Saturday, June 15, 2024

നാറാണത്തു ഭ്രാന്തനെ ചെന്ന് തൊടുമ്പോൾ.

 പട്ടാമ്പി സ്റ്റേഷനിൽ ട്രെയ്ൻ ഇറങ്ങി ആമയൂർ , കൊപ്പം വഴി രായനല്ലൂർ. 

കുന്നിൻ മുകളിലേക്ക് കല്ലുരുട്ടി കയറ്റി അതിനെ താഴോട്ട് തള്ളിയിട്ട് കൈ കൊട്ടി ചിരിക്കുന്ന നാറാണത്തുഭ്രാന്തൻ . ക്ലാസ്സിൽ ടീച്ചർ ഈ കഥ പറയുമ്പോൾ മനസ്സിലുടലെടുത്ത ആഗ്രഹമായിരുന്നു ആ കുന്ന് കയറുക എന്നത്. രായിരം കുന്ന് പാലക്കാട് ജില്ലയിലാണെന്ന്  അന്ന് ടീച്ചർ പറഞ്ഞത് ഓർമ്മയുണ്ട്

കുറേ വർഷങ്ങൾക്കിപ്പുറം കുന്ന് കയറാൻ തന്നെ തീരുമാനിച്ചു.  പറയിപെറ്റ പന്തിരുകുലത്തിലെ അവസാന സന്തതി നാറാണത്തു ഭ്രാന്തൻ സഞ്ചരിച്ച വഴികളിലൂടെ ഒരു യാത്ര . ചുറ്റും പച്ചപ്പു നിറഞ്ഞ കുന്നിൻ മുകളിലെ പ്രതിമ അങ്ങ് ദൂരെ നിന്നെ കാണാം.. ജീവിതത്തിൻ്റെ നശ്വരത ഇത്രയും മനോഹരമായി തൻ്റെ പ്രവൃത്തിയിലൂടെ കാണിച്ചു തന്ന ഒരു  മഹാത്മാവ് . ജീവിതത്തിൽ അഹങ്കാരത്തിനും ആർത്തിക്കും സ്ഥാനമില്ലെന്ന് പറയാതെ പറഞ്ഞ അദ്ദേഹത്തെ  നമ്മൾ  ഭ്രാന്തൻ എന്നു വിളിച്ചു... നാറാണത്ത് ഭ്രാന്തൻ

ഒരിക്കൽ സാക്ഷാൽ ദേവി നാറാണത്തിന്  മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തൻ്റെ വലത് കാലിലെ മന്ത് ഇടത് കാലിലേക്ക് മാറ്റി  തരണമെന്ന് വരം ആവശ്യപ്പെട്ട , മലയിലേക്ക് കല്ലുരുട്ടി കയറ്റി താഴേക്ക് തള്ളിയിട്ട് കൈകൊട്ടിച്ചിരിച്ച് ജീവിതത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തിയ നാറാണത്തിനെ കാണാനുള്ള യാത്രയാണ്. 

നടുവട്ടം ബസ്സിറങ്ങി പാടത്തിനു നടുവിലൂടെ നടക്കുമ്പോൾ മനസ്സിൽ മല കയറാനുള്ള ഭ്രാന്തമായ ആവേശമായിരുന്നു. മലകയറാൻ പല വഴികളുണ്ട് ദീർഘമായ വഴി തെരഞ്ഞെടുത്തത് നാറാണത്തിനെ കൂടുതൽ അറിയാൻ തന്നെ ആയിരുന്നു. 


ഇത് നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റിയ രായനല്ലൂർ മല .. ഇപ്പോൾ മലകയറാൻ മുന്നൂറോളം സ്റ്റെപ്പുകളുണ്ട്... എന്നാലും മലകയറ്റം കഠിനമാണ് ..

മല കയറുമ്പോൾ കുട്ടിക്കാലത്ത്  കേട്ട  മധുസൂദനൻ നായർ എഴുതിയ കവിതയിലെ വരികൾ ഓർമ്മ വന്നു. 

"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ

നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ

പന്ത്രണ്ടു രാശിയും നീറ്റുമമ്മേ

നിന്റെ മക്കളിൽ ഞാനാണനാഥൻ

എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ

കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ

ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന

നഗ്നമാം ദുസ്വർഗ്ഗ കാമമില്ല

വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന

പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന

ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ

മൂകമുരുകുന്ന ഞാനാണു മൂഡൻ

നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ...."

 മലയുടെ മുകളിൽ എത്തിയാൽ നമ്മെ വരവേൽക്കുന്നത് രണ്ട് ആൽ മരങ്ങളാണ്. നല്ല ഓക്സിജൻ മല കയറിയ ക്ഷീണമെല്ലാം പമ്പ കടക്കും. 

കുറച്ചു മുന്നോട്ട് നടന്നാൽ അങ്ങ് ദൂരേക്ക് നേ ക്കി നിൽക്കുന്ന നാറാണത്തു ഭ്രാന്തൻ്റെ മനോഹര പ്രതിമയും  കുന്നിൻ ചരിവിലെ    സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും കാണാം....

ഇവിടെ എത്തുമ്പോൾ  മിത്ത് ഏത് റിയാലിറ്റി ഏതെന്ന് നമ്മൾ കൺഫ്യൂഷനിൽ ആവും....

മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്ത നാറാണത്തിനെ ഭ്രാന്തനായിക്കാണാന്‍ എനിക്കാവില്ല. എത്രയോ കാലത്തെ ആഗ്രഹമായിരുന്നു ഈ മല കയറുക എന്നത്... ഇന്ന് അത് സാധിച്ചു..🙏

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് അത് വാക്കുകൾക്ക് അതീതമാണ്.




ഭൂമിയിൽ ഇനിയും ഒരുപാട് കാഴ്ചകൾ കാണാനുണ്ട്...

Google