Sunday, May 10, 2020

പ്രവാസിയെന്ന് എന്നെ വിളിക്കാമോ?

ഓർമ്മ. - 3 



" ഈ കൊറോണ കാലം പത്രങ്ങളിൽ എന്നും പ്രവാസിയെ കുറിച്ചാണ് ... അവരുടെ യാതനയും വേദനയും പകരം വെക്കാൻ പറ്റാത്തതും ... ഗൾഫ് പ്രവാസത്തെ പറ്റി എന്റെ ഒരു ചെറിയ ഓർമ്മക്കുറിപ്പ് ... "


21 ദിവസത്തെ എൻ്റെ ഗൾഫ് പ്രവാസം 


പ്രവാസിയെന്ന് എന്നെ വിളിക്കാമോ എന്നെനിക്കറിയില്ല. പക്ഷെ ഞാൻ എന്നെ ഒരു X-പ്രവാസിയെന്ന് ഇവിടെ പരിചയപ്പെടുത്തട്ടെ. ഗവണ്മെന്റ് ജോലി എന്ന മോഹം ഏകദേശം അസ്തമിച്ച സമയത്താണ് ഗൾഫ് സ്വപ്നം മനസ്സിൽ പൂവിട്ടത്. ( ഗർഷോം എന്ന സിനിമയിലെ മുരളി അവതരിപ്പിച്ച നായക കഥാപാത്രം  എന്നെ വല്ലാതെ വേട്ടയാടിയിരുന്ന ഒരു കാലം...

* പി. ടി. കുഞ്ഞു  മുഹമ്മദ് സംവിധാനം ചെയ്ത 1999 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഗർഷോം. പ്രവാസ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ ഉർവശി , മുരളി, മധു, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ ആദ്യ ചിത്രമായിരുന്നു അത്. )

എന്നാലും പോവാതെ വയ്യല്ലോ.......... ആളുകളുടെ ചോദ്യങ്ങൾക്കു മുമ്പിൽ വല്ലാതെ ചൂളിതുടങ്ങിയിരുന്നു . MCA കഴിഞ്ഞു ,ഇതുവരെ ജോലിയൊന്നും ആയില്ലല്ലേ ? ചോദ്യങ്ങൾ കേട്ട് ഞാൻ മടുത്തു...ചോദ്യങ്ങൾ എനിക്ക് ജോലി കിട്ടാത്ത സങ്കടം കൊണ്ടൊന്നുമല്ല എന്നു മനസ്സിലാക്കാൻ MCA ഡിഗ്രി ഒന്നും വേണ്ടല്ലോ.?...

ഇഷ്ട ജോലിയായ കോളേജ് ലെക്ചർ (  Self Financing College ) ജോലി കളഞ്ഞു AWH Engineering College -ന്റെ പടി ഇറങ്ങുമ്പോൾ , പ്രിൻസിപ്പൽ ഫൈസൽ നിനക്കു നല്ലതു വരും എന്ന് കൈ കുലുക്കിയപ്പോൾ അറിയാതെ മനസ്സൊന്നു പിടഞ്ഞു..

വിസ റെഡി ആയിട്ടുണ്ടെന്നു മെയിൽ വന്നപ്പോൾ മുതൽ വല്ലാത്ത ടെൻഷൻ.. പച്ചപ്പിന്റെ നാട്ടിൽ നിന്നും മണലാരണ്യത്തിലേക്കു ...
കരിപ്പൂർ എയർപോർട്ടിൽ യാത്ര അയക്കാൻ വന്നവരോട് ടാറ്റാ പറഞ്ഞു ബോര്ഡിങ് പസ്സിനായി എയർപോർട്ടിനകത്തേക്ക് ....

ദോഹ എയർപ്പോർട്ടിൽ എന്നെ സ്വീകരിക്കാൻ സെയ്തുവും നൗഷാദും കാറുമായി .എത്തിയിരുന്നു....എൻ്റെ കൈയ്യിലെ ചെറിയ ല്ഗഗേജ് വണ്ടിയുടെ ഡിക്കിയിൽ വെച്ച് ഞങ്ങൾ താമസ സ്ഥലത്തേക്ക് .... വിമാനമിറങ്ങിയത് മുതൽ ഒരു വെളിമ്പ്രദേശത്ത് എത്തിയ ഒരു പ്രതീതിയായിരുന്നു എനിക്ക്... പണ്ടത്തെ കളികൂട്ടുകാരായ യാസറും ഷാജയും മാത്രമാണ് ഏക  ആശ്വാസം.

