തൈകള്‍ പുഷ്പിക്കുവാന്‍ 5-6 വര്‍ഷം വേണം ഒട്ടു കായിക ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. ഒരു മരത്തില്‍നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്കള്‍ വരെയാണ്. ഒരു കായ്ക്ക് ശരാശരി 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ലഭിക്കും. ഏകദേശം 6 വര്‍ഷം പ്രായമായ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും ശരാശരി 20-25 ടണ്‍ വിളവ് പ്രതീക്ഷിക്കാം.
കായ്കള്‍ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറുമാസത്തിനുള്ളില്‍ കായ്കള്‍ മൂത്ത് പാകമാകും. എന്നാല്‍ തണുപ്പുകൂടിയ പ്രദേശങ്ങളില്‍ കായ്കള്‍ മൂക്കാന്‍ 12 മുതല്‍ 18 മാസം വേണം. തെക്കെ ഇ ന്ത്യയില്‍ ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളാണ് സാധാരണ വിളവെടുപ്പ് കാലം.
മൂപ്പെണ്ടത്തിയ കായ്കള്‍ പഴുക്കുന്നതിന് പറിച്ച് വയ്ക്കുന്നു. കായ്കള്‍ ചെടികളില്‍ തന്നെ നിലനിര്‍ത്തിയാല്‍ അവ പഴുക്കുന്നത് താമസിപ്പിക്കാന്‍ സാധിക്കും. മറ്റ് പഴങ്ങളെ അപേക്ഷിച്ച് സ്വാദ് കുറവായതിനാല്‍ അവക്കാഡോപ്പഴം വിപണികളില്‍ വിറ്റണ്ടഴിണ്ടയാന്‍ പ്രയാസമാണ്. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച് രുചികരമായ ഉത്പന്നങ്ങള്‍ ഉാക്കാവുന്നതാണ്.
മൂെപ്പത്തിയതും പഴുക്കാത്തതുമായ കായ്കള്‍ ഉപയോഗിച്ച് അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. ഇതിനോടൊപ്പം ഉണക്കിയ മാങ്ങാ കഷ്
ണങ്ങള്‍ കൂടി ചേര്‍ത്ത് സ്വാദിഷ്ഠമാക്കാം. പഴുത്ത പഴങ്ങള്‍ ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക് എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. പള്‍പ്പ് പിന്നീടുള്ള ആവശ്യത്തിന് വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. അവക്കാഡോ പള്‍പ്പ് ചില മാംസ പാചകങ്ങളിലും ചേരുവയാണ്.
അവക്കാഡോ വിത്തുകളില്‍ നിന്ന് സസ്യഎണ്ണയും വേര്‍തിരിെച്ചടുക്കാം. ഇത് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ധാരാളമായി ഉപയോ
ഗിക്കുന്നു. ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത് ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത് പ്രാധാന്യം നേടിവരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് വളരെ യോജിച്ചതാണ്. എന്നാല്‍ തോട്ടമടിസ്ഥാനത്തിലുള്ള കൃഷി ഇപ്പോഴും വ്യാപകമായിട്ടില്ല. പക്ഷേ നല്ല കയറ്റുണ്ടതി സാധ്യത ഈ പഴത്തിന് എല്ലാക്കാലത്തുമുണ്ട്. വന്‍ നഗരങ്ങളില്‍ ആവശ്യകത ഏറി വരികയുമാണ്. അതിനാല്‍ കൃഷിരീതികളെ സംബന്ധിച്ച് കൂടുതല്‍ അവ കര്‍ഷകരില്‍ യഥാസമയം എത്തിച്ചാല്‍ ഏറെ വാണിജ്യസാധ്യതയുള്ള അവക്കാഡോ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കും.

Courtesy :ഡോ. പി. എസ്. മനോജ്
Google