കടലും പുഴയും അതിരിടുന്ന കടലുണ്ടി പക്ഷിസങ്കേതം. കോഴിക്കോട് ടൗണിൽ നിന്നും പത്തിരുപത് കിലോമീറ്റർ സഞ്ചരിച്ചാൽ കടലുണ്ടിയിൽ എത്താം. തീവണ്ടി മാർഗ്ഗം വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു അഞ്ഞൂറു മീറ്റർ കാൽ നടയായി സഞ്ചരിക്കാനുള്ള ദൂരമേയുള്ളു ഇവിടേക്ക്.
ദേശാടനകിളികൾ കൂടു കൂട്ടുന്ന കണ്ടൽ കാടുകളാൽ സമൃദ്ധമാണിവിടം. ഇവിടത്തെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞു വരുന്നേയുള്ളു...
യാത്രകൾ എന്നും നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... മനസ്സിന് നവോന്മേമേഷം നൽകുന്ന ടോണിക്കാണ് ഓരോ യാത്രയും... വൈകുന്നേരങ്ങളിൽ കടലുണ്ടി പുഴയിലൂടെ ഒരു ബോട്ട് യാത്ര കൂടി ആവുമ്പോൾ ഓരോ സഞ്ചാരിയുടെയും മനസ്സു നിറയും..
വില്ലേജ് ടൂറിസത്തിന് അനന്ത സാധ്യതയുള്ള ഒരിടമാണ് കടലുണ്ടി പക്ഷിസങ്കേതം എന്ന് നിസ്സംശയം പറയാം .. . മണൽ തിട്ടകളിൽ പോക്കുവെയ്ൽ കായുന്ന ദേശാടന കിളികൾ യാത്രയിൽ ഉടനീളം കാണാം. നമ്മൾ കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ ഇവിടത്തെ പ്രകൃതി ഭംഗി നമുക്ക് ആവോളം ആസ്വദിക്കാം..
ഇടക്കിടെ പാളത്തിലൂടെ പോകുന്ന തീവണ്ടി ശബ്ദം മാത്രമേ നമ്മെ കുറച്ചെങ്കിലും അലോസരപ്പെടുത്തു....
Photo courtesy : Ambili , HSST OMANOOR.
റെയിൽവെ പാലത്തിനടിയിലൂടെ ബോട്ട് മുന്നോട്ട് പോവുമ്പോൾ നമ്മെ നൊമ്പരപെടുത്തുന്ന ഒരു കാഴ്ചയുണ്ട്. 2001 ജൂൺ 22-ന് മദ്രാസ് മെയിൽ പാളം തെറ്റി ഈ പാലത്തിൽ നിന്നാണ് താഴേക്ക് മറിഞ്ഞത് . അതിന്റെ ശേഷിപ്പായി പഴയ പാലത്തിന്റെ തൂണുകൾ ഇന്നുമുണ്ടവിടെ.. ആ ദുരന്തത്തിൽ കുറേ പേരുടെ ജീവൻ നഷ്ടപ്പെട്ടു. ജീവിച്ചു കൊതി തീരുമുമ്പെ നമ്മെ വിട്ടു പോയ അവരുടെ ആത്മാക്കൾ ...
ഇവിടത്തേ നിബിഡമായി വളരുന്ന പ്രാന്തൽ കണ്ടലുകളെ പറ്റി പറയുമ്പോൾ കല്ലേ പൊക്കുടൻ നമ്മുടെ ഓർമ്മ പഥത്തിലെത്തും... കണ്ടലുകൾക്ക് മാത്രമായി ഉഴിഞ്ഞു വെച്ചതായിരുന്നല്ലോ അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്ന കണ്ടൽക്കാടു ക്കിടയിൽ എന്റെ ജീവിതം എന്ന പുസ്തകം വായിച്ചിരിക്കേണ്ടത് തന്നെയാണ് . പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ആ പുസ്തകത്തിൽ ഉടനീളം നമുക്ക് കാണാൻ കഴിയും.
പച്ചനിറത്തിൽ തൂങ്ങി നിൽക്കുന്ന പ്രാന്തൻ കണ്ടലിന്റെ കായ്കൾ യഥേഷ്ടം കാണാം .. നമ്മുടെ മുരിങ്ങക്കയോട് വളരെ സാദൃശ്യമുണ്ട് അതിന്റെ കായ്കൾക്ക് . അതിന്റെ പ്രജനന മാർഗ്ഗവും ഈ വിത്ത് തന്നെ ...
കൊക്ക് വർഗ്ഗത്തിൽ പെട്ട വെള്ളരി കൊക്ക്, സാരസ കൊക്ക് , ചേര കൊക്ക് എന്നിവ ഇവിടെ യഥേഷ്ടം കാണാം.
ഇടക്കിടെ മീൻ പിടിക്കാൻ മുങ്ങാംകുഴിയിടുന്ന നീർകാക്കളും , ബോട്ടിനൊപ്പം നീന്തുന്ന പള്ളത്തിയും ഒരുക്കുന്ന ദൃശ്യ വിസ്മയം വാക്കുകൾക്കതീതമാണ് .....
തുടരും....