Tuesday, March 31, 2020

മിനിക്കോയ്ദ്വീപിനോട് വിട

ദ്വീപ്  തുളസി 

ദ്വീപിലെ തുളസി 
               നമ്മുടെ നാട്ടിലെ കൃഷ്ണ തുളസി പോലെ ദ്വീപിലും തുളസി ചെടി കാണാം .എല്ലാ വീട്ടു മുറ്റത്തും കണ്ടു തുളസി ... പക്ഷെ അവിടത്തെ തുളസി നമ്മുടെ തുളസിയിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഇല ചെറുതായി പൊട്ടിക്കുമ്പോഴേക്ക് ഒരു പരിസരം മുഴുവൻ അതിൻ്റെ സുഗന്ധം പരക്കും ..  അവിടത്തെ ആളുകൾ അത്തറിനു പകരം ഇതിൻ്റെ ഇല പൊട്ടിച്ചു കീശയിൽ കരുതാറുണ്ടത്രെ. ദ്വീപ് സന്ദർശനത്തിൻ്റെ ഓർമ്മയ്ക്കായി ഞാനും കൊണ്ടുവന്നു ഒരു തുളസി ചെടി വീട്ടിലേക്ക് . ഇപ്പൊ അത് ശരിക്കും പച്ച വെച്ച് തുടങ്ങി...





ദ്വീപിലെ ചില കാഴ്ചകൾ നമ്മളിൽ ഗൃഹാതുരത്വം ഉണർത്തുന്നുണ്ട് ... ചില വീടുകളിലെങ്കിലും ഇപ്പോഴും പഴയ  പാനൂസ് വിളക്കും, കിണ്ടിയും, പുറം പത്തായവും ഒക്കെ കാണാം. ദ്വീപുകാർക്ക്‌ ഇനിയും നന്മകൾ കൈമോശം വന്നിട്ടില്ല. സ്നേഹിക്കാനും തക്കരിക്കാനും മാത്രം അറിയാവുന്നവരാണ് അവിടുത്തുകാർ.





25-02-2020

മിനിക്കോയ് ലൈറ്റ് ഹൗസ്  


ഷമീം സാർ ലൈറ്റ് ഹൗസിനു മുകളിൽ 

ഇന്ന് മിനിക്കോയിലെ ലൈറ്റ് ഹൌസ് കാണാൻ ഷമീം സാറിൻ്റെ കൂടെ പോവണം ... ഞാൻ താമസിക്കുന്നിടത്തു നിന്നും ഒരു 3 KM ദൂരം. രാവിലെ തന്നെ ഷമീം ബൈക്കുമായി വന്നു. ഞങ്ങൾ യാത്ര തുടങ്ങി...
ബ്രിടീഷുകാർ നിർമിച്ചിരിക്കുന്ന ലൈറ്റ് ഹൗസ് ഇന്നും പുതിയത് പോലെ തല ഉയർത്തി നിൽക്കുന്നു. ഇതിന് കോഴിക്കോട് നന്തി ബസാറിലെ  ലൈറ്റ് ഹൗസിനോട് ചെറിയ സാമ്യം ഉണ്ട്.  ലൈറ്ഹൗസിൻ്റെ  മുകളിലേക്ക് കയറുക എന്നത് ശ്രമകരം. ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്പോട്ട്  ആണിത്. ഇതിൻ്റെ മുകളിൽ നിന്നുള്ള ദ്വീപ് ദൃശ്യം മനോഹരം.....






നിങ്ങൾ എപ്പോഴെങ്കിലും ദ്വീപ് സന്ദർശിക്കുകയാണെങ്കിൽ ഇവിടെ പോകാൻ മറക്കരുത്. കാഴ്ചകളുടെ പറുദീസ തീർക്കുനിണ്ടിവിടെ. ( ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്നും എടുത്ത വീഡിയോ കാണുക )

ഫലകത്തിൽ കാണുന്ന പോലെ ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ലൈറ്റ് ഹൗസിന് . കടലിനു നടുവിൽ ഇങ്ങനെ ഒരു ലൈറ്റ് ഹൗസ് നിർമിച്ചിരിക്കുന്ന ബ്രിടീഷ് സാങ്കേതിക വിദ്യ അപാരം.







( 1885 ഫെബ്രുവരി 2 ന് മിനിക്കോയിയിലെ അമിൻ, ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിച്ച് സർ ജെയിംസ് ഡഗ്ലസ് ആണ്   വിളക്കുമാടം ആരംഭിച്ചു.  ഈ വിളക്കുമാടം ലക്ഷദ്വീപ് ദ്വീപുകളിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഏക ചരിത്രപരമായ ഘടനയാണ്.സർ ജെയിംസ് ഡഗ്ലസ് രൂപകൽപ്പന ചെയ്ത വിളക്കുമാടത്തിന്റെ ഗോപുരം ലണ്ടനിൽ നിന്ന് കൊണ്ടുവന്ന ഇഷ്ടികകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്.)





സ്കൂബ ഡൈവിംഗ് ( Scooba Diving )


കടലിനടിയിലെ കാഴ്ചകൾ കാണാൻ സമയമായി ... പവിഴ പുറ്റുകളും  വർണ്ണ മത്സ്യങ്ങളും തീർക്കുന്ന വർണ പ്രപഞ്ചം... സ്കൂബ ഡൈവിംഗ് ഇൻസ്‌ട്രക്ടറുടെ സഹായത്താൽ നമുക്ക് ഈ  കാഴ്ചകൾ ആസ്വദിക്കാം.

( അണ്ടർവാട്ടർ ഡൈവിംഗിന്റെ ഒരു രീതിയാണ് സ്കൂബ ഡൈവിംഗ്, അവിടെ മുങ്ങൽ വിദഗ്ദ്ധൻ സ്വയം അടങ്ങിയ അണ്ടർവാട്ടർ ശ്വസന ഉപകരണം (സ്കൂബ) ഉപയോഗിക്കുന്നു, ഇത് ഉപരിതല വിതരണത്തിൽ നിന്ന് തികച്ചും സ്വതന്ത്രമാണ്, വെള്ളത്തിനടിയിൽ ശ്വസിക്കാൻ.)

Click here to see the scooba diving video



പവിഴ പുറ്റുകൾ ( Coral reefs )
പവിഴപ്പുറ്റുകൾ തീർക്കുന്ന വർണ്ണ വിസ്മയം അവർണ്ണനീയമാണ് കാൽസ്യം കാർബണേറ്റ് ചേർത്ത് പവിഴ പോളിപ്പുകളുടെ കോളനികളിലാണ് പവിഴ പുറ്റുകൾ  രൂപപ്പെടുന്നത്.   ഈ പവിഴ പുറ്റുകളിലെ ആൽഗെകളുടെ  സ്വാധീനമാണ് കടൽ വെള്ളത്തിന് ഇളം പച്ച നിറം സമ്മാനിക്കുന്നത്.
Dead Corals 
ചത്ത പവിഴപ്പുറ്റുകൾ ( Dead Corals ) ദ്വീപിനു ചുറ്റും ഒരു ലഗൂൺ സൃഷ്ടിക്കുന്നു. ഒരിക്കൽ ഷമീം സാർ പവിഴപുറ്റുകളുടെ ശവ പറമ്പു കാണിച്ചു തന്നു. ഇവിടെ ശംഖുകളും കക്കകളും യഥേഷ്ടം കാണാം . പക്ഷെ ഇതൊന്നും എടുത്ത് കൊണ്ട് പോകാൻ  സന്ദർശകർക്ക്  അനുവാദമില്ല.




click here to see the dead corals video

മടക്കയാത്ര


നാട്ടിലേക്ക് തിരിച്ചു വരാനുള്ള കപ്പൽ ടിക്കറ്റ് ശരിയായിട്ടുണ്ടെന്ന്  പോർട്ട് ഓഫീസിൽ നിന്നും വിളിച്ചറിയിച്ചു.. മടക്ക യാത്ര എം.വി അറേബ്യൻ സീ ( M.V Arabian Sea ) എന്ന കപ്പലിലാണ് ... മനസ്സില്ലാ മനസ്സോടെ കപ്പലിലേക്ക്. എന്നെ യാത്രയാക്കാൻ ജി.കെയും ഷമീം സാറും ഇസ്മായിൽക്ക യും പോർട്ടുവരെ വന്നു. 250 ഓളം യാത്രക്കാരുമായി കപ്പൽ മിനിക്കോയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നു. . കപ്പലിൻ്റെ ഡെക്കിൽ നിന്നും  മിനിക്കോയ് ദ്വീപ് മായുന്നത് വരെ നോക്കി നിന്നു. ഒരു പാട് കാഴ്ചകളും ഓർമ്മ കളും സമ്മാനിച്ച മിനിക്കോയ് ദ്വീപിനോട് വിട .. Bye








ഫൈസൽ യു 
' ഫാസ് വില്ല '
എടക്കുളം പോസ്റ്റ് 
പോയിൽകാവ് 
കോഴിക്കോട് 
ufaizal29@gmail.com




Monday, March 30, 2020

എന്റെ മിനിക്കോയ് യാത്ര - രണ്ടാം ഭാഗം

മനം നിറയെ മിനിക്കോയ് 

ചെറിയ പാനി 
ചെറിയ പാനി 

മിനിക്കോയ് ഐലൻഡിനെ മറ്റു ദ്വീപുകളുമായി  ബന്ധിപ്പിക്കുന്ന ജല യാനങ്ങളാണ് ( catamaran) ചെറിയ പാനിയും വലിയ പാനിയും. മിനിക്കോയ് എത്തിയതിൻ്റെ പിറ്റേ ദിവസം അതിൽ കയറാൻ   ഭാഗ്യമുണ്ടായി . ബോട്ട് ജെട്ടിയിൽ നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ചെറിയ പാനിയിലേക്ക് കയറാനുള്ള തിരക്കിലാണ് ജനം. കപ്പലിനെ പോലെ അത്ര സുഖമുള്ള യാത്രയല്ല ഇതിലേത് . കാരണം ഇതിനു കേവ് ഭാരം വളരെ കുറഞ്ഞതിനാൽ കടലിനുമുകളിലൂടെയാണ് ഇതിന്റെ യാത്ര. ശക്തമായ തിലമാരയിൽ അത് ആടി ഉലയും . കടൽ ചൊരുക്കുള്ളവർ  ( sea sickness)  ഇതിലെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത് .

( യഥാർത്ഥവും പ്രതീക്ഷിച്ചതുമായ ചലനം തമ്മിലുള്ള വ്യത്യാസം മൂലമാണ് ചലന രോഗം അഥവാ കടൽ ചൊരുക്ക്  ഉണ്ടാകുന്നത്. ഓക്കാനം, ഛർദ്ദി, , തലവേദന, ഉറക്കം, വിശപ്പ് കുറയൽ, ഉമിനീർ വർദ്ധിക്കൽ എന്നിവയാണ് രോഗലക്ഷണങ്ങൾ )



പെണ്ണുങ്ങളുടെ ദ്വീപ് 

' പെണ്ണുങ്ങളുടെ ദ്വീപ് '  അതാണ് മിനിക്കോയ് . ദ്വീപിൽ ഭൂരിപക്ഷം ആണുങ്ങളും കപ്പൽ ജോലിക്കാരാണ് ( sailors ) . അതുകൊണ്ട് തന്നെ വീട്ടുഭരണം സ്ത്രീകളുടേതും  .സ്ത്രീകളിൽ പലരും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ  . ഞാൻ നേരത്തേ പറഞ്ഞ ഇസ്മാഇൽക്കയുടെ ഭാര്യ എത്രയോ വര്ഷങ്ങള്ക്കു മുൻപേ കേരളത്തിൽ എത്തി ടി.ടി.സി പാസായി മിനിക്കോയ് ദ്വീപിൽ വർഷങ്ങളോളം  ടീച്ചർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള കുറെ പേരെ എനിക്ക് അവിടെന്ന് പരിചയപ്പെടാൻ സാധിച്ചു .


കൾച്ചറൽ പ്രോഗ്രാം - മിനിക്കോയ് 
ഒരു ദിവസം ഇസ്മായിൽക്ക ദ്വീപിലെ ഒരു കൾച്ചറൽ പ്രോഗ്രാമ്മിലേക്കു എന്നെയും ക്ഷണിച്ചു. ഞാൻ അവിടെ എത്തിയപ്പോ അദ്ദേഹം  ഒരു മൊമെന്റോ കൈമാറാൻ  സ്നേഹപൂര്വ്വം എന്നെ സ്റ്റേജിലേക്ക്  ക്ഷണിച്ചു. ജീവിതത്തിലെ  വലിയൊരു അംഗീകാരമായി ഞാൻ അതിനെ കാണുന്നു. മഹൽ ഭാഷയിലായിരുന്ന ആ പരിപാടി ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ ശരിക്കും ആസ്വദിച്ചു.  ( ചിലപ്പോയൊക്കെ അങ്ങിനെയാണ്  ഭാഷയൊന്നും ആസ്വാദനത്തിനു ഒരു തടസ്സമാവില്ല. ഹഹഹ  ). എൻ്റെ ഈ ഫോട്ടോ ഇസ്മായിൽക്ക സ്നേഹപൂർവ്വം  എനിക്ക് അയച്ചു തരികയായിരുന്നു.

ചില വ്യക്തികൾ അങ്ങിനെയാണ് അവരെ നമുക്ക് ഒരിക്കലും മറക്കാൻ പറ്റില്ല . സെർവിസിൽ നിന്ന്നും റിട്ടയർ ചെയ്തിട്ടും ഇത്രയും ഉത്സാഹിയായി ദ്വീപിലെ ആളുകളുടെ ക്ഷേമത്തിന് വേണ്ടി അഹോരാത്രം ഓടി നടക്കുന്ന ഇസ്മയിൽക്ക . അദ്ദേഹം ആരോഗ്യ വകുപ്പിൽ ഹെൽത്ത് എഡ്യൂക്കേഷൻ ഓഫീസർ ആയി മുപ്പത്തിയാറ് വർഷം സേവനം അനുഷ്ഠിച്ചു  . ഇപ്പോൾ സ്വന്തമായി ഒരു ട്യൂണ പ്രോസസ്സിംഗ് സെൻ്റെർ ആരംഭിച്ചിട്ടുണ്ട്. ജി.കെ സാറിനെ പോലെ നല്ലൊരു വ്യക്തിത്വത്തിൻ്റെ ഉടമ. ഇസ്മായിൽക്ക  ഭാവിയിൽ എൻ്റെ അര്ബാബ് ( sponsor ) ആവേണ്ട ആളാണ് .



പാമ്പും പട്ടിയും ഇല്ലാത്ത  നാട് 

പാമ്പുകളെയും പട്ടികളെയും ദ്വീപിൽ ഒരിടത്തും നമുക്ക് കാണാൻ പറ്റില്ല . അവിടത്തെ മണലിലെ  കാൽസ്യം കാർബനേറ്റ് ( calcium carbonate )ൻ്റെ  അംശം പാമ്പിൻ്റെ ശല്ക്കങ്ങളെ അപായപ്പെടുത്തുമത്രേ.തോൽ ഉരിയുക എന്ന പ്രക്രിയ നടക്കാത്തതിനാൽ പാമ്പുകൾ ചത്ത് പോവുകയാവും . ( ഇതിൻറെ ആധികാരത ഇനിയും ഉറപ്പു വരുത്തേണ്ടതുണ്ട് ) . പാമ്പുകൾ ഇല്ലാത്തതിനാൽ ഏതു പാതിരായ്ക്കും ദ്വീപിലൂടെ നമുക്ക് നടക്കാം.


ഊർജ്ജ സ്വലരായ ദ്വീപുകാർ

ഒരു നാടിനെയും അവിടത്തെ നാട്ടുകാരെയും അറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാട്ടു വഴികളിലൂടെയുള്ള നടത്തമാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .നാട്ടുവഴികളിൽ അവിടത്തെ യഥാർത്ഥ സ്പന്ദനങ്ങൾ കാണാം. അതിനാൽ സമയം കിട്ടുമ്പോഴൊക്കെ  ലക്ഷ്യ ബോധമില്ലാതെ ഞാൻ ദ്വീപിലൂടെ നടന്നു. എങ്ങും പച്ചപ്പ് , വൃത്തിയുള്ള നടപ്പാതകൾ .....  ചിലപ്പോഴൊക്കെ നമ്മളെ നടത്തത്തിനു തടസ്സമാവുന്നത് ആട്ടിൻ കുട്ടികളാണ് . നമ്മുടെ നാട്ടിലെ  പട്ടിക്കു ബദലായി അവിടെ ആടുകൾ . ( ആടിനെ കണ്ടു പക്ഷെ പാത്തുമ്മമാരെ മാത്രം അവിടെയെങ്ങും കണ്ടില്ല!!. )


നേരത്തെ ഉണരുന്ന ദ്വീപുകാർ എനിക്ക് മുൻപേ നടത്തം തുടങ്ങിയിട്ടുണ്ടാവും. പ്രായമുള്ളവരും സ്ത്രീകളും കുട്ടികളും  ഒക്കെ മത്സരിച്ചു നടക്കുന്നത് നമുക്ക് കാണാം. എന്നാണാവോ നമ്മുടെ നാട്ടിലും ഈ ശീലമൊക്കെ കാണാൻ കഴിയുക.


