Monday, September 28, 2020

പച്ചമുളക്


പച്ചമുളക് കൃഷി
അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ചില വിദേശ രാജ്യങ്ങൾ ഇന്ത്യൻ പച്ചമുളക് നിരോധിച്ചിരുന്നത് ഓർക്കുമല്ലോ. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

 

പച്ച മുളക് പ്രധാന ഇനങ്ങള്‍
അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)

ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)

മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ് ഇവക്ക് പുറമെ വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള നിരവധി ഇനങ്ങളുണ്ട്. പലതും വിദേശത്ത് നിന്നു വന്നതാണു്. അലങ്കാരച്ചെടികളായും പച്ചമുളക് വളർത്തുന്നവരുണ്ട്. കാന്താരി പോലുള്ള ഔഷധ ഗുണമുള്ള ഇനങ്ങൾ നമ്മുടെ ഗ്രാമങ്ങളിൽ വ്യാപകമാണ്

കേരളകാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവ.
ഉജ്ജ്വല: വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജില്‍ ഉരുത്തിരിച്ചെടുത്ത ഇനം. അലങ്കാര ചെടിയായി ചട്ടിയിലും നടാം. വൈറസ്‌ മൂലമുണ്ടാകുന്ന ഇലച്ചുരുളന്‍ മൊസൈക്ക് എന്നീ രോഗങ്ങള്ക്കെ തിരെ പ്രതിരോധശക്തിയുണ്ട്. അടുത്തടുത്ത് കൃഷി ചെയ്യാന്‍ യോജിച്ചവയാണ്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന പടരാത്ത പ്രകൃതം. കുലയായി നീളത്തിലുള്ള കായ്കള്‍. കടുംചുവപ്പ് നിറമുള്ള കായ്കള്‍. 9-10 കായ്കള്‍ ഒരു കുലയില്‍. എരിവ് രൂക്ഷം. ഉണങ്ങിയാലും ചുവപ്പ് നിറം മങ്ങുന്നില്ല. ശരാശരി 700 ഗ്രാം പച്ചമുളക് ലഭിക്കുന്നു.

അനുഗ്രഹ: ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇടത്തരം ഇനം. നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കള്‍.അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനം. നട്ട് 25 ദിവസമാകുമ്പോള്‍ പുഷ്പിക്കുന്നു. 58 ദിവസമാകുമ്പോള്‍ മുതല്‍ പച്ചമുളക്‌ പറിക്കാം.

ജ്വാലാ മുഖി: കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പ്. എരിവ് കുറവ്. ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നില്ക്കാ്നുള്ള കഴിവുണ്ട്. എരിവ് കുറവായതിനാല്‍ തൈരുമുളകിന് യോജിച്ചതാണിവ.

ജ്വാലാ സഖി: അത്യുല്പാകദന ശേഷിയുള്ള അറ്റം കൂർത്ത മിനുസമുള്ള കായ്കള്‍, കട്ടിയുള്ള തൊലി, എരിവ് കുറവ്. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കമുള്ള 53 കായ്കളിൽ കുറയാതെ കാണും. കുള്ളന്‍ ചെടിയായതിനാല്‍ 40x35 സെ.മീ. ഇടഅകലത്തില്‍ കൂടുതല്‍ തൈകള്‍ നടാനാകും. പച്ചമുളകിന്റെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം. മഴക്കാലമാണ് പച്ചമുളക് കൃഷിക്ക് ഏറ്റവും നല്ലത്. എന്നാൽ ഏത് കാലത്തും മുളക് നട്ട് വളർത്താം.
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോൾ പറിച്ചു നടാം. നടുന്ന സ്ഥലത്ത് നാലഞ്ച് ദിവസം മുമ്പ് കമ്മായമിട്ട് കീടങ്ങളെ നശിപ്പിക്കുന്നത് നല്ലതാണ്.


ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില തുടങ്ങിയവഉപയോഗിച്ചു ഗ്രോ ബാഗ്‌ തയ്യാറാക്കാം. ജൈവ വളവും ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗ പ്രതിരോധത്തിന് നല്ലതാണ്

കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വേഗത കൂട്ടും.. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളംപുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ് പച്ചച്ചാണകത്തിലും കടലപ്പിണ്ണാക്ക് പുളിപ്പിക്കാം. നേർപ്പിച്ച് മാത്രമേ ചെടിയുടെ തടത്തിൽ ഒഴിക്കാവൂ.
കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നതും നല്ലതാണ്.
ചെടികള്‍ വളര്‍ന്നു വരുമ്പോൾ താങ്ങു കൊടുക്കണം .അല്ലെങ്കില്‍ മറിഞ്ഞു വീഴും.

രോഗങ്ങള്‍

വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.

കീടങ്ങള്‍


ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച : മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ.് ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി - നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
വിളവെടുപ്പ്
മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.

കടപ്പാട്:TADCOS

No comments:

Post a Comment