കടൽ പക്ഷികൾ മാത്രം അധിവസിക്കുന്ന ഒരു പക്ഷി തുരുത്താണ് പിട്ടി.ഇന്ത്യയിലെ അധികം അറിയപ്പെടാത്ത എന്നാൽ പ്രാധാന്യം ഏറെയുള്ള പക്ഷി സങ്കേതം ആണ് ഇത്. വളരെ കുറഞ്ഞ ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ചെറിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് ലക്ഷദ്വീപിലെ പിട്ടി പക്ഷി സങ്കേതം. ഈ ദ്വീപിനു പക്ഷിപിറ്റി എന്നും പേരുണ്ട്. ഇവിടെ ജനവാസമില്ല. പക്ഷി സങ്കേതം ആയി പ്രഖ്യാപിച്ചതിനു പുറമേ ഒരു പ്രധാന പക്ഷി മേഖല കൂടി ആണ് അത്. പക്ഷികളുടെയും മറ്റ് ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടി തരം തിരിക്കപ്പെട്ടിട്ടുള്ള അന്തർദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് പ്രധാന പക്ഷി മേഖല.
പിറ്റിയിലേക്കുള്ള യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. ലക്ഷദ്വീപിലെ ഫോറസ്റ്റ് അധികൃതരുടെ കൂടെ ഒരു ഇടത്തരം മീൻ പിടുത്തബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു.
പിറ്റിയിലേക്കുള്ള യാത്രയിൽ ഉടനീളം ഡോൾഫിനുകളുടെ കൂട്ടത്തേയും പറക്കും മത്സ്യങ്ങളെയും കണ്ടു. പിറ്റി ദ്വീപിലേക്ക് അടുക്കുന്തോറു സമുദ്രത്തിന് ആഴം കുറഞ്ഞു വന്നു. ദ്വീപിൽ നിന്നും പത്തിരുന്നുറ് മീറ്റർ അകലെ മാറി ബോട്ട് നങ്കൂരമിട്ടു. പിറ്റിയുടെ തീരത്തു മുഴുവൻ പാറക്കെട്ടുകൾ നിറഞ്ഞതാണ്.
ദൂരെ നിന്ന് നോക്കുമ്പോഴെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പക്ഷികളെ കാണാം.
പിറ്റിയിൽ ഒരു മരത്തണൽ പോലുമില്ല.. മണൽ പരപ്പ് മാത്രം. നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാൽ തട്ടി പക്ഷി മുട്ടകൾ പൊട്ടും. കടൽ പക്ഷികൾ പലതും നിലത്ത് മണലിൽ തന്നെയാണ് മുട്ടയിടുന്നതെന്നുള്ള അറിവ് ആദ്യമായിട്ടായിരുന്നു. വെള്ള നിറത്തില്‍ പിങ്ക് പുള്ളികളുള്ള മുട്ടകള്‍ ആണ് കൂടുതലും. കടലാള പക്ഷിയുടെ മുട്ടകള്‍ ആണ് ഇവ.
പാറക്കൂട്ടങ്ങളിലൊക്കെ പക്ഷി കാഷ്ഠത്തിന്റെ വലിയ കൂനകൾ കാണാം. പിറ്റിയിലെ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി മുട്ടകൾ തേടിയെത്തുന്ന മുക്കുവരും മറ്റൊന്നു സന്യാസി ഞണ്ടുകളുമാണ്.
എന്റെ ലക്ഷദ്വീപ് യാത്രാനുഭവം എന്ന പുസ്തകത്തിൽ നിന്ന്👆
No comments:
Post a Comment