ഇത്രയ്ക്ക് പരസ്പര വിശ്വാസവും സ്നേഹവും ഉള്ള ഒരു ജനതയെ നമുക്ക് മറ്റൊരിടത്തും കാണാൻ സാധ്യമല്ല. കള്ളന്മാരും കൊള്ളക്കാരും ഇനിയും ഈ നാട്ടിൽ എത്തിയിട്ടില്ല. അതിനാൽ തന്നെ വീട്ടുകാർ വാതിലുകൾ അടയ്ക്കാത്തതിൽ ഒരു അതിശയോക്തിയും ഇല്ല.  നേരത്തെ ഞാൻ പറഞ്ഞത് പോലെ ദ്വീപിലെ ഏക പോലീസ് സ്റ്റേഷനിൽ റിപ്പോർട് ചെയ്യുന്നതിൽ അധികവും ചെറിയ പെറ്റി കേസുകൾ മാത്രം...

ട്യൂണ അച്ചാർ 
 ഇന്നത്തെ തക്കാരം ഷമീം സാറിൻ്റെ വീട്ടിലാണ് ... നല്ല മീൻ ബിരിയാണിയും ട്യൂണ അച്ചാറുമാണ് സ്പെഷ്യൽ ... ട്യൂണ അച്ചാറിൻ്റെ രുചി നാവിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. ട്യൂണ അച്ചാർ കേടുകൂടാതെ കുറെ കാലം സംഭരിക്കാം . ബോട്ടിലിംഗിന് ശേഷം സംഭരണ ​​സമയം വർദ്ധിപ്പിക്കുന്നതിന് മുകളിൽ ജിഞ്ചലി ഓയിൽ ഒഴിക്കുന്നത് നല്ലതാണ് പോൽ .
ഷമീം സാറിൻ്റെ കൂടെ ലൈറ്റ് ഹൗസിനു  മുകളിൽ 

മലപ്പുറം ഭാഷയിൽ പറഞ്ഞാൽ നല്ല ചൊറുക്കൻമാരാണ് ( Handsome) അവിടത്തെ യുവാക്കൾ. നല്ല പോസിറ്റിവ് ആറ്റിട്യൂട് ഉള്ള അവരുമായി സംസാരിക്കാൻ തന്നെ ഒരു സുഖമുണ്ട്. ഒരു വൈകുന്നേരം അവരുമായി കുറെ കത്തി വെച്ചു ..
അവിടത്തെ ആളുകൾക്കായി ഫ്രീ ട്യൂഷൻ പോലെയുള്ള കാര്യങ്ങൾ അവർ നടത്തുന്നുണ്ട് . ഷമീം സാറിൻ്റെ കൂടെ ബൈക്കിൽ ഒരു പാട് കറങ്ങി ... ഷമീം ഒഴുക്കോടെ മലയാളവും സംസാരിക്കും. ഒരു ദിവസം ഞങ്ങൾ അവിടത്തെ കണ്ടൽ കാട് ( mangroves ) കാണാൻ പോയ് ... കടലുണ്ടിയിലെ കണ്ടൽ കാടൊന്നും അതിൻ്റെ  നാലയലത്ത് എത്തില്ല .


ദ്വീപിനെ പറ്റി ഇനിയും ഒരു പാട്  എഴുതാനുണ്ട് അത് പിന്നീടൊരിക്കൽ ആവട്ടെ.




Read More......




എഴുത്തിൽ  ചില അക്ഷര പിശാചുകൾ കടന്നു കൂടിയിട്ടുണ്ട് സദയം ക്ഷമിക്കുക 

മിനിക്കോയ് യാത്ര ഒന്നാം ഭാഗം 

Thursday, March 26, 2020

എന്റെ മിനിക്കോയ് യാത്ര

                              My Minicoy Travel Experiences



    ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര അതും മരതകദ്വീപിലേക്ക്. മിനിക്കോയ്ദ്വീപിലേക്കാണ്  പരീക്ഷാഡ്യുട്ടിക്ക്  എന്നെ നിയോഗിച്ചിരിക്കുന്നത് . അത് അറിഞ്ഞത് മുതൽ ഗൂഗിളിലും യൂട്യൂബിലും മിനിക്കോയ് ദ്വീപിനെക്കുറിച്ചുള്ള വിവരങ്ങൾ തിരയാൻ തുടങ്ങി. " ലക്ഷദ്വീപ് സമൂഹത്തിലെ ഒരു ദ്വീപാണ് മിനിക്കോയ് അഥവാ മലിക്കു. മലികു ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മലികു ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു". മഹൽ ഭാഷ സംസാരിക്കുന്ന നിഷ്കളങ്കരായ ഒരുപറ്റം ആളുകൾ താമസിക്കുന്ന ഇടം. ഞാൻ യാത്രക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.

19 -02 -2020,കൊച്ചി


 കപ്പൽ യാത്രക്കുള്ള സ്‌ക്രീനിങ്  കഴിഞ്ഞു. കൃത്യം മൂന്ന് മണിക്ക് പുറപ്പെടേണ്ട എം.വി മിനിക്കോയ് എന്ന കപ്പൽ ചില സാങ്കേതിക കാരണങ്ങളാൽ അനിശ്ചിതമായി വൈകുന്നു. കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ കൃത്യം 6 pm എം.വി മിനിക്കോയ് കൊച്ചിയിൽ നിന്നും ദ്വീപിലേക്കുള്ള യാത്ര തുടങ്ങി.    കൊച്ചിയിൽ നിന്നും ഏകദേശം 400 കി.മി അകലത്തിലാണ് മിനിക്കോയ് ദ്വീപ്. 


എം.വി മിനിക്കോയ്
കപ്പലിൽ ഞാനടക്കം 126 യാത്രക്കാർ. എനിക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റാണ് അലോട്ട് ചെയ്തതെങ്കിലും എൻ്റെ സഹ യാത്രികൻ ജി.എസ് .എസ്.എസ് മിനിക്കോയ് സ്കൂളിലെ പ്രിൻസിപ്പൽ ജി.കെ. മുഹമ്മദ് സാർ എന്നെ അദ്ദേഹത്തിന്റെ ഓണേർസ് കാബിനിലേക്ക് ക്ഷണിച്ചു.(കപ്പൽ ഓണറുടെ  എല്ലാ സൗകര്യവുമുള്ള കാബിനാണ് ഓർണേഴ്‌സ് കാബിൻ എന്ന് ജി.കെ പിന്നീട് എനിക്ക് വിവരിച്ചു തന്നു. ഓണറുടെ അഭാവത്തിൽ ആ ക്യാബിൻ ഏറ്റവും പ്രിവിലേജ് ഉള്ള യാത്രികന് അലോട്ട് ചെയ്യപ്പെടും ).


ജി.കെ യും ഞാനും 
                        യാത്ര തുടങ്ങിയത് മുതൽ കടൽ ശാന്തമാണ്. എങ്കിലും ആദ്യ കപ്പൽ യാത്ര ആയതിനാൽ നേരിയ അസ്വസ്ഥത അനുഭവപെട്ടു. ജി.കെ ഇടക്കിടെ എൻ്റെ സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. എനിക്ക് ആവശ്യമായ ചായയും മറ്റു ഭക്ഷണവും അദ്ദേഹം ഏർപ്പാടാക്കി. ഇത് എഴുതുമ്പോഴും ചൂര മീൻ വറത്തതിന്റെയും മിനിക്കോയ് സ്പെഷ്യൽ പത്തിരിയുടെയും രുചി നാവിൽ നിന്ന് മാറിയിട്ടില്ല. ആതിഥ്യ മര്യാദ എന്താണെന്ന് ജി.കെയിൽ നിന്നും പഠിക്കണം.സ്നേഹിക്കാൻ മാത്രം അറിയുന്ന നിഷ്കളങ്കരായ ദ്വീപുകാരുടെ പ്രതിനിധിയാണ് ജി.കെ എന്ന് നാട്ടുകാർ വിളിക്കുന്ന ജി.കെ. മുഹമ്മദ് സാർ. വശ്യമായ പെരുമാറ്റം കൊണ്ട് ആരുടേയും മനസ്സ് കീഴടക്കും ജി.കെ.



                      ഞാൻ ക്യാബിനിൻ്റെ സൈഡ് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയിരുന്നു കപ്പൽ എഞ്ചിൻ്റെ മുഴക്കവും കടൽ തിരമാലകളുടെ അലയടിയും അല്ലാതെ എല്ലാം ശാന്തം. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. വളരെ ദൂരെ ചെറിയ തോണികളിലെ വെളിച്ചം മാത്രം ഇടയ്ക്കിടെ കാണാനുണ്ട്.
 ചുറ്റും കടൽ......മനുഷ്യൻ എത്ര നിസ്സാരനാണെന്ന് കടൽ യാത്രകൾ നമ്മെ ബോധ്യപെടുത്തുന്നുണ്ട്. ( ആധുനിക സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത്  യൂറോപ്പിലേക്കും മറ്റും കപ്പൽ യാത്ര ചെയ്ത്  അവിടം കണ്ട കാഴ്ചകൾ നമുക്കായ് പങ്കുവച്ച എസ്.കെ.പൊറ്റെക്കാടിനെ നാം അറിയാതെ നമിച്ചു പോകും ).


രാത്രി വൈകിയും ഞാൻ ജി.കെയുമായി മിനിക്കോയ് വിശേഷങ്ങൾ ചോദിച്ചറിങ്ങുകൊണ്ടേയിരുന്നു.അവിടത്തെ,നാട്ടുകാരും,നാട്ടുനടപ്പും,സംസ്കാരവും ഒക്കെ അദ്ദേഹം ഞാനുമായി പങ്കുവച്ചു. സംസാരിച്ചു നേരം പോയതറിഞ്ഞില്ല രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. കപ്പൽ ചെറുതായി ആടി ഉലയുന്നുണ്ട്. വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കടൽ ചെറുതായി ക്ഷോഭിച്ചിരിക്കുന്നു. യാത്രയിൽ ആദ്യമായി എനിക്ക് പേടി തോന്നി. മനസ്സില്ലാ മനസ്സോടെ ഞാൻ ഉറങ്ങാൻ കിടന്നു. രാത്രിയിലെ അന്ത്യയാമങ്ങളിൽ എപ്പോഴോ  ഞാൻ അറിയാതെ ഉറക്കത്തിലേക്ക്.......



കടലിലെ സൂര്യോദയം 
             സുബഹി* നിസ്കാരത്തിനായി ജി.കെ  വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. സമയം കഴിയും തോറും എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കൂടി വന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഞാൻ കപ്പൽ ഡക്കിലേക്ക് കയറി. കടലിൽ നിന്നും സൂര്യനുദിക്കുന്ന അപൂർവ ദൃശ്യത്തിന് സാക്ഷിയായി.              
            ഇപ്പോൾ ഞങ്ങൾ നടുക്കടലിൽ എത്തിയിരിക്കുന്നു. ജി.കെ കപ്പൽ ക്യാപ്റ്റനെ എനിക്ക് പരിചയപ്പെടുത്തി. ഒരു ഫോർട്ട് കൊച്ചിക്കാരൻ. ഞാൻ അദ്ദേഹവുമായി കപ്പൽ നാവികേഷനെ കുറിച്ചു  കുറേ നേരം സംസാരിച്ചു . ഇപ്പോഴുള്ള കപ്പലുകളിൽ ജി.പി.എസ് പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് കപ്പൽ യാത്ര . അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിന്നും 5-6 മണിക്കൂർ യാത്ര ഇനിയുമുണ്ടെന്ന് ഞാൻ മനസ്സിലാക്കി.



        ഞാൻ യാത്ര വിവരണങ്ങൾ വല്ലാതെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. എസ് . കെ പൊറ്റക്കാടിൻ്റെയും സന്തോഷ് ജോർജ് കുളങ്ങരയുടെയും ഒരു ആരാധകനാണെന്ന കാര്യം  ഇവിടെ പങ്കുവെക്കുന്നു. ഓരോ യാത്രയും ഓരോ അനുഭവമാണെന്ന എസ്.കെ യുടെ വാക്കുകൾ എത്ര യാഥാർത്ഥ്യമാണെന്നു ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു,.


കണ്ടത് മനോഹരം കാണാനുള്ളത് അതി മനോഹരം... 

കപ്പലിൽ നിന്നും ബോട്ടിലേക്ക് 
          കപ്പലിൻ്റെ ഡക്കിൽ നിന്നും കര കുറേശ്ശേ കാണാൻ തുടങ്ങി. കടലിൻ്റെ നീല നിറം ഇളം പച്ച കലർന്നിരിക്കുന്നു.. വെള്ളം സ്ഫടിക സമാനം...കപ്പൽ നങ്കൂരം ഇടാൻ പോവുന്നു എന്നുള്ള കപ്പൽ വെൽഫെയർ ഓഫീസറുടെ അനൗൺസ്‌മെന്റ് .... ഇനിയുള്ള എൻ്റെ യാത്ര ബോട്ടിലാണ്.....


   കപ്പൽ നങ്കൂരമിട്ടതിനടുത്തായി ഒരു യാത്രാബോട്ട് അടുപ്പിച്ചു. കപ്പലിൽ നിന്നും ആടിയുലയുന്ന ബോട്ടിലേക്ക് കയർ പിടിച്ചുള്ള ഇറക്കം ശ്രമകരം തന്നെയാണ്. കാൽ തെന്നിയാൽ അഗാധമായ കടലിലേക്ക്.........


            എല്ലായാത്രക്കാരെയും അവരുടെ ലഗേജും കയറ്റിയതിന് ശേഷം ബോട്ട് മിനിക്കോയ് ബോട്ട് ജെട്ടിയെ ലക്ഷ്യമാക്കി നീങ്ങി.


സ്ഫടിക സമാനമായ കടൽ എനിക്ക് പുതിയൊരു അനുഭവമായിരുന്നു. ബോട്ടിലെ സൈഡ് സീറ്റിൽ ഇരുന്നത് കൊണ്ട് കടലിനടിയിലെ പവിഴപ്പുറ്റുകൾ കാണാൻ സാധിച്ചു.പവിഴപുറ്റും അതിലെ വർണ്ണ മത്സ്യങ്ങളും എൻ്റെ  ഭാവനയ്ക്കും അപ്പുറത്തായിരുന്നു....



പഞ്ചാര മണൽ തീരങ്ങൾ 



പഞ്ചാര മണൽ തീരങ്ങൾ
             ബോട്ട് കരയോടടുക്കുംതോറും ദ്വീപിലെ മാത്രം പ്രത്യേകതയായ പഞ്ചാരമണലുകൾ ദൃശ്യമാകാൻ തുടങ്ങി. ബോട്ട് ജെട്ടിയോടടുത്തു. ജെട്ടിയിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു ഒന്നോ രണ്ടോ കാറും വിരലിൽ എണ്ണാവുന്ന മോട്ടോർ ബൈക്കുകളും മാത്രം. വല്ല രോഗികളെയും കയറ്റാനായി പാർക്ക് ചെയ്തിരിക്കുന്ന ഒരു ആംബുലൻസും കാണാം. ഞാനും ജി.കെ സാറും ട്രാവെൽബാഗുമായി ബോട്ടിൽ നിന്ന് ഇറങ്ങി. പെട്ടെന്ന് ദൂരെയായി പാർക്ക് ചെയ്തിരുന്ന ആംബുലൻസ് ഞങ്ങളുടെ അടുത്തേക്ക് വന്നു നിന്നു ഡ്രൈവർ ഇറങ്ങി ട്രാവൽബാഗും ലഗ്ഗേജുമെല്ലാം ആംബുലൻസിലേക്കെടുത്തുവച്ചു ( ഒഫീഷ്യൽ ഡ്യുട്ടിക്ക് വരുന്ന ആളുകളെ കൊണ്ട് പോകാനുള്ള ദ്വീപിലെ ഏക സംവിധാനമാണ് ഈ ആംബുലൻസ് എന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത് ).









തട്ടമിട്ട വനിതാ പോലീസ്


തട്ടമിട്ട വനിതാ പോലീസ്
                തട്ടമിട്ട വനിതാ പോലീസ് , ഇങ്ങനെ ഒരു കാഴ്ച ജീവിതത്തിൽ എനിക്കാദ്യമായിരുന്നു. ദ്വീപിൽ ആകെ ഒരു പോലീസ് സ്റ്റേഷൻ. ഒരു സ്റ്റേഷൻ ഓഫീസറും അഞ്ചു പത്ത് പോലീസുകാരും അവർക്കാണ് മിനിക്കോയ് ദ്വീപിന്റെ ക്രമ സമാധാന ചുമതല. ഒഫീഷ്യൽ ഡ്യൂട്ടിക്കായി ദ്വീപിന് പുറത്തുനിന്ന് വരുന്നവർ പോലീസ് സ്റ്റേഷനിൽ എസ്.എച്.ഒ മുൻപാകെ റിപ്പോർട്ട് ചെയ്യണം ഞാൻ എൻ്റെ ഐ.ഡി.കാർഡും അപ്പോയ്ന്റ്മെൻറ്  ഓർഡറും സ്റ്റേഷൻഓഫീസറിന് കൊടുത്തു. അദ്ദേഹമതിൻ്റെ  നമ്പറും മറ്റു കാര്യങ്ങളും ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി എൻ്റെ  ഒപ്പ് വാങ്ങി. പോലീസ് സ്റ്റേഷന് തൊട്ടടുത്ത് തന്നെയായിരുന്നു എനിക്ക് ഏർപ്പാട് ചെയ്ത ഗവണ്മെന്റ് റെസ്റ്റ് ഹൌസ്.





 സൽക്കാര പ്രിയരായ ദ്വീപുകാർ





          ദ്വീപിൽ ഇറങ്ങിയത് മുതൽ ദ്വീപുകാരുടെ സൽക്കാരം എന്തെന്ന് ഞാൻ  അറിഞ്ഞു .നമ്മുടെ നാട്ടിലെ പുതിയാപ്പിള സൽക്കാരത്തിനെ വെല്ലുന്ന ദ്വീപ് ''തക്കാരങ്ങൾ''. മിനിക്കോയ് ദ്വീപിൽ ചൂരമീൻ ( ട്യൂണ ) ഇല്ലാത്ത ഫുഡ് ഐറ്റംസ് വളരെ കുറവാണ്. ഇവിടെനിന്ന് പോയി അവിടെ സ്ഥിര താമസമാക്കിയ മലയാളികൾ തമാശയായി പറയുന്നത്  സാമ്പാറിൽ പോലും മുരിങ്ങക്ക പോലെ ഒരു ഐറ്റം ചൂര മിനാണെന്നാണ്. ( ചൂര മീൻ അവരുടെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക സ്രോതസ് കൂടിയാണ്. കാൻഡ് ട്യൂണ,ട്യൂണ പുഴുങ്ങി ഉണക്കി ഉണ്ടാക്കുന്ന മാസ്സ്, ട്യൂണ അച്ചാർ,ട്യൂണ ചമ്മന്തി, ബോണ്ടു ( വലിയ ഗോട്ടി പോലെയുള്ള പലഹാരം ) ഇവ ഒക്കെത്തന്നെ പല ദേശങ്ങളിലേക്കും ഇവിടന്ന് കയറ്റിയയക്കുന്നു ).



ചൂര മീൻ 

ചൂരവർഗ്ഗത്തിൽ ഭൂരിഭാഗവും ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് വസിക്കുന്നത്, എന്നാലും ശീതസമുദ്രത്തിലും ചില ചൂരകൾ ആവസിക്കുന്നുണ്ട്. പല വലിപ്പത്തിലുള്ള ചൂരകളുണ്ട്. ഏറ്റവും വലിയ ഇനം പസിഫിക്ക് ബ്ലൂഫിൻ ട്യൂണയാണ് ഇവയ്ക്ക് നാലുമീറ്റർ വരെ നീളവും എണ്ണൂറു കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും.



കീനത്തെ ?

ഇന്ന് ദ്വീപിലെ എൻ്റെ മൂന്നാം ദിവസം. ഇന്നും തക്കാരത്തിനു പോവാനുണ്ട് .
ഇസ്മയിൽക്കയോടൊപ്പം 
അതിനിടയ്ക്കാണ് ദ്വീപ് നിവാസിയായ ഇസ്മായിൽക്കയെ പരിചയപ്പെട്ടത്. ആൾ ഒരു സരസനാണ് എന്നെ കണ്ട പാടെ അദ്ദേഹം എന്നോട് ചോദിച്ചത് കീനത്തെ എന്നാണ്. ആദ്യം എനിക്കൊന്നും പിടികിട്ടിയില്ല. അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു ഹൌ ആർ യു സർ ? മഹൽ ഭാഷയിൽ കീനത്തെ എന്നാൽ  ഹൌ ആർ യു എന്നാണ് പോൽ. ഫൈൻ എന്ന് മഹലിൽ രംഗാളു എന്ന് പറയണം ..( മഹൽ ഭാഷ. പ്രാദേശികമായി "മാലികു ബാസ്" എന്നും അറിയപ്പെടുന്ന മഹൽ (މަހަލް)  ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ ("മാലികു") ആളുകൾ സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയാണ്. മാലിദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവേഹിയുടെ ഒരു വകഭേദമാണിത് ).


    ഇന്ന് വൈകീട്ട് ഇസ്മായിൽക്കയോടൊപ്പം വില്ലേജ് മൂപ്പനെ കാണാൻ പോവണം. 





മിനിക്കോയ് വില്ലേജുകൾ  


പുതിയാപ്പിളയുടെ അറ  
      മിനിക്കോയി ദ്വീപിൽ ആകെ പതിനൊന്ന് വില്ലേജുകളിലായി ഏകദേശം പന്ത്രണ്ടായിരം ആണ്  ജനസംഖ്യ. ഓരോ വില്ലേജിനും ഒരു മൂപ്പനും,മൂപ്പത്തിയും കാണും. വില്ലേജിൻ്റെ കാര്യകർത്താവ് അവിടത്തെ മൂപ്പനാണ്. എല്ലാവരും ഐക്യകണ്ഠേന മൂപ്പനെ തിരഞ്ഞെടുക്കുന്നു. എല്ലാ ആളുകളും മൂപ്പനെ അനുസരിക്കാൻ ബാധ്യസ്ഥരാണ്.ഓരോ വില്ലേജുകളും ചെറിയ നടപ്പാത വഴി വേർതിരിച്ചിരിക്കുന്നു. മരുമക്കത്തായ രീതിയാണ് മിനിക്കോയ് ദ്വീപിൽ ഇപ്പോഴും തുടർന്ന് പോരുന്നത്.   



ഒരു ദ്വീപ് കല്യാണം 
പരീക്ഷ ഡ്യൂട്ടി കഴിഞ്ഞു ... നാട്ടിലേക്കുള്ള കപ്പൽ ഇനി നാല് ദിവസത്തിന് ശേഷമേ ഉള്ളു . ബെന്യാമിൻ പറഞ്ഞത് പോലെ ചില നിർഭാഗ്യങ്ങൾ ഭാഗ്യമാവാറുണ്ടല്ലോ .
രാവിലെ ജി.കെ സാർ എന്നെ ഫോണിൽ വിളിച്ചു. സാർ നമുക്ക് ഒരു കല്യാണത്തിന് പോകാനുണ്ടെന്നു പറഞ്ഞു. കല്യാണം വിളിക്കാതെ പോവുകയോ ? ആദ്യം ഞാനൊന്ന് മടിച്ചു . അവസാനം ജി.കെ യുടെ നിർബന്ധത്തിനു വഴങ്ങി പോവാൻ തന്നെ തീരുമാനിച്ചു.

സ്‌കൂളിലെ ടീച്ചറുടെ കല്യാണമാണ് . അതിൻ്റെ ഒരുക്കത്തിലാണ് ഒരു വില്ലജ് മുഴുവൻ. കല്യാണത്തിന് പെണ്ണുങ്ങൾ എല്ലാം ഒരേ ഡ്രസ്സ് . അതും വളരെ സിമ്പിൾ ഡ്രസ്സ് കോഡ് ... നമ്മുടെ നാട്ടിലെ പൊങ്ങച്ചം ഇനിയും അവിടെ എത്തിയില്ലെന്നു വേണം മനസ്സിലാക്കാൻ. കല്യാണ ചെലവ് മുഴുവൻ വരൻ്റെ വീട്ടുകാരാണ് ... പെൺ വീട്ടിലേക്കുള്ള ഫർണിച്ചറും, ആഭരണവും വസ്ത്രവും ഒക്കെ വരൻ്റെ വീട്ടുകാരുടെ വക.  അവിടെ പെൺകുട്ടികൾ വീട്ടുകാർക്ക് ഒരു ഭാരമാവുന്നെ ഇല്ല... ( ദ്വീപിൽ ചെന്ന്  പെണ്ണ്  കെട്ടാമെന്ന്ള്ള പൂതി അങ്ങ് മനസ്സിൽ വെച്ചാ മതി.. ).  നല്ല മീൻ ബിരിയാണി ... നല്ല റാഹത്തായി......

ശരിക്കും പറഞ്ഞാൽ മിനിക്കോയ് ദ്വീപിൽ പുരുഷൻ മാരെ സ്ത്രീകൾ അവരുടെ വീടുകളിലേക്ക് കെട്ടി കൊണ്ട് പോകുന്നു .

ഡോലിപ്പാട്ട്

സൂഫീ സംഗീതത്തിൻ്റെ ചുവട് പിടിച്ച് ലക്ഷദ്വീപിൽ നൂറ്റാണ്ട് മുമ്പേ പിറവിയെടുത്തതും ഇന്നും ഏറെ ആസ്വാദകരുള്ളതുമായ ഒരു കലയാണ് ഡോലിപ്പാട്ട്, ഇതിൽ ഏറെയും സൂഫിസവുമായി ബന്ധ പ്പെട്ട് ചിട്ടപ്പെടുത്തിയ മനോഹരങ്ങളായ കവിതകളും, വിരുത്തങ്ങളും പാട്ടുകളുമാണ് പാടാറുള്ളത്, എട്ടു  മുതൽ മുകളിലോട്ട് പത്ത് പതിനാറ് വരെ ആളുകൾ ചേർന്നതാണ്  സാധാരണ ഒരു ഡോലിപ്പാട്ട് സംഘം. 

പാട്ടുകാരൻ പാടുമ്പോൾ പാട്ടിന്റെ ശ്രുതി വ്യതിയാനങ്ങൾക്ക് അനുസൃതമായി ഡോലി (ഡോലക്), കൈമണി (ഇലത്താളം), കൈത്താളം എന്നിവയുടെ സമന്വയമാണ് സാധാരണ ഡോലിപ്പാട്ട്, സൂഫീ കവികളാൽ തൗഹീദിൻ്റെ ആഴങ്ങളിൽ നിന്ന് പിറവിയെടുക്കുന്ന സാരസമ്പൂർണമായ  കവിതകൾ . മത്സര ഇനമായും, കല്യാണ വീടുകളിലും, പ്രധാന ആഘോഷ വേളകളിലുമൊക്കെ നടത്തിവരാറുളള ഈ കല പണ്ട് മുതലെ  ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയാണുള്ളത്.




ദ്വീപ് പൊട്ടിക്ക 



 പ്രകൃതി എന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടേയുള്ളു  . നമ്മുടെ നാട്ടിൽ പൊട്ടിക്ക എന്ന് വിളിക്കുന്ന കായ പോലെ തന്നെയുള്ള ഒരു ഫലം ഉണ്ടവിടെ മിനിക്കോയ് ദ്വീപിൽ . ഒരു പൊട്ടിക്ക മെയ്ക്ക്  ഓവർ.. ഇതൊക്കെ എങ്ങിനെയാണ് പ്രകൃതി സംവിധാനിച്ചിരിക്കുന്നതോർത്ത് ആശ്ചര്യപ്പെടുന്നു.

ഭ്രാന്ത് പിടിച്ചു കായ്ച്ച മാതിരിയാണ് അവിടത്തെ മുരിങ്ങ മരങ്ങൾ .. പിന്നെ മുത്തശ്ശി വേപ്പ് മരങ്ങളും യഥേഷ്ടം കാണാം.



Read More.... ......








എഴുത്തിൽ  ചില അക്ഷര പിശാചുകൾ കടന്നു കൂടിയിട്ടുണ്ട് സദയം ക്ഷമിക്കുക