ആഗോള സാമ്പത്തിക മാന്ദ്യം കാരണം പുതിയ റിക്രൂയ്‌ട്മെന്റുകൾ ഒന്നും നടക്കുന്നില്ല..രാവിലെ ഫയലും തൂകി ബയോഡേറ്റ കൊടുക്കാൻ കമ്പനികളിൽ പോകണം...

രാവിലെ റൂമിൽ നിന്നിറങ്ങി നേരെ യാസറിൻ്റെ മൊബൈൽ ഷോപ്പിലേക്ക് .. അവിടെ നിന്ന് സുലൈമാനിയും സാൻഡ്വിച്ചും യാസറിൻ്റെ കൂടെ...ഷോപ്പിലെ സെയിൽസ്മാൻ  ബഹാദൂർ , ഒരു നേപ്പാളിയാണ് ... നന്നായി ഹിന്ദി സംസാരിക്കുന്ന ബഹാദൂർ ഞാനുമായി വേഗം കമ്പനിയായി ...( ദൂരദർശനിൽ ശനിയാഴ്ച വരുന്ന ഹിന്ദി സിനിമ കണ്ടതിന്റെ ഗുണം.  ). യാസറിൻ്റെ  കടയിൽ നിന്ന് നേരെ കാർവാ ബസ്സ് സ്റ്റേഷനിലേക്ക് ...

ഉച്ചയ്ക്കുള്ള ഭക്ഷണം നൗഷാദിന്റെയും സെയ്‌തുവിന്റെയും കൂടെ... നല്ല മജ്‌ബൂസ്....നല്ല രുചി ... ആദ്യമായി മജ്‌ബൂസ് കഴിക്കുന്നത് ഖത്തറിൽ വെച്ചാണ് ...

 ഒന്ന് രണ്ടു ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു... അവർ ഓഫർ ചെയ്യുന്ന സാലറി തീരെ കുറവായതിനാൽ നല്ല ചാൻസിനു വേണ്ടിയുള്ള കാത്തിരിപ്പ് ....കാത്തിരിപ്പിന്റെ മടുപ്പ് .

അവിടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഫുൾ എ . സി യിൽ പുതച്ചു മൂടിയുള്ള കിടത്തമാണ്...  ഇടയ്ക്ക് എപ്പോഴോ താമസം യാസറിനും ഷാജയ്ക്കും ഒപ്പമാക്കി ... അവർ രണ്ടാളും ജോലിക്കു പോയാൽ ഞാൻ റൂമിൽ തനിച്ചാകും...

ഒരു ദിവസം വെറുതെ അവിടത്തെ കാഴ്ചകൾ കാണാൻ പുറത്തിറങ്ങി നടന്നു...... ചുട്ടു പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്നവർ. അറിയാതെ നമ്മൾ അവരെ നമിച്ചു പോകും...
പെട്ടന്നാണ് പൊടി കാറ്റ് വീശിയത് .. കണ്ണ് കാണാത്ത പോലെ....
ചില ദിവസങ്ങളിൽ അങ്ങിനെയാണ് നല്ല പൊടി കാറ്റു വീശും.... കുറച്ചു സമയത്തേക്ക് പിന്നെ ഒന്നും കാണില്ല.....പൊടിക്കാറ്റ് സീസൺ ചേഞ്ച് അറിയിക്കുന്നതാണ് പോൽ .... ശരിയാണെന്നു അറിയില്ല...

അതിനിടെ ഒരു ദിവസം മഗ്‌രിബ് നിസ്കാരത്തിന് പള്ളിയിൽ പോയി.. ഞാൻ എത്തുമ്പോൾ ബാങ്ക് വിളിച്ചു നിസ്കാരം തുടങ്ങിയിരുന്നു.. പള്ളിക്കു പുറത്ത് നിന്ന പോലീസുകാരൻ " യാ അള്ളാഹ് ബറാഹ് " എന്ന് അലറി വിളിച്ചു എല്ലാരേയും ഓടിക്കുന്നു.... നിസ്കാരത്തിനു പോയ ഞാനും ഓടി ...
പിന്നെയാണ് മനസ്സിലായത് അത് പള്ളി പരിസരത്ത് വെറുതെ നടക്കുന്ന ആളുകളെ ഓടിക്കുകയായിരുന്നു എന്ന്....

ദിവസങ്ങൾ കഴിയുന്തോറും  മനസ്സിൽ ഒരു  ആധി  കയറാൻ തുടങ്ങി.... ഒരു കാര്യം എനിക്ക് മനസ്സിലായി ഇവിടെ ജോലി ഇല്ലെങ്കിൽ പിടിച്ചു  നിൽക്കൽ പ്രയാസം തന്നെ... പിന്നെ നാട്ടിലുള്ള ഓർമ്മകൾ ......



തുടരും..... 

2 comments: