ചില യാത്രാ ഓർമ്മകൾ നമ്മൾ മനസ്സിലിട്ട് താലോലിക്കും പ്രത്യേകിച്ചും പ്രിയപ്പെട്ടവരുമൊത്തുള്ള യാത്രകൾ.
ഈ പ്രാവശ്യം യാത്ര ചാവക്കാട്ടേക്കാണ് . പുലർച്ചെ എഴുന്നേറ്റപ്പോൾ നല്ല മഴ .. ചുട്ടു പൊള്ളുന്ന വേനൽ ചൂടിൽ മഴ ഒരു ആശ്വാസം തന്നെ .. അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ട്... ഗൂഗിൾ മാപ്പിൽ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ ആക്കി യാത്ര തുടങ്ങി. കോഴിക്കോട് ബീച്ച് വഴി മീഞ്ചന്ത , കടലുണ്ടി, തീരൂർ, പൊന്നാനി വഴി ചാവക്കാടേക്ക്.
ആനവണ്ടിയിൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ആദ്യമായാണ് കാറിൽ ഡ്രൈവർ സീറ്റിൽ.
റോഡിലെ ഫ്രണ്ട് വ്യൂവിലൂടെ കാഴ്ചകൾ ഓടി മറയുന്നുണ്ട്...
ഈ യാത്രക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് . എന്റെ ആത്മ സുഹൃത്ത് ഫസിലിനെ കാണണം. അവൻ ഇപ്പോൾ ചാവക്കാടുണ്ട് . കാനഡയിൽ സെറ്റിൽ ചെയ്തെങ്കിലും നാടിനേയും നാട്ടാരേയും ഇഷ്ടപ്പെടുന്ന തനി നാടൻ അതാണ് ഫസിൽ. അവസാനമായി ഞങ്ങൾ ഒരുമിച്ച് ബാഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് ഒരു ബൈക്ക് യാത്ര നടത്തിയിട്ട് ഏഴു വർഷമായിരിക്കുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം.. Time and tide waits for no man
എന്നാണല്ലോ..
അവനെ കാണാനുള്ള കൊതിയാൽ ഇടക്കിടെ വണ്ടിയുടെ സ്പീഡ് ഞാൻ അറിയാതെ കൂടുമ്പോഴൊക്കെ വൈഫ് എന്നെ ഉണർത്തുന്നുണ്ടായി രുന്നു...
കൊന്നമരം പൂത്തുലഞ്ഞു നില്ക്കുന്ന കേരളത്തിലെ റോഡുകൾ ... നിറയെ കായ്ച്ചു നിൽക്കുന്ന മാവുകൾ ...
റഫീഖ് അഹമ്മദിന്റെ
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും ... എന്ന
വരികൾ കേൾക്കാൻ മനസ്സ് കൊതിച്ചു.
മോനോട് യൂട്യൂബിൽ ഈ പാട്ട് സെർച്ച് ചെയ്ത് പ്ലേ ചെയ്യാൻ പറഞ്ഞു.
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും ...
മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള
വായാടി പക്ഷിക്കൂട്ടം വന്നുപോയി
കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി
ആകാശപ്പുഴയിലെ കുതിച്ചുപോയി
എഹേയ് കണ്ടു മലനിരാ
ഓഹോയ് കണ്ടു താഴ്‌വര.....
എന്ത് നല്ല വരികൾ ....
കടലുണ്ടി പക്ഷിസങ്കേതം വഴിയാണ് ഞങ്ങൾക്ക് പോകേണ്ടത് . കണ്ടൽക്കാടും നീർതടങ്ങളും കടന്ന് വണ്ടി ഓടി കൊണ്ടേയിരുന്നു ....
തിരൂർ എത്തിയപ്പോൾ ചായ കഴിക്കാനായി വണ്ടി പാർക്കു ചെയ്തു. നല്ല വൃത്തിയും വെടിപ്പുമുള്ള നല്ലൊരു ഹോട്ടൽ ...
മൊബൈൽ റിങ് ചെയ്തപ്പോൾ അങ്ങേ തലക്കൽ ഫസിലാണ്. അവനും എന്നെ കാണാനുള്ള കൊതിയാണെന്ന് മനസ്സിലായി ... തിരൂർ എത്തി എന്നു പറഞ്ഞപ്പോൾ പണ്ട് ഞങ്ങൾ ഒരുമിച്ച് തിരൂർ തുഞ്ചൻ പറമ്പിൽ പോയ കാര്യം അവൻ ഓർമ്മിച്ചു... ഓർമ്മകൾക്ക് മരണമില്ലല്ലോ...
ഒരു കാര്യം കൂടി അവൻ ഓർമ്മിപ്പിച്ചു എടാ നിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ പുന്നയൂർ കുളം തറവാട് പൊന്നാനി ചാവക്കാട് റൂട്ടിലാണെന്ന് ...
ഇത് കേട്ട പാടെ ഗൂഗിൾ മാപ്പിൽ പുന്നയൂർ കുളം സെർച്ച് ചെയ്തു. പൊന്നാനിയിൽ നിന്നും കുറച്ച് യാത്ര ചെയ്താൽ ആലിൻചുവടെത്തും. അവിടെ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ഓടണം പുന്നയൂർ കുളമെത്താൻ.. ഇനി ഏതായലും തിരിച്ചു വരുമ്പോൾ അവിടെ കയറാം എന്ന് മനസ്സിൽ കണക്കുകൂട്ടി...
ചാവക്കാട്ടെത്തുമ്പോൾ ഏകദേശം 11 മണിയായിട്ടുണ്ട്. എന്നെ കണ്ടപാടെ അവൻ ഓടിവന്ന് കെട്ടിപിടിച്ചു ... ഏഴുവർഷങ്ങൾ കാലം ഞങ്ങളിൽ ഒരു മാറ്റവും
വരുത്തിയില്ല ... എല്ലാം പഴയതു പോലെ...
കുറേ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് കൊണ്ട് ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട് ....
ഉച്ചയൂണിന് ശേഷം ചാവക്കാട് ബീച്ചിലേക്ക് ...
ബീച്ചിൽ വണ്ടി പാർക്കു ചെയ്തു ഞങ്ങൾ മുന്നിൽ നടന്നു...
കുറച്ച് കഴിഞ്ഞപ്പോൾ പിന്നിലായി നടന്ന ഫസിലിന്റെ ഭാര്യ വഫ ആരെയോ ചീത്ത പറയുന്നു ... കാര്യം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഏതോ ഒരു ഞരമ്പു രോഗി ഫ്രീ ഷോ കാണിച്ചതാണ് ... തനിച്ച് നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ചിലർ അങ്ങിനെയാണ് ... ഞങ്ങളെ കണ്ടതും അവൻ വേഗം സ്ഥലം കാലിയാക്കി ...
ഈ നഗ്നതാ പ്രദർശനം ഒരു മാനസിക രോഗമാണെന്ന് മന:ശാസ്ത്ര വിദഗ്ധൻ ഡോ. എസ് ശാന്തകുമാർ എഴുതിയ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.
*എക്സിബിഷനിസം* അതാണ് ഈ രോഗത്തിന്റെ പേര്. എതിർ ലിംഗത്തിനെ കാണുമ്പോൾ തുണിയുരിഞ്ഞു കാണിക്കാനുള്ള മനസ്സിന്റെ വെമ്പൽ... നല്ല പെട കിട്ടാത്തതിന്റെ കുഴപ്പാ....
ഇത് ആണുങ്ങൾക്ക് മാത്രമല്ല ചില സ്ത്രീകളിലും ഈ എക്സിബിഷനിസം ഉണ്ടത്രെ. റോഡിലെ ചെറിയ വെള്ളക്കെട്ടിൽ പോലും ചില സ്ത്രീകൾ വസ്ത്രങ്ങൾ വല്ലാതെ പൊക്കുന്നതിന്റെ മന:ശാസ്ത്രവും ഇത് തന്നെയെന്ന് ശാന്തകുമാർ പറയുന്നു..
ഇതേകുറിച്ച് സിഗ്മമണ്ട് ഫ്രോയിഡിന്റെ പഠനങ്ങളും ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് ...
ബീച്ചിലേക്ക് ആളുകൾ വരാൻ തുടങ്ങിയിട്ടുണ്ട് ... നല്ല ഒന്നാന്തരം ബീച്ച് ഇരിക്കാനും കുട്ടികൾക്ക് കളിക്കാനും ഒക്കെ സൗകര്യമുണ്ട് ...
എല്ലാം മായ്ക്കുന്ന കടലിനെ സാക്ഷി നിർത്തി കടലോർമ്മകൾ കുറിച്ച എന്റെ ആദ്യ പുസ്തകം ഫസിലിനു സമ്മാനമായി നൽകി ഞങ്ങൾ വീണ്ടും ഓർമ്മകളിലേക്ക് ഊളിയിട്ടു. ...
അവിടെ നിന്നു ഞങ്ങൾ നേരെ പോയത് ചാവക്കാട്ടെ പ്രശസ്തമായ നാലുമണിക്കാറ്റ് എന്ന ഫാം ടൂറിസം വില്ലേജ് സന്ദർശിക്കാനാണ് ... ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെ ആയി നേരം പോയതറിഞ്ഞില്ല. പേരു പോലെ മനോഹരമായൊരിടം ... ദൂരെ നിന്നു പോലും നിരവധി സന്ദർശകർ അവിടെ എത്തുന്നുണ്ട്...
No comments:
Post a Comment