Saturday, December 16, 2023

ഓർമ്മകളിലെ ഓമാനൂർ

ഓമാനൂർ കുന്നു കയറി സ്കൂളിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും. ചുറ്റും റബർ മരങ്ങളാൽ വലയം ചെയ്ത സ്കൂൾ കാമ്പസ്. ചിലപ്പോഴൊക്കെ അടുത്ത കാട്ടിൽ നിന്നും വിരുന്നുകാരായെത്തുന്ന വാനരന്മാർ . 


സ്കൂളിലെത്തുമ്പോൾ ഓടി കിതച്ചു കുന്നു കയറിയതിന്റെ ക്ഷീണമൊക്കെ പമ്പകടക്കും. 


സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നു ദൂരേക്ക് നോക്കുമ്പോൾ ഒരു പ്രത്യേക വൈബാണ്.

കൊണ്ടോട്ടിക്കും എടവണ്ണ പാറയ്ക്കും പോകുന്ന മലയടിവാരത്തിലെ റോഡുകൾ സ്കൂളിന്റെ മുകളിൽ നിന്ന് നോക്കിയാൽ ഒരു നേർത്ത രേഖയായ് അങ്ങിനെ നീണ്ടു പോകുന്നത് കാണാം. ഈ കാഴ്ച കാണുമ്പോഴൊക്കെ സോമയെ ഓർമ്മിക്കും ഞാൻ. ഹിന്ദി സാഹിത്യകാരനായ യശ്പാൽ എഴുതിയ ' മനുഷ്യ കി രൂപ് ' എന്ന നോവലിലെ സുന്ദരിയായ നായിക സോമ. മലമ്പാതകളിൽ ട്രക്ക് ഡ്രൈവറുമായി പ്രണയത്തിലാവുന്നു സോമ......


ഓമാനൂർ കുന്നിൽ നിന്ന് മഴക്കാലത്ത്  മഴ വരുന്നത് ദൂരെ നിന്നേ നമുക്ക് കാണാം. മഴ പെയ്യാതെ  മാറി നിൽക്കുന്ന കാർ മുകിലുകൾക്ക് എന്ത് ഭംഗിയാണെന്നോ?


ഡിസംബറിൽ കുന്നിൻ മുകളിൽ നിന്ന് കുളിരിറങ്ങാൻ കൂട്ടാക്കില്ല... എങ്ങും നേർത്ത പുക പോലെ കോട കാണാം. മാമ്പൂവിന്റെ മണവും വൃശ്ചിക മാസ കുളിരും ഓമാനൂറിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു പ്രത്യേക സുഖാ...

ക്ലാസ്സ് കഴിഞ്ഞ് സുമുഖനായ മലയാളം മാഷിന്റെ ബുള്ളറ്റിൽ കുന്നിറമ്പോൾ വഴിയിൽ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ടാവും .....


✍️ ഫൈസൽ പൊയിൽ ക്കാവ്

1 comment: