Sunday, July 14, 2024

*കുറ്റിച്ചിറ മിശ്ക്കാൽ പള്ളി*


പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ മിശ്ക്കാൽ പള്ളി. 

കച്ചവടാവശ്യാർത്ഥം യെമനിൽ നിന്നും ഇന്ത്യയിൽ എത്തിയ അറബികളുടെ സംഭാവനയാണ് മിശ്ക്കാൽ പള്ളി. ഇന്നലെ പള്ളിയുടെ നാല് നിലകളും കയറി കാണാനുള്ള അവസരം ലഭിച്ചു.  

കരവിരുതിൻ്റെ കൊത്തുപണിയിൽ തീർത്ത പള്ളി  ഒരു മഹാത്ഭുതമായി ഇന്നും തുടരുന്നു.

പള്ളി കോമ്പൗണ്ടിന് തൊട്ടടുത്ത മാളികപ്പുരയിലെ മുഹമ്മദ് കോയക്ക ഇബ്നു ബത്തൂത്തയുടെ സഞ്ചാര സാഹിത്യത്തിൽ  മിശ്ക്കാൽ പള്ളിയുടെ ചരിത്രം പരാമർശിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് എനിക്ക് ഒരു പുത്തൻ അറിവായിരുന്നു.   

മീഞ്ചന്ത ഗവൺമെൻ്റ്  ആർട്സ് & സയൻസ് കോളേജിൽ നിന്നും ലൈബ്രേറിയനായി റിട്ടയർ ചെയ്ത മുഹമ്മദ് കോയക്ക പള്ളിയുടെ ചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1510 ൽ പറങ്കികളുടെ പീരങ്കിയാക്രമണത്തിൽ കേടുപാടുകൾ പറ്റിയ മിശ്കാൽ പള്ളി സാമൂതിരി പുനർ നിർമ്മാണം നടത്തുകയായിരുന്നു എന്ന് ചരിത്ര രേഖകളിൽ കാണാം.


ജീവിതം തന്നെ ഒരു നീണ്ട യാത്രയാണ് ..... യാത്രയിൽ ഉടനീളം നമ്മൾ നല്ലൊരു സഞ്ചാരിയാവണം.


✒️ Faisal poilkav

Monday, July 8, 2024

പുള്ളിയൻ - ഒരു വായനാനുഭവം

 മനസ്സു വെച്ചാൽ പനിക്കാലം ഒരു വായനാ കാലം തീർക്കും.




സോമൻ കടലൂരിൻ്റെ പുള്ളിയൻ എന്ന നോവൽ കുറച്ചായി പുസ്തക ഷെൽഫിൽ സുഷുപ്തിയിലാണ്. 

 പുള്ളിയന് ജീവൻ വെക്കാൻ ഒരു പനിക്കാലം വേണ്ടി വന്നു.  പനിചൂണ്ടയിൽ കുരുങ്ങിയ പുള്ളിയൻ തിരണ്ടി മനസ്സിനെ  വലിച്ചു കൊണ്ടു പോവാൻ തുടങ്ങി.

ഇപ്പോൾ കണ്ണടയ്ക്കുമ്പോൾ എനിക്ക് കടലിരമ്പം കേൾക്കാം. പുള്ളിയനും, കടുകപാരയും, കടും പിരിയും, ചെമ്പല്ലിയും,  ബാമീനും പിന്നെ പേരറിയാത്ത കോടാനു കോടി മൽസ്യങ്ങളും മദിച്ചു പുളയുന്ന കടൽ. ഞാൻ വളർന്ന പയ്യോളിയും കടലൂരും തമ്മിൽ അത്ര ദൂരമില്ല. അത് കൊണ്ടാവാം സോമൻ മാഷെ എല്ലാ ഭാഷാ പ്രയോഗങ്ങളും എനിക്ക് * മാർക്ക് നോക്കാതെ വായിച്ചു പോകാം..
കര കാണാ കടൽ തീർക്കുന്ന ദൃശ്യ വിസ്മയം, നിസ്സാരത, നിസ്സഹായത എല്ലാം പുള്ളിയനിലുണ്ട്.

നോവലിലെ മുഖ്യ കഥാപാത്രമായ ചിരുകണ്ടനിലൂടെ കടൽമാത്രമല്ല കടലുങ്കര ( കടലൂർ )ദേശത്തിൻ്റെ കഥ കൂടി മെനയുകയാണ് സോമൻ മാഷ്.
മിത്തും റിയാലിറ്റിയും ഇടകലരുന്ന മാഷിൻ്റെ എഴുത്ത് മനോഹരം . 
യു.കെ കുമാരൻ്റെ തക്ഷൻകുന്ന് സ്വരൂപം തച്ചൻകുന്ന് എന്ന ദേശത്തിൻ്റെ ചരിത്രം പറയുമ്പോൾ സോമൻ മാഷിൻ്റെ പുള്ളിയൻ കടലൂരിൻ്റെ ചരിത്രമാണ്. രണ്ടും ഒന്നിനൊന്നു മെച്ചം. ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ
ഓരോ നാടിനും ഇങ്ങനെ എഴുത്തുകാർ ഉണ്ടായെങ്കിൽ എന്നാശിച്ചു പോകുന്നു.

പുറം കടലിൽ മൽസ്യ ബന്ധനം നടത്തുന്ന മുക്കുവരുടെ ജീവിതം അനാവരണം ചെയ്യുകയാണ്  സോമൻ മാഷ് ഈ നോവലിൽ.

 വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന മൊയ്തീൻക്ക പീടിക പറമ്പിൽ കുഞ്ഞമത്ക്കയുടെ ചായ പീടികയിൽ നിന്ന് അവരുടെ കടലനുഭവം പങ്കു വെക്കുന്ന കൂട്ടത്തിൽ ചായിക്കാരൻ ചായിക്കാരൻ എന്നു പറയുന്നത് പലപ്പോഴും  കേട്ടിട്ടുണ്ട് പക്ഷെ പുള്ളിയൻ വായിച്ചതിന് ശേഷമാണ് അകകണ്ണ് കൊണ്ട് കടലിൻ്റെ ആഴം അളന്ന് മീനിനെ വലയിലാക്കുന്ന ആളാണ് വള്ളത്തിലെ 'ചായിക്കാരൻ' എന്ന് മനസ്സിലായത് .

ചായിക്കാരൻ എന്ന പദം  ഇന്നത്തെ ന്യൂ ജെൻ കേൾക്കാൻ സാധ്യതയില്ല കാരണം   അക്വാസ്റ്റിക് സോണാർ ചായിക്കാരനെ എപ്പോഴൊ കടലിലെറിഞ്ഞു കഴിഞ്ഞിരിക്കുന്നു.മലയാളത്തിൽ  അന്യം നിന്ന് പോകാൻ ഇടയുള്ള ഒരു മലയാള പദമായിരിക്കും ഇനി ' ചായിക്കാരൻ '.

പുള്ളിയനിലെ ഐങ്കരമുത്തപ്പൻ പറയുന്നത് പോലെ  " മീമ്പണിക്കാർക്ക് എയുത്തില്ല " . അതിനാൽ മീമ്പണിക്കാരുടെ കടലനുഭവങ്ങൾ പുറം ലോകം അറിഞ്ഞുമില്ല. പുള്ളിയനിലൂടെ കടലനുഭവങ്ങൾ വായിക്കുമ്പോൾ സോമൻ മാഷിനോട് വല്ലാത്തൊരു ഇഷ്ടം തോന്നും.

പുള്ളിയൻ വായനയിലൂടെ കടലറിവുകളുടെ ആഴങ്ങളിലേക്ക് നമുക്ക് ഊളിയിടാം .

Book Review by
Faisal poilkav 

Thursday, July 4, 2024

ഐ ലൗവ് യു



സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ?




ചെറിയ കുഞ്ഞായിരുന്നപ്പോൾ അമ്മയുടെയും അച്ഛൻ്റയും സ്നേഹം , വളർന്നു വന്നപ്പോൾ സഹോദര സ്നേഹം , പിന്നീടെപ്പോഴോ ജൈവീകമായി എതിർ ലിംഗത്തിനോട് തോന്നിയ സ്നേഹം ( പ്രേമം ), ഭാര്യാ ഭർതൃ സ്നേഹം , എക്സ്ട്രാ മരിറ്റല് സ്നേഹം ( പ്രണയം) . വാർദ്ധക്യത്തിൽ അച്ഛനമ്മമാർ മക്കളിൽ നിന്ന്  കൊതിക്കുന്ന സ്നേഹം  ..... അങ്ങനെ സ്നേഹത്തിന് പല മുഖങ്ങൾ.


സ്നേഹം മാസ്മരികമാണ്. അതു സ്നേഹമാവട്ടെ പ്രേമമാവട്ടെ പ്രണയമാവട്ടെ തികച്ചും നിസ്വാര്‍ത്ഥമായിട്ടാണെങ്കില്‍ മനസ്സുകളെയടുപ്പിക്കുവാനുള്ള അതിന്‍റെ മാസ്മരീകതയ്ക്ക് ആകാശത്തോളം വിശാലതയുണ്ടാവും.


കുമാരനാശാൻ പാടിയതു പോലെ

സ്നേഹിക്കയുണ്ണീ നീ നിന്നെ

ദ്രോഹിക്കുന്ന ജനത്തെയും

ദ്രോഹം ദ്വേഷത്തെ നീക്കിടാ

സ്നേഹം നീക്കിടുമോർക്ക നീ!


പ്രേമവും പ്രണയവും സ്നേഹവും കൊണ്ട് നമുക്ക് സര്‍വ്വ ലോകങ്ങളും കീഴടക്കാം.


# I love you all 

Faisal poilkav

